മസ്കത്ത്∙ ഒമാനിലെ ഇബ്രയിൽ വ്യക്തിവൈരാഗ്യത്തെ തുടർന്നുണ്ടായ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമാൻ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
അൽ ഹൈമ പ്രദേശത്താണ് പ്രതി മൂന്ന് സ്വദേശി പൗരന്മാർക്ക് നേരെ വെടിയുതിർത്തത്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരാൾ വൈകാതെ മരിച്ചു. മുൻപുണ്ടായ തർക്കങ്ങളാണ് വെടിവയ്പ്പിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളതെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. കേസിൽ തുടരന്വേഷണവും നിയമനടപടികളും പുരോഗമിക്കുകയാണ്.







