തമിഴ്നാട്ടിലെ കോയമ്പത്തൂർ ജില്ലയിലുള്ള ജിമ്മുകളിലും ഫിറ്റ്നസ് കേന്ദ്രങ്ങളിലും കർശന പരിശോധനയുമായി പോലീസും ഡ്രഗ് കൺട്രോൾ വിഭാഗവും. ഹൃദയസംബന്ധമായ രോഗങ്ങൾക്കായി നൽകുന്ന മെഫെന്റർമൈൻ ഉത്തേജക മരുന്നായി ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.
ജിമ്മുകളിൽ വർക്കൗട്ട് ചെയ്യാനെത്തുന്ന യുവാക്കൾക്കിടയിൽ മെഫെന്റർമൈന്റെ നിയമവിരുദ്ധമായ ഉപയോഗമുണ്ടെന്നായിരുന്നു കണ്ടെത്തിയത്. മേട്ടുപാളയത്തിന് സമീപമുള്ള ഒരു ജിമ്മിൽ നിന്ന് കോയമ്പത്തൂർ ജില്ലാ റൂറൽ പോലീസ് അടുത്തിടെ മെഫെന്റർമൈൻ പിടിച്ചെടുത്തിരുന്നു. മരുന്ന് പിടിച്ചെടുത്തതിനു പിന്നാലെ ഇതിന്റെ ദുരുപയോഗം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും വിതരണ ശൃംഖല കണ്ടെത്താനും പൊലീസിനും ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ വകുപ്പിനും ജില്ലാ കളക്ടർ നിർദ്ദേശം നൽകി.

കുത്തിവെക്കുന്ന രൂപത്തിലുള്ള ഈ മരുന്ന് ദുരുപയോഗം ചെയ്യുന്നത് ഗുരുതരമായ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും ചില സന്ദർഭങ്ങളിൽ മരണം സംഭവിക്കുന്നതിനും കാരണമാകുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കായികക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള ലഹരിയായി ഈ മരുന്ന് ചിലർ ഉപയോഗിക്കുന്നുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.
രക്തസമ്മർദം കുറയുന്നത് തടയിടാനാണ് മെഫെന്റർമൈൻ നൽകിവരുന്നത്. പൊതുവേ ശസ്ത്രക്രിയാ വേളകളിലാണ് നൽകുക. മരുന്ന് ഉപയോഗിക്കുന്നതിലൂടെ നോർഅഡ്രിനാലിന്റെ ഉത്പാദനം ഉത്തേജിപ്പിക്കപ്പെടുകയും ഹൃദയത്തിന്റെ പ്രവർത്തനക്ഷമത വർധിക്കുകയും രക്തസമ്മർദ്ദം പെട്ടെന്ന് ഉയരുകയും ചെയ്യും.
ജില്ലയിലെ ഫാർമസികളിൽ മെഫെന്റർമൈന്റെ സ്റ്റോക്കും വിതരണവും പരിശോധിക്കാൻ ഡ്രഗ് ഇൻസ്പെക്ടർമാരോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കോയമ്പത്തൂർ സോൺ ഡ്രഗ്സ് കൺട്രോൾ അസിസ്റ്റന്റ് ഡയറക്ടർ എസ്. മാരിമുത്തു പറഞ്ഞു. ചട്ടങ്ങൾ ലംഘിച്ചതിന് പൊള്ളാച്ചി, സുളൂർ, മടുക്കര, ശരവണൻപട്ടി, പെരിയനായ്ക്കൻപാളയം എന്നിവിടങ്ങളിലെ ആറ് ഫാർമസികൾക്കെതിരെ ഓഗസ്റ്റിൽമാത്രം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.