ലക്നൗ ∙ വിൽപനയ്ക്കു വച്ചിട്ടുള്ള ആഹാര സാധനങ്ങളിൽ വ്യാപകമായി മായം ചേർക്കുന്നു എന്ന പരാതിയെ തുടർന്നു രാജ്യ വ്യാപകമായി പരിശോധനകൾ വർധിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിലെ ഹാമിർപുരിലെ ഒരു മധുരപലഹാരക്കടയിൽ നടന്ന റെയ്ഡിൽ സ്വന്തം കടയിലെ ആഹാരം കഴിക്കാൻ ഉടമ വിസമ്മതിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മായം ചേർത്ത മധുരപലഹാരങ്ങൾ വിൽപന നടത്തുന്നു എന്ന പരാതിയെ തുടർന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇവിടെ റെയ്‌ഡിനിറങ്ങിയത്.
സബ് ഡിവിഷനൽ മജിസ്ട്രേട്ട് (എസ്ഡിഎം) ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥരെയും പൊലീസിനെയും കൂട്ടിയാണ് മധുരപലഹാരക്കടയിൽ പരിശോധനയക്ക് എത്തിയത്. ഇവിടെ വച്ചു സംഘത്തിലെ ഒരു ഉദ്യോഗസ്ഥൻ കടയിൽനിന്നും മധുരപലഹാരം എടുത്ത് ഉടമയ്ക്കു നൽകി കഴിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ വ്യാപാരി അതു കഴിക്കാൻ കൂട്ടാക്കാതെ കൈകൾ കൂപ്പി നിൽക്കുകയായിരുന്നു. ഇതേത്തുടർന്ന് പലഹാരങ്ങളുടെ സാംപിളുകൾ ശേഖരിക്കുകയും ബാക്കിയുള്ള വിൽപന നടത്താതെ ഉപേക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.








