മുൻമന്ത്രി പങ്കെടുത്ത കൂട്ടയോട്ടം; മിലിന്ദ് സോമൻ പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി, 15.34 ലക്ഷം നൽകിയെന്ന് ഏജൻസി

Spread the love

തൊടുപുഴ∙ പണി പൂർത്തിയാക്കിയ മലയോര ഹൈവേയിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപു നടത്തിയ കൂട്ടയോട്ടത്തിന്റെ കണക്കുകളിൽ വൈരുധ്യം. ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഒരു രൂപ പോലും പ്രതിഫലം വാങ്ങിയില്ലെന്നു കിഫ്ബി പറയുമ്പോൾ പരിപാടിയുടെ ഉപകരാർ ഏറ്റെടുത്ത ഐടി പ്രഫഷനൽസ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ (ഐടിപിസിഒഎസ്) കണക്കിൽ 15.34 ലക്ഷം രൂപ അദ്ദേഹത്തിനു നൽകിയതായി കാണിക്കുന്നു. കാസർകോട് സ്വദേശി മുഹമ്മദ് അഷ്റഫിനു വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടികളിലാണ് സാമ്പത്തിക ക്രമക്കേട് സംശയിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

 

ആർട്ടിസാൻസ് ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ് (എആർടിസിഒ) എന്ന സർക്കാർ ഏജൻസി, ഐടിപിസിഒഎസിന് ഉപകരാർ നൽകുകയായിരുന്നു. ഇവർ പുഷ് 360 എൽഎൽപി എന്ന സ്വകാര്യ ഏജൻസിക്ക് വീണ്ടും ഉപകരാർ നൽകി. പരിപാടിക്കായി കിഫ്ബിയിൽനിന്ന് നികുതി ഉൾപ്പെടെ 1,07,79,300 രൂപ ലഭിച്ചു. എന്നാൽ പുഷ് 360 എൽഎൽപിയുടെ ബില്ലും ഐടിപിസിഒഎസിന്റെ സർവീസ് ചാർജും കൂട്ടിയാലും 87 ലക്ഷം രൂപ മാത്രമാണ് കണക്കിൽ പെടുത്തിയിരിക്കുന്നത്. ബാക്കി തുക എവിടെപ്പോയെന്നുള്ളതിനു കണക്കില്ല. കഴിഞ്ഞ മാസം പുറത്തുവന്ന കിഫ്ബിയുടെ കണക്ക് പ്രകാരം പരിപാടിയുടെ ആകെ ചെലവ് 91.35 ലക്ഷം രൂപയാണ്.

 

മിലിന്ദ് സോമന് 15.34 ലക്ഷം രൂപ നൽകിയതിനൊപ്പം ഇവന്റ് പ്ലാനിങ്ങിനു മാത്രമായി 15 ലക്ഷം രൂപ ചെലവായതായും കണക്കിൽ പറയുന്നു. ടി–ഷർട്ട്, തൊപ്പി, ബാഗ് എന്നിവയ്ക്കായി 4.5 ലക്ഷം രൂപയും നൽകി. സോഷ്യൽ മീഡിയ പ്രചാരണത്തിനായി 11 ലക്ഷം രൂപ, വിമാന ടിക്കറ്റ് ഇനത്തിൽ ഒരു ലക്ഷം രൂപ, ബൈക്ക് റൈഡേഴ്സ് ചെലവായി 2.50 ലക്ഷം രൂപ എന്നിവയും ബില്ലിൽ കാണിക്കുന്നു. ആകെ ചെലവായ തുകയിൽ 19.90 ലക്ഷം രൂപയും പണമിടപാടാണ്. ഇത് സാമ്പത്തിക സുതാര്യതയെ ബാധിക്കുമെന്നും ആരോപണമുണ്ട്.

 

മലയോര ഹൈവേയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് കിഫ്ബി 2026 ഫെബ്രുവരി 22നാണ് കുട്ടിക്കാനം മുതൽ കട്ടപ്പന വരെ ‘ഹിൽ ഹൈവേ റൺ’ കൂട്ടയോട്ടം സംഘടിപ്പിച്ചത്. കുട്ടിക്കാനത്തുനിന്ന് ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റർ മിലിന്ദ് ഓടി. മുൻ മന്ത്രി റോഷി അഗസ്റ്റിനും പങ്കാളിയായി. തുടർന്ന് റോഷി ഓടിച്ച, തുറന്ന ജീപ്പിൽ മിലിന്ദ് കട്ടപ്പന ഇടുക്കി കവല വരെ സഞ്ചരിച്ചു. കട്ടപ്പന മിനി മുനിസിപ്പൽ സ്റ്റേഡിയം വരെ ഓടി. ഷൂസ് ഇല്ലാതെ മിലിന്ദ് ഓടിയത് ചർച്ചയായിരുന്നു. മികച്ച റോഡ് ആയതിനാൽ ഷൂ വേണ്ട എന്ന തരത്തിലും പ്രചാരണമുണ്ടായി. കുട്ടിക്കാനം മുതൽ പുളിയന്മല വരെ 40.050 കിലോമീറ്ററിലാണ് മലയോര ഹൈവേ.

  • Related Posts

    സ്വർണവുമായി പോയ യുവാവ് തിരിച്ചെത്തിയില്ല; ചെന്നൈയിൽ എത്തിയതായി വിവരം

    Spread the love

    Spread the loveകോഴിക്കോട് ∙ വീട്ടിൽ നിന്നു സ്വർണവുമായി പോയ യുവാവ് തിരികെ എത്തിയില്ലെന്നു പൊലീസിൽ പരാതി. ബന്ധുക്കളുടെ പരാതിയിൽ ടൗൺ പൊലീസ് അന്വേഷണം തുടരുന്നു. മടവൂർ മുട്ടാഞ്ചേരി കൊല്ലരുകണ്ടിപ്പുറായിൽ അതുൽരാജിനെ (30) കണ്ടെത്താൻ പൊലീസ് തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചു. ഡ്രൈവറാണ്…

    ‘അയാൾ വെറ്റില മുറുക്കും…’; നിർണായകമായി മൊഴി, സ്കൂട്ടറിൽ എത്തി 12 പെൺകുട്ടികളെ ഉപദ്രവിച്ചയാൾ പിടിയിൽ

    Spread the love

    Spread the loveശാസ്താംകോട്ട (കൊല്ലം) ∙ സ്കൂട്ടറിൽ കറങ്ങിനടന്ന്, വഴിയാത്രക്കാരായ പെൺകുട്ടികളെ കടന്നുപിടിച്ച് ഉപദ്രവിച്ച ശേഷം കടന്നുകളയുന്ന യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി. നെടുവത്തൂരിൽ കോഴിക്കട നടത്തുന്ന പുത്തൂർ ആലയ്ക്കൽ ജംക്‌ഷനു സമീപം ചെറുമങ്ങാട് കുഴിയിൽ പുത്തൻവീട്ടിൽ ലിജോ ജോസഫ് (33)…

    Leave a Reply

    Your email address will not be published. Required fields are marked *