ഹൈദരാബാദ് ∙ തെലങ്കാനയിലെ നൽഗൊണ്ടയിൽ സ്കൂൾ പ്രിൻസിപ്പലിന്റെ കൊലപാതകം അന്വേഷിച്ച പൊലീസ് രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ ബുധനാഴ്ച അറസ്റ്റ് ചെയ്തു. പണത്തിനും ആഡംബര ജീവിതത്തിനും വേണ്ടിയാണ് തങ്ങൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയതെന്ന് വിദ്യാർഥികൾ മൊഴിനൽകി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന പബ്ലിക് സ്കൂളിന്റെ പ്രിൻസിപ്പലും ഡയറക്ടറുമായ കല്ലു രൂപ റെഡ്ഡിയെയാണ് ഓഗസ്റ്റ് 12 ന് വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരുടെ ശരീരത്തിൽ 27 ഇടത്ത് കുത്തേറ്റിരുന്നു.
ഹൈദരാബാദിൽനിന്നും ഭർത്താവ് ഫോൺ ചെയ്തപ്പോൾ എടുക്കാതിരുന്നതിനെ തുടർന്ന് അയൽക്കാരെ വിവരം അറിയിച്ചതിനെ തുടർന്നാണ് കൊലപാതകം പുറത്തറിഞ്ഞത്. അയൽക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ, വിരലടയാളങ്ങൾ, ഫോൺകോളുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. 80 ലധികം പേരെ കേസിൽ പൊലീസ് ചോദ്യം ചെയ്തു.
എന്നാൽ മരിക്കുന്നതിനു മുൻപ് രൂപ റെഡ്ഡി ഭർത്താവിന്റെ മാതാവിനെ ഫോൺ ചെയ്തിരുന്നു. സംഭാഷണത്തിനിടെ ‘ബാബു’ എന്ന വാക്ക് പറഞ്ഞിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇത് കേസന്വേഷണത്തിൽ തുമ്പായി മാറി. ആരാണ് ബാബു എന്ന അന്വേഷണം സ്കൂൾ വിദ്യാർഥികളിൽ എത്തുകയായിരുന്നു. സംഭവദിവസം സ്കൂളിൽ വരാതിരുന്ന 5 വിദ്യാർഥികളിലേക്ക് അന്വേഷണം ചുരുങ്ങി. അതിൽ രണ്ട് പേർ കുറച്ച് ദിവസങ്ങളായി ധാരാളം പണം ചെലവഴിക്കുന്നതും പൊലീസ് കണ്ടെത്തി. തുടർന്ന് രണ്ട് വിദ്യാർഥികളെയും ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
മുൻപ് സ്കൂളിലെ ഹോസ്റ്റലിൽ മോഷണം നടത്തിയതിനു പ്രിൻസിപ്പൽ വിദ്യാർഥികളെ ശകാരിച്ചിരുന്നു. ഇതിന്റെ ദേഷ്യം ഇവർക്ക് പ്രിൻസിപ്പലിനോടുണ്ടായിരുന്നു. അതേസമയം പ്രിൻസിപ്പലിനെ കൊലപ്പെടുത്താൻ ഉദ്ദേശിച്ചില്ലെന്നും മോഷണമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും വിദ്യാർഥികൾ പൊലീസിനു മൊഴി നൽകി. 2.50 ലക്ഷം രൂപ വിദ്യാർഥികൾ വീട്ടിൽനിന്നും കവർന്നിരുന്നു. എന്നാൽ കവർച്ച സംഘത്തിലെ ഒരാളെ പ്രിൻസിപ്പൽ തിരിച്ചറിഞ്ഞതോടെ പിടിക്കപ്പെടാതിരിക്കാൻ കൊലപ്പെടുത്തുകയായിരുന്നു. ഇതിനു ശേഷം വിദ്യാർഥികൾ മോഷ്ടിച്ച തുകയുമായി ഗോവയിൽ പോവുകയും ഐഫോൺ വാങ്ങുകയും ചെയ്തു. 1.54 ലക്ഷം രൂപ പ്രതികളിൽനിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.







