തളിപ്പുഴ ∙ ഓണക്കാല സീസൺ മുതലെടുത്തു വയനാട് ജില്ലയിലെ സ്പാ സെന്ററുകൾ കേന്ദ്രീകരിച്ചു ലഹരി വിൽപന നടത്തുന്ന സംഘം സജീവം. തളിപ്പുഴയിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 2.229 ഗ്രാം എംഡിഎംഎയുമായി താമരശ്ശേരി സ്വദേശി വി.സി. സായൂജ് (36) എന്നയാളെ പിടികൂടി. ലഹരിമരുന്ന് വിൽപനയ്ക്കായി ഉപയോഗിച്ച മൊബൈൽ ഫോണും ലഹരിവിൽപനയിലൂടെ ലഭിച്ച 10,000 രൂപയും എക്സൈസ് സംഘം പിടിച്ചെടുത്തു. സ്പായിൽ മസാജ് ചെയ്യുന്നതിനെത്തുന്നവരെ ലക്ഷ്യമിട്ടാണു ലഹരിവിൽപന.
മറ്റു ജില്ലകളിൽനിന്നുൾപ്പെടെയുള്ളവർ അടങ്ങിയ വൻ റാക്കറ്റാണ് ഇതിനു പിന്നിലുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. വൈത്തിരി, ബത്തേരി താലൂക്കുകളിലാണു കൂടുതൽ സ്പാ സെന്ററുകളുടെയും പ്രവർത്തനം. ജില്ലയിലെ ടൂറിസം മേഖലയിൽ കൂടുതൽ സ്പാ സെന്ററുകൾ ഉയരുന്നത് ഒട്ടേറെപ്പേർക്ക് ഉപജീവനമാർഗമാണ്. എന്നാൽ, നിയമവിധേയമായും അനുമതികളോടെയും പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾക്കുപോലും ചീത്തപ്പേരുണ്ടാക്കുന്ന തരത്തിലാണു ലഹരിസംഘങ്ങൾ വലയൊരുക്കുന്നത്.
പണമുണ്ടാക്കാൻ എളുപ്പവഴി
സ്ത്രീകളടക്കമുള്ളവർ ലഹരിക്കടത്തിലെ കണ്ണികളാകുന്നു. പെട്ടെന്നു പണമുണ്ടാക്കാമെന്നതും അത്ര പെട്ടെന്ന് പിടിവീഴില്ലെന്നതുമാണു ലഹരിക്കടത്തിലേക്ക് ഇവരെ ആകർഷിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. മാനസികമായ ഉന്മേഷത്തിനും വിശ്രമത്തിനുമായി സ്പാകളിൽ എത്തുന്നവർക്ക്, ഇവരുടെ ഇടപെടലിലൂടെ ലഹരിമരുന്നുകൾ പരിചയപ്പെടുത്തുകയും തുടർന്ന് വിൽപന നടത്തുകയുമാണ് ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന സഞ്ചാരികളാണ് പ്രധാന ഉന്നം. ചോദിക്കുന്ന പണം ലഭിക്കുമെന്നതും പിന്നീട് തുടർച്ചയായി ബന്ധം സ്ഥാപിക്കുന്നതിലൂടെ മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ള ലഹരിക്കടത്ത് എളുപ്പമാക്കാമെന്നതുമാണ് കാരണം. കഞ്ചാവിനു പുറമേ എംഡിഎംഎ, എൽഎസ്ഡി, കെറ്റമിൻ, മെത്താംഫെറ്റമിൻ തുടങ്ങിയ രാസലഹരികളും വിറ്റഴിക്കുന്നു. സിന്തറ്റിക് കനാബിസും ആളുകൾ ലഹരിക്കായി ഉപയോഗിക്കുന്നുണ്ട്.
പ്രാദേശിക ഏജന്റുമാരും സജീവം
ലഹരിമരുന്നുകൾ വിതരണം ചെയ്യുന്നതിനായി പ്രാദേശികമായി ഏജന്റുമാരെ നിയമിക്കുകയും മുകളിലുള്ള സംഘം ഇവരിലേക്ക് സാധനങ്ങൾ എത്തിക്കുകയും ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ ആളുകളെ ചോദ്യം ചെയ്യാനിരിക്കുകയാണ് എക്സൈസ്. ഓപ്പറേഷൻ തണ്ടറിന്റെയും ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെയും ഭാഗമായി കൽപറ്റ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. ജിഷ്ണുവും സംഘവുമാണ് വൈത്തിരി തളിപ്പുഴ ഭാഗത്ത് റെയ്ഡ് നടത്തിയത്.പരിശോധനയിൽ അസി. എക്‌സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജി. അനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. മുഹമ്മദ് മുസ്‌തഫ, എം.വി. പ്രജീഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ എസ്.എസ്. ജിജി എന്നിവർ പങ്കെടുത്തു.
ലഹരിവിൽപന സംഘത്തിലെ മറ്റു കണ്ണികളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ വൈത്തിരി സബ് ജയിലിൽ റിമാൻഡ് ചെയ്തു.ഓണക്കാലത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും സ്പാ സെന്ററുകളിലും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ലഹരിമാഫിയ കൂടുതൽ സജീവമാകാൻ സാധ്യതയുണ്ടെന്ന് എക്സൈസ് മുന്നറിയിപ്പ് നൽകി. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളും ജീവനക്കാരും ഈ കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ പൊലീസിലോ എക്സൈസിലോ വിവരം നൽകണമെന്നും അധികൃതർ അറിയിച്ചു.








