തൃപ്പൂണിത്തുറ ∙ അത്തം ഘോഷയാത്രയിൽ ജനശ്രദ്ധയാകർഷിച്ച പ്രധാന കാഴ്ചകളിലൊന്നായിരുന്നു പാഞ്ചാലി വസ്ത്രാക്ഷേപം. നിശ്ചലദൃശ്യത്തിൽ ആകാശത്ത് ഒരു താങ്ങുമില്ലാതെ നിൽക്കുന്ന കൃഷ്ണരൂപം. പാഞ്ചാലിക്കു സാരി നൽകുന്ന രീതിയിൽ അന്തരീക്ഷത്തിൽ ഉയർന്നു നിൽക്കുന്ന കൃഷ്ണൻ കാഴ്ചക്കാരിൽ വലിയ അദ്ഭുതവും കൗതുകവും സൃഷ്ടിച്ചു. ഐരേറ്റിൽ ബ്രദേഴ്സിന്റെ ഈ നിശ്ചല ദൃശ്യത്തിനായിരുന്നു ഇത്തവണ ഒന്നാം സമ്മാനം. വായുവിൽ നിലയുറപ്പിച്ച നിശ്ചലദൃശ്യത്തിനു പിന്നിലെ രഹസ്യവും നിർമാണ രീതിയും വെളിപ്പെടുത്തുകയാണ് അതിന് പിന്നിൽ പ്രവർത്തിച്ച വെൽഡിങ് വർഷോപ് ഉടമ ദിനേശ് കുമാർ. ആളുകളെ അമ്പരപ്പിച്ച ഈ ആകാശക്കാഴ്ചയ്ക്ക് പിന്നിൽ കൃത്യമായ പ്ലാനിങ്ങും സുരക്ഷാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നു.
ലോറിയുടെ പ്ലാറ്റ്‌ഫോമിൽ നിന്ന് ആദ്യം 3 ഇഞ്ച് വീതിയും 1.5 ഇഞ്ച് കനവുമുള്ള 2 ഇരുമ്പ് ട്യൂബുകൾ മുകളിലേക്ക് ഉയർത്തി വെൽഡ് ചെയ്തു. ഇവിടെ നിന്നു കൈയുടെ ആകൃതിയിൽ കമ്പി വളച്ചെടുത്തു. ഷോൾഡറിന്റെ ഭാഗത്തു നിന്നു താഴേക്ക് കാലുകൾ വരെ ഒരിഞ്ചിന്റെ 2 സ്ക്വയർ ട്യൂബുകൾ വീണ്ടും വെൽഡ് ചെയ്ത് ബന്ധിപ്പിച്ചു. ഒരു വ്യക്തിക്കു തുണി തയ്ക്കാൻ അളവെടുക്കുന്നത് പോലെ കൃഷ്ണനായി വേഷമിട്ട നിഖിൽ സത്യനെന്ന കലാകാരനെ നിർത്തി കൃത്യമായി അളവെടുത്താണ് പ്ലേറ്റ് കട്ട് ചെയ്ത് വെൽഡിങ് പൂർത്തിയാക്കിയത്. ഇരുമ്പ് നിർമിതികൾ മുഴുവനായി സാരിയും മറ്റ് വസ്ത്രങ്ങളും ഉപയോഗിച്ച് മറച്ചതോടെ വായുവിൽ നിൽക്കുന്ന കൃഷ്ണൻ മാത്രമായി കാഴ്ചക്കാരുടെ കണ്ണിൽ പതിഞ്ഞു. 60 കിലോഗ്രാം മാത്രമുള്ള നിഖിലിനെ വായുവിൽ നിർത്തുന്നതിന് മുൻപ് സുരക്ഷാ പരിശോധനകളും നടത്തി.
ഒന്നിലധികം ആളുകൾ ഇതിൽ തൂങ്ങി നോക്കിയും, വാഹനം ഓടിച്ചും നിർത്തിയും കുലുക്കം പരിശോധിച്ചും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് കലാകാരനെ ഇതിലേക്ക് കയറ്റിയത്. മുൻപും സമാന രീതിയിൽ അമ്പരപ്പിക്കുന്ന നിശ്ചലദൃശ്യങ്ങൾ ഇവർ നിർമിച്ചിട്ടുണ്ട്. കണ്ണൻ പണ്ടാത്തിൽ, സിബിൽ ജോബ്, ആർ. ശബരിനാഥ്, സുദേവ് വി. അനിൽകുമാർ, കെ.എസ്. പ്രണവ് തുടങ്ങിയവരാണ് നിശ്ചലദൃശ്യത്തിൽ അഭിനയിച്ചത്. ടി.അരുൺ, അജയ് കൃഷ്ണൻ, അശ്വൻ ഭാസി, സിൽബിൻ ജോബ്, അജയ് രഘു, യദു ജയപ്രകാശ്, ഗൗതം കൃഷ്ണ, ബാബു പുളിമൂട്ടിൽ തുടങ്ങിയവരായിരുന്നു പിന്നണിയിൽ.








