തിരുവനന്തപുരം∙ കഠിനംകുളത്ത് കാപ്പ കേസ് പ്രതി സുഹൈല്‍ കനി ഓട്ടം വിളിച്ച ഊബര്‍ ടാക്‌സി തട്ടിയെടുത്ത് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാത്രി സുഹൈല്‍ മൂന്നു പേരെ മര്‍ദിക്കുകയും ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പൊലീസ് തിരയുന്നതിനിടെയാണ് പ്രതി കാര്‍ തട്ടിയെടുത്തു കടന്നത്.
ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് ഇയാള്‍ കാര്‍ ബുക്ക് ചെയ്തത്. പെരുമാതുറ ജംക്‌ഷനിൽ എത്തിയപ്പോള്‍ സുഹൃത്തുക്കള്‍ വരാനുണ്ടെന്നു പറഞ്ഞ് കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ടു. ഡ്രൈവര്‍ തൊട്ടടുത്ത കടയില്‍ ചായ കുടിക്കാന്‍ പോയപ്പോള്‍ സുഹൈല്‍ കാര്‍ തട്ടിയെടുത്തു രക്ഷപ്പെടുകയായിരുന്നു.
ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ വര്‍ക്കല ഭാഗത്തേക്കാണ് ഇയാള്‍ പോയതെന്നു കണ്ടെത്തി. പിന്നീടു നടത്തിയ തിരച്ചിലില്‍ കാര്‍ ചെറിയതുറയില്‍നിന്നു പൊലീസ് കണ്ടെത്തിയെന്നാണു വിവരം. നിരവധി കേസുകളില്‍ പ്രതിയായ സുഹൈല്‍ കനിയെ മുന്‍പ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഒരുതവണ ആറുമാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു.






