കല്ല് തലയിലിട്ടു കൊല്ലാൻ ആദ്യ പദ്ധതി, കൊല്ലണമെന്ന് കർശന നിർദേശം; 13 വയസ്സുകാരിയുടേത് പ്രശ്നങ്ങൾ നിറഞ്ഞ ജീവിതം

Spread the love

ഹരിപ്പാട് ∙ ഗൃഹനാഥനെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന പ്രതികൾ ആദ്യം പദ്ധതിയിട്ടത് വീടിന്റെ ഓടു നീക്കി മുകളിൽ നിന്നു ഭാരമുള്ള കല്ല് തലയിലേക്ക് ഇട്ടു കൊലപ്പെടുത്താൻ. എന്നാൽ, വീടിന്റെ മേൽക്കൂരയിൽ കയറി ഓട് നീക്കിയപ്പോഴാണ് മച്ച് ഉണ്ടെന്നു മനസ്സിലായത്. പിന്നീടാണ് ശുചിമുറിയിലൂടെ അകത്തുകയറാൻ തീരുമാനിച്ചതെന്നു പ്രതികൾ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു. 15ന് രാത്രി മാവേലി എക്സ്പ്രസിൽ ഹരിപ്പാട്ടെത്തിയ പ്രതികൾ ബസിൽ കരുവാറ്റയിലിറങ്ങി. ഓട്ടോയിൽ വാടകവീട്ടിൽ എത്തി. വീടിനു പിന്നിലുള്ള ശുചിമുറിയിൽ എക്‌സ്‌ഹോസ്റ്റ് ഫാനിനു വേണ്ടി തുറന്നിട്ടിരുന്ന ചെറിയ ഭാഗത്തുകൂടി മേൽക്കൂരയുടെ ഷീറ്റ് ഉയർത്തി 2 പേർ അകത്തുകയറി.

 

വീടിന്റെ മുൻവാതിൽ അകത്തു നിന്നു തുറന്ന്, മൂന്നാമനെയും അകത്തു കയറ്റി. വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെമർദിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. മരണം ഉറപ്പാക്കിയ ശേഷം അലമാരയിൽ നിന്നു സ്വർണാഭരണങ്ങൾ കവർന്നു. വീട്ടിൽ നിന്നു കവർന്ന 4.5 പവന്റെ സ്വർണാഭരണങ്ങളിൽ 1.5 ഗ്രാം തൂക്കമുള്ള ആഭരണം പ്രതികൾ 16,000 രൂപയ്ക്കു വിറ്റു. ബാക്കി സ്വർണം ഇവരുടെ കയ്യിൽ നിന്നു പൊലീസ് കണ്ടെടുത്തു. വിൽപനയ്ക്കു സഹായിച്ചയാളെ കേസിൽ ഉൾപ്പെടുത്തുമെന്നു പൊലീസ് പറ‍ഞ്ഞു. ഇയാൾക്കു കൊലപാതകത്തിലും കവർച്ചയിലും പങ്കുള്ളതായി നിലവിൽ സൂചനയില്ല.

 

പ്രശ്നങ്ങൾ നിറഞ്ഞ കുടുംബാന്തരീക്ഷം, വിദേശത്തു ജോലി ചെയ്തിരുന്ന അമ്മയുടെ അസാന്നിധ്യത്തിൽ ബന്ധുഗൃഹങ്ങളിൽ മാറിമാറി താമസം, പലതവണ വീട്ടിൽനിന്ന് ഒളിച്ചോട്ടം, മോശം കൂട്ടുകെട്ടുകൾ, ഉറ്റബന്ധുവിൽ നിന്നു മോശം പെരുമാറ്റം – 13 വയസ്സുകാരി കടന്നുപോയ സംഘർഷജീവിതം, ആ പ്രായത്തിനു ചേരാത്ത ക്രൂരമായ കൊലപാതക ആസൂത്രണത്തിൽ നിർണായക ഘടകമായിട്ടുണ്ടാകുമെന്ന് പൊലീസ് നിഗമനം. സ്വർണം കവർന്നാൽ മാത്രം പോരാ, കൊലപ്പെടുത്തണമെന്ന കർശന നിർദേശം, കൊലപാതകം വിഡിയോ കോളിൽ തത്സമയം കണ്ടുള്ള ഉറപ്പുവരുത്തൽ– സംഭവത്തിന്റെ മുഖ്യ ആസൂത്രക ഈ പെൺകുട്ടിയായിരുന്നു.

 

അമ്മയുടെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. അവൾ പിറന്ന് അധികം കഴിയും മുൻപേ വിവാഹബന്ധം വേർപെടുത്തി അമ്മ വിദേശത്തു ജോലിക്കു പോയി. പരവൂരിൽ പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് ശേഷം ആലപ്പുഴയിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി വളർന്നത്. 6–ാം ക്ലാസിൽ പരവൂരിലെ സ്കൂളിലും ഏഴാം ക്ലാസിൽ നെടുങ്ങോലത്തെ സ്കൂളിലുമാണ് പഠിച്ചത്. വീട്ടിൽനിന്ന് അക്രമം നേരിടുന്നതായി ഒട്ടേറെ തവണ സ്കൂളിൽ കുട്ടി പറഞ്ഞിരുന്നു. ഷെൽറ്റർ ഹോമിലേക്കു പോകാൻ താൽപര്യമില്ലാത്തതിനാൽ റിപ്പോർട്ട് ചെയ്യരുതെന്നും അപേക്ഷിച്ചിരുന്നു.

 

വിദേശത്തു പരിചയപ്പെട്ട ആലപ്പുഴ സ്വദേശിയുമായി 2 വർഷം മുൻപ് അമ്മ പുനർവിവാഹം കഴിച്ചു. ഇതോടെ അമ്മ പൂർണമായി തന്നിൽ നിന്ന് അകന്നതായി തോന്നിയെന്നാണ് കുട്ടി പൊലീസിനെ അറിയിച്ചത്. മുൻപ് ഒന്നിലേറെ തവണ വീട്ടിൽ നിന്നിറങ്ങിപ്പോയപ്പോൾ പൊലീസിന്റെ സഹായത്തോടെയാണു കണ്ടെത്തിയത്. വീട്ടിൽനിന്ന് ഭക്ഷണം ലഭിക്കുന്നില്ലെന്നു പറഞ്ഞു കുട്ടി പ്രതികളായ കൗമാരക്കാരുടെ വീട്ടിൽ നിൽക്കുകയും പൊതുപ്രവർത്തകർ ഇടപെട്ട് തിരികെ എത്തിക്കുകയും ചെയ്ത സംഭവവും ഉണ്ടായിട്ടുണ്ട്.

 

നേരത്തേ ആസൂത്രണം

സ്വർണം മോഷ്ടിക്കാൻ പെൺകുട്ടിയും പതിനേഴുകാരനും ചേർന്നു നേരത്തേ പദ്ധതിയിട്ടിരുന്നെന്നു പൊലീസ് പറയുന്നു. ഫോൺ സംഭാഷണങ്ങളിൽ ഇതിന്റെ തെളിവുണ്ട്. 14 നാണ് ബന്ധുവിന്റെ മോശം പെരുമാറ്റത്തെപ്പറ്റി കുട്ടി സുഹൃത്തിനോടു പറഞ്ഞത്. കൊന്നുകളയണമെന്നും നിർദേശിച്ചു. 15ന് രാത്രിയാണു കൂട്ടുകാരനും രണ്ടു സുഹൃത്തുക്കളും ചേർന്നു കൊലപാതകവും കവർച്ചയും നടത്തിയത്

 

ഉറ്റബന്ധു വീടിനുള്ളിൽ മരിച്ചു കിടക്കുമ്പോൾ സ്കൂൾ യൂണിഫോം ധരിച്ച് ഓണപ്പരീക്ഷ എഴുതാൻ ഇറങ്ങിയ പെൺകുട്ടിയുടെ പെരുമാറ്റമാണു പൊലീസിൽ സംശയം ജനിപ്പിച്ചത്. സംഭവദിവസം സുഹൃത്തിന്റെ വീട്ടിൽ താമസിച്ചതു കൊലപാതകസമയത്തു സാന്നിധ്യം ഒഴിവാക്കാനുള്ള പെൺകുട്ടിയുടെ തന്ത്രമാണെന്നു പൊലീസ് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്തപ്പോഴും ഒന്നുമറിയില്ലെന്നായിരുന്നു പെൺകുട്ടിയുടെ പ്രതികരണം. ഒടുവിൽ ഫോൺരേഖകൾ ഉൾപ്പെടെ തെളിവുകൾ കാണിച്ചപ്പോഴാണു കുറ്റം സമ്മതിച്ചത്..

  • Related Posts

    സമൂഹമാധ്യമങ്ങളിലെ അമ്പിളി, പ്രണയ റീലുകൾ; പോക്സോ കേസിൽ യുവാവ് റിമാൻഡിൽ

    Spread the love

    Spread the loveവടക്കാഞ്ചേരി ∙ പോക്സോ കേസിൽ യുവാവ് റിമാൻഡിൽ. കുമ്പളങ്ങാട് പള്ളിയത്തുപറമ്പിൽ വിഘ്നേശ് കൃഷ്ണയാണു (24) പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജയിലിലായത്. സമൂഹമാധ്യമങ്ങളിൽ അമ്പിളി എന്ന പേരിൽ പ്രണയ റീലുകൾ പോസ്റ്റ് ചെയ്യുന്നയാളായിരുന്നു വിഘ്നേശ്.   പീഡനത്തിന് ഇരയായ…

    വ്യവസായിയുടെ കൊലപാതകം: മരുമകൾക്കു പുറമെ മകനും പങ്ക്? കൊലയാളി ഫോണിൽ വിളിച്ചത് 6 തവണ

    Spread the love

    Spread the loveലക്നൗ∙ ഉത്തർ പ്രദേശിലെ കാൺപുരിൽ വ്യവസായിയെ കൊലപ്പെടുത്തിയ സംഭവത്തിൽ മകനും പങ്കെന്ന് സൂചന. ഫാർമസ്യൂട്ടിക്കൽ വ്യവസായിയായ വിനീത് മനോച്ച (63) കൊല്ലപ്പെട്ട സംഭവത്തിലാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. സെപ്റ്റംബർ 5ന് നടന്ന കൊലപാതകത്തിൽ വിനീതിന്റെ മരുമകൾ ഷാലുവിനെയും കൊല…

    Leave a Reply

    Your email address will not be published. Required fields are marked *