കോഴിക്കോട് ∙ ‘ആദ്യ ദിവസങ്ങളിൽ ഒന്നു കണ്ണടയ്ക്കാൻ പോലും ഭയമായിരുന്നു. കണ്ണടച്ചാൽ മനസ്സിൽ മുഴുവൻ നിറഞ്ഞത് ആ അപകടമാണ്. ശരീരത്തിൽ ട്രാക്ടർ കയറിയിറങ്ങുന്നത് പലതവണ കണ്ടു. ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരം ഉറപ്പാക്കിയില്ലെന്നു മാത്രമല്ല അപകടത്തെക്കുറിച്ച് അയച്ച സന്ദേശങ്ങൾക്കു പോലും അന്നു സഞ്ചരിച്ച ഓൺലൈൻ ബൈക്ക് ടാക്സി കമ്പനി വേണ്ട മറുപടി നൽകിയില്ല. നാളെ എന്താകും എന്നത് എനിക്ക് ഇനിയും അറിയില്ല.’ – ജൂൺ 17 ന് ഓൺലൈൻ ബൈക്ക് ടാക്സി സർവീസായ റാപ്പിഡോയിൽ സഞ്ചരിക്കുമ്പോൾ ബെംഗളൂരുവിൽ അപകടത്തിൽ ശരീരമാസകലം പരുക്കേറ്റ് ശസ്ത്രക്രിയകൾക്കു ശേഷവും കൊടും വേദനയുടെ രണ്ടു മാസം പിന്നിടുന്ന കോഴിക്കോട് കുന്നമംഗലം സ്വദേശി സാനികൃഷ്ണ (32) ഇതു പറയുമ്പോൾ മുഴങ്ങി കേൾക്കുന്നത് രാജ്യമെങ്ങും വേരു പിടിക്കുന്ന ഒരു ഓൺലൈൻ ബൈക്ക് ടാക്സി സർവീസിന്റെ അനാസ്ഥ കൂടിയാണ്.
ഓൺലൈൻ ബൈക്ക് ടാക്സിയിൽ സഞ്ചരിക്കുന്നവർ അറിയാതെ സ്വന്തം സുരക്ഷ പോലും ദുരന്തത്തിൽ ആക്കുന്ന ചതിക്കുഴികൾ അഭിമുഖീകരിക്കേണ്ടി വന്നേക്കുമെന്ന യാഥാർഥ്യത്തിനു കൂടി ഈ സംഭവം അടിവരയിടുന്നു. ഒരു തരത്തിലുമുള്ള സുരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ കൃത്യമായി ഉറപ്പാക്കാതെയാണ് ഈ ഓൺലൈൻ ബൈക്ക് ടാക്സി സർവീസ് നിരത്തുകളിൽ ഓടുന്നതെന്ന സത്യം കൂടിയാണ് ഈ അപകടം വെളിപ്പെടുത്തുന്നത്. ഓൺലൈൻ ബൈക്ക് ടാക്സി സർവീസിൽ നിന്നുണ്ടായ അനാസ്ഥയ്ക്കും ദുരിതങ്ങൾക്കും നഷ്ടപരിഹാരം തേടി ഒരാഴ്ചയ്ക്കുളളിൽ അഭിഭാഷകൻ വഴി ഉപഭോക്തൃ തർക്ക പരിഹാര കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് സാനികൃഷ്ണ. തനിക്കുണ്ടായ അപകടത്തിനു ശേഷം സമൂഹമാധ്യമങ്ങളിലൂടെയും മറ്റും മതിയായ സഹായം ഉറപ്പാക്കുമെന്ന് ആണയിടുന്ന റാപ്പിഡോ അധികൃതരുടേത് പൊള്ളയായ വാക്കാണെന്നും സാനികൃഷ്ണ പറഞ്ഞു.
∙ മരണത്തിൽ നിന്ന് രക്ഷിച്ചത് ആ ഹെൽമറ്റ്
ജൂൺ 17 ന് രാവിലെ ഒൻപതു മണിയോടെയാണ് ബെംഗളൂരുവിൽ ജോലിയെടുത്തു വന്ന സാനികൃഷ്ണ റാപ്പിഡോയിൽ ഓൺലൈൻ ബൈക്ക് ടാക്സി ബുക്ക് ചെയ്യുന്നത്. സാധാരണ സ്വന്തം കാറിലാണ് ഡൊമ്മല്ലൂരിലെ ഓഫിസിലേക്ക് പോകാറുള്ളത്. മുൻപ് ഒരു സുഹൃത്തിനൊപ്പം യാത്ര ചെയ്യാൻ ഒരു ഹെൽമറ്റ് വാങ്ങിയെങ്കിലും അത് അന്ന് ഉപയോഗിക്കാൻ ആയിരുന്നില്ല. രാവിലെ റെഡിയായി ഓഫിസിൽ പോകും മുൻപ് ഡൈനിങ് ടേബിളിനു സമീപം ആ ഹെൽമറ്റ് കണ്ടതോടെയാണ് അന്നത്തെ യാത്ര ഓൺലൈൻ ബൈക്ക് ടാക്സിയിൽ ആക്കിയാലോ എന്നു കരുതിയത്.
ആപ്പിൽ റാപ്പിഡോ റൈഡറിനെ ബുക്ക് ചെയ്തപ്പോൾ തന്നെ അധിക സുരക്ഷയ്ക്കായി വിമൻ സേഫ്റ്റി ഓപ്ഷനും ഓണ്‍ ആക്കി ബൈക്ക് ടാക്സി എത്തിയപ്പോൾ ഓടിച്ചെത്തിയ ആൾ ചട്ടിത്തൊപ്പി പോലെ ഹെൽമറ്റ് എന്നു പേരു മാത്രം വിളിക്കാവുന്ന ഒരു ഹെൽമറ്റ് തന്നു. എന്നാൽ സ്വന്തമായി ഹെൽമറ്റ് ഉണ്ടെന്നു പറഞ്ഞ് അത് ഉപയോഗിച്ചില്ല. ആ തീരുമാനമാണ് ഒരുപക്ഷേ ഇന്ന് താൻ ജീവനോടെ തുടരാനെങ്കിലും ഉപകാരപ്പെട്ടതെന്ന് അപകട ദിവസത്തിന്റെ വേദനയാർന്ന ഓർമ പങ്കുവച്ച് ഫോണിലൂടെ സാനി പറഞ്ഞു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നൽകുന്ന പ്ലീഹ (സ്പ്ലീൻ) അപകടത്തിനു പിന്നാലെ നീക്കം ചെയ്തതിനാൽ മറ്റെല്ലാവരിൽ നിന്നും അകലം പാലിച്ചാണ് സാനി തന്റെ ചികിത്സ മുന്നോട്ടു കൊണ്ടുപോകുന്നത്.
താമസിക്കുന്ന വില്ലയിൽ നിന്ന് വണ്ടി എടുക്കുന്നതിന് മുൻപ് തന്നെ ‘ഭയ്യാ, തനിക്ക് അത്യാവശ്യങ്ങൾ ഒന്നുമില്ല, പത്തു മണിക്ക് ഓഫിസിൽ കയറിയാൽ മതിയെന്നും പതുക്കെ പോയാൽ മതിയാകുമെന്നും പറഞ്ഞിരുന്നു.’’ എന്നാൽ താമസസ്ഥലത്തിന് ഒരു 800 മീറ്റർ അകലെ ഒരു ട്രാക്ടറിനെ അതിവേഗം ബൈക്ക് റൈഡർ മറികടന്നു പോയപ്പോൾ ബൈക്ക് തെന്നിമറിഞ്ഞു. ട്രാക്ടറിന് അടിയിൽപെട്ട എന്റെ മുകളിലൂടെ ട്രാക്ടറിന്റെ വലതു വശത്തെ ടയർ കയറിയിറങ്ങി. ബൈക്ക് ഓടിച്ചയാളെ പിന്നീട് കണ്ടില്ല. വേദനയിൽ പുളഞ്ഞു കിടന്ന തന്നെ ഓടിക്കൂടിയ ചിലർ ഒരു ഓട്ടോയിലാണ് വാരിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്.
വിവരം അറിഞ്ഞ് സുഹൃത്തുക്കളും മറ്റും എത്തി മണിപ്പാൽ ആശുപത്രിയിലേക്ക് മാറ്റിയപ്പോൾ രണ്ടു മണിക്കൂറോളം വൈകിയിരുന്നു. ഒൻപതു വാരിയെല്ലുകൾ പൊട്ടി. തോളെല്ലുകൾ പൊടിഞ്ഞു. നട്ടെല്ലിൽ മാത്രം മൂന്നിടത്ത് പൊട്ടലുണ്ടായി. നട്ടെല്ലിലെ ഒരു ഡിസ്ക് പൂർണമായും തകർന്നു, രണ്ട് ഡിസ്ക്കുകൾ പുറത്തേക്ക് തള്ളി, ചുണ്ട് പൊട്ടി, നാലു പല്ലുകൾ ഇളകി. ഇത്തരത്തിൽ ശരീരമാസകലം പരുക്കേറ്റ് നാലു ദിവസം വെന്റിലേറ്ററിലും ഒൻപതു ദിവസം ഐസിയുവിലും കഴിഞ്ഞ ശേഷമാണ് കോഴിക്കോട്ടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. ആഴ്ചകൾ നീണ്ട ചികിത്സയ്ക്കു ശേഷമാണ് വീട്ടിലേക്ക് എത്തിക്കാനായത്. അപകടത്തിന്റെ ഭാഗമായി ഉണ്ടായ ഈ അവസ്ഥയിൽ ഏറെ വലഞ്ഞിട്ടും നിരവധി തവണ ബന്ധപ്പെട്ടിട്ടും റാപ്പിഡോയുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ലെന്ന് സാനി പറയുന്നു.
∙ ആർക്കും ഓടിക്കാവുന്ന സർവീസ്?
പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും റാപ്പിഡോയിൽ നിന്ന് മറുപടി ലഭിച്ചില്ല. ഒടുവിൽ ഒരു സുഹൃത്ത് നേരിൽ പോയി റാപ്പിഡോ അധികൃതരെ കണ്ടപ്പോൾ ഈ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ റാപ്പിഡോയ്ക്ക് ആകില്ലെന്ന മറുപടിയാണ് ലഭിച്ചത്. സാനി യാത്ര ചെയ്ത ബൈക്കിന് ടാക്സി പെർമിറ്റ് ഇല്ലായിരുന്നു എന്നും അതിനാൽ ഉത്തരവാദിത്തം ഇല്ലെന്നുമായിരുന്നു ആദ്യ മറുപടി. പിന്നീട് സമൂഹമാധ്യമങ്ങളിലും മറ്റും അപകടവാർത്ത നിറയുകയും വക്കീൽ നോട്ടിസ് അയയ്ക്കുമെന്ന് മെയിലിൽ അറിയിക്കുകയും ചെയ്തതോടെയാണ് മെയിൽ വഴി റാപ്പിഡോ അധികൃതരുടെ മറുപടി വന്നത്. മൈക്രോ ഇൻഷുറൻസ് ആപ്പിലൂടെ നഷ്ടപരിഹാരം ലഭിക്കുമെന്നായിരുന്നു ഒരു മറുപടി. എന്നാൽ പിന്നീട് അത് ഉറപ്പിക്കാനാകുന്ന ആശയവിനിമയം ഒന്നുമുണ്ടായില്ല.
ആർക്കും അഞ്ചു മിനിറ്റിനകം റാപ്പിഡോ ആപ് ഡൗൺലോഡ് ചെയ്ത് വാഹനം ഓടിക്കാനുള്ള ‘ക്യാപ്റ്റൻ ഓപ്ഷനി’ലൂടെ വാഹനം ഓടിക്കാനാകുമെന്ന കാരണമാണ് സഹായം നിരസിച്ച് ഒരു റാപ്പിഡോ ഉദ്യോഗസ്ഥൻ ഇതിനു കാരണമായി പറഞ്ഞത്. ആപ്പ് ഉപയോഗിക്കുമ്പോൾ സ്ത്രീകൾക്ക് വിമൻ സേഫ്റ്റി എന്ന ഓപ്ഷൻ കൂടി നോക്കി ഓടിക്കുന്ന വാഹനം തിരഞ്ഞെടുക്കാമെന്നാണ് പറയുന്നത്. അത് കൂടി നോക്കിയാണ് റാപ്പിഡോയിലെ ബൈക്ക് ടാക്സി തിരഞ്ഞെടുത്തതും. എന്നാൽ വാഹനം ഓടിക്കുന്നവരെ കുറിച്ചു പോലും ഉത്തരവാദിത്തമില്ലാത്ത കമ്പനിക്ക് എങ്ങനെ ഈ ഓപ്ഷൻ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്ന് സാനികൃഷ്ണ ചോദിക്കുന്നു. 25 ലക്ഷത്തിലേറെ രൂപ ചികിത്സയ്ക്കു മാത്രം ചെലവായി. അപകടത്തിൽപെട്ടവർക്ക് മൈക്രോ ഇൻഷുറൻസ് ആപ്പ് വഴി നഷ്ടപരിഹാരം നൽകുമെന്നും എന്നാൽ കമ്പനി ഇതിൽ നേരിട്ട് ഇടപെടില്ലെന്നുമാണു റാപ്പിഡോ അധികൃതരെ സുഹൃത്തുക്കൾ വഴി ബന്ധപ്പെട്ടപ്പോൾ അറിഞ്ഞത്. ഇത് പ്രകാരം ഇൻഷുറൻസ് ക്ലെയിം ചെയ്യാൻ തയാറാണെന്ന് അഭിഭാഷകൻ മുഖേന അറിയിച്ചിട്ടും ഒരു മറുപടിയും വന്നില്ല.
∙ ഒറ്റ നിമിഷത്തിൽ മാറിമറിഞ്ഞ ജീവിതം
ബെംഗളൂരുവിൽ ഇന്റീരിയർ ഡിസൈനറായി പ്രവർത്തിക്കുന്നതിനിടെ ആണ് സാനിയുടെ ജീവിതം അട്ടിമറിച്ച അപകടം ഉണ്ടാകുന്നത്. നന്നായി പാടുമായിരുന്ന, നൃത്തം ചെയ്യുമായിരുന്ന, യാത്രകളെ ഇഷ്ടപ്പെട്ട, നിരവധി ജീവിതസ്വപ്നങ്ങൾ കണ്ട ഒരു യുവതിയുടെ ജീവിതമാണ് പൊടുന്നനെ ഒരു അപകടം മാറ്റിമറിച്ചത്.
അപകടത്തോടെ സാനിയുടെ വീട്ടിലെ സാമ്പത്തിക സാഹചര്യവും മോശമായി. ജോലിയിൽ നിന്ന് വിരമിച്ച അച്ഛൻ സനൽകൃഷ്ണനും വീട്ടമ്മയായ നിഷയും സഹോദരനും ഉൾപ്പെടുന്നതാണ് സാനിയുടെ കുടുംബം. അച്ഛന്റെയും സഹോദരന്റെയും തന്റെ 11 വർഷത്തെ സമ്പാദ്യവുമെല്ലാം ചികിത്സയ്ക്ക് ചെലവഴിച്ചതോടെ ദുരിതപർവത്തിലാണ് ഈ കുടുംബം. എല്ലാ ആഴ്ചയിലും ചെക്കപ്പിനും മറ്റുമായി തന്നെ ഇപ്പോഴും നല്ല തുക ചെലവു വരുന്നുണ്ട്. നല്ല തുടർചികിത്സയ്ക്കും മറ്റും എങ്ങനെ പണം കണ്ടെത്തുമെന്ന ആശങ്കയും കുടുംബത്തിനുണ്ട്.
യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സാനിയാണ് ഒരു മുറിക്ക് ഉള്ളിലേക്ക് ഒതുങ്ങിപ്പോയത്. എന്നാൽ മൂന്നു മാസം പൂർണമായും കിടപ്പിലാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നിശ്ചയദാർഢ്യത്തോടെ ഫിസിയോതെറപ്പിയിലൂടെയും മറ്റും കട്ടിലിൽ ചാരിയിരിക്കാനാകുന്ന വിധം സാനി ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്. ഇനിയൊരാൾക്കും ഈ ഗതി വരരുതെന്ന പ്രതീക്ഷയാണ് സാനി പങ്കുവയ്ക്കുന്നത്. അതിനായി നിയമപരമായി ലഭിക്കാവുന്ന ഏതു വഴിയും തേടുമെന്നും സാനി പറയുന്നു. മെച്ചപ്പെട്ട ചികിത്സ ലഭിച്ചാൽ ഇനിയും മികവോടെ മുന്നോട്ടു പോകാമെന്ന ശുഭപ്രതീക്ഷയും സാനിക്കുണ്ട്.






