പത്തനംതിട്ട ∙ ക്ഷേത്ര ഭൂമിയിലെ മരങ്ങൾ മുറിച്ചു കടത്തിയ താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടു. സബ് ഗ്രൂപ്പ് ഓഫിസർ എൽ.രാധാകൃഷ്ണനെയും ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. റാന്നി ഭഗവതികുന്ന് ദേവീക്ഷേത്രത്തിലെ മൂന്ന് തേക്ക്, രണ്ട് ആഞ്ഞിലി, 5 വട്ട, ഒരു മഞ്ചാടി, ഒരു തെങ്ങ് എന്നിവയാണു ദേവസ്വം ബോർഡിന്റെ അനുമതി ഇല്ലാതെ ജീവനക്കാർ വെട്ടിവിറ്റത്.
ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസർ നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപടിയെടുത്തത്. റാന്നി രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായ അഭിജിത്ത് എ.നായരാണു മരം മുറിച്ചത്. അയൽവാസിയുടെ വീടിനു മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ മാറ്റാൻ കലക്ടർ നൽകിയ അനുമതിയുടെ മറവിലാണു മരംമുറി നടന്നത്. അഭിജിത്തിന്റെ നേതൃത്വത്തിൽ തേക്ക്, ആഞ്ഞിലി, മഞ്ചാടി, വട്ട തുടങ്ങിയവ മുറിക്കുകയായിരുന്നു.
ഭഗവതികുന്ന് ക്ഷേത്രത്തിലെ ഉത്സവ സമയത്ത് എല്ലാവരും അതിന്റെ ശ്രദ്ധയിൽ ആയപ്പോൾ ഇവർ വണ്ടിയുമായി എത്തി നല്ല തടികൾ കയറ്റിക്കൊണ്ടുപോയി. പരാതിയെ തുടർന്ന് ആറന്മുള അസി. കമ്മിഷണർ സൈനുരാജ് പ്രാഥമിക അന്വേഷണം നടത്തി. സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ ദേവസ്വം വിജിലൻസ് എസ്പി സുനിൽകുമാർ അന്വേഷണം നടത്തി.
ഇതിൽ ഒരു തേക്ക് ഉൾപ്പെടെ ഒന്നര ലക്ഷം രൂപയ്ക്കു ചെറുകോൽ സ്വദേശിക്കു വിൽപന നടത്തിയതായി കണ്ടെത്തുകയായിരുന്നു. ശബരിമല സ്പെഷൽ കമ്മിഷണർ സംഭവം ഹൈക്കോടതിയെയും അറിയിച്ചു. തുടർന്നാണു താൽക്കാലിക ശാന്തിക്കാരനെ പിരിച്ചുവിട്ടതും സബ് ഗ്രൂപ്പ് ഓഫിസറെ സസ്പെൻഡ് ചെയ്തതും. ഇരുവർക്കും എതിരെ ആറന്മുള അസി.കമ്മിഷണർ സൈനു രാജ് റാന്നി പൊലീസിൽ പരാതി നൽകി.






