തൃശൂർ: സ്വരാജ് റൗണ്ടിൽ ആദ്യത്തെ ചെണ്ടമേളത്തിന്റെ മുഴക്കം ഉയരുമ്പോഴേക്കും വിയ്യൂർ യുവജന സംഘം, കുട്ടംകുളങ്ങര, പാട്ടുരായ്ക്കൽ, സീതാറാം മിൽ, ചക്കമുക്ക്, കണാട്ടുകര, ഒളരിക്കര, ശങ്കരംകുളങ്ങര, അയ്യന്തോൾ എന്നീ ഒൻപത് പ്രമുഖ ദേശങ്ങളിലെ പുലികൾ തങ്ങളുടെ വേഷപ്പകർച്ച പൂർത്തിയാക്കിക്കഴിഞ്ഞിരിക്കും. അവരെ സംബന്ധിച്ചിടത്തോളം പുലിക്കളി എന്നത് വെറുമൊരു ഓണാഘോഷ കാഴ്ച മാത്രമല്ല; അതൊരു പാരമ്പര്യമാണ്, നാടിന്റെ ആഘോഷമാണ്, വലിയ ചെലവേറിയൊരു ആത്മസമർപ്പണമാണ്.
നാലാം ഓണനാളിൽ തൃശൂർ വീണ്ടും വരകളും മീശകളും കുടവയറുകളും ചെണ്ടമേളത്തിന്റെ പെരുമ്പറയുമായി ചലിക്കുന്ന ഒരു കൂറ്റൻ ചിത്രശാലയായി മാറും. നഗരത്തിലേക്ക് നൂറുകണക്കിന് പുലികളാണ് വിവിധ ദേശങ്ങളിൽ നിന്നായി ഇരച്ചെത്തുന്നത്. രണ്ട് നൂറ്റാണ്ടോളം പഴക്കമുള്ള ഈ നാടോടി കലാരൂപം ഇന്നും തൃശൂരിന്റെ ഏറ്റവും ശക്തമായ സാംസ്കാരിക അടയാളമായി നിലകൊള്ളുന്നു. വർണ്ണാഭമായ ഈ കാഴ്ചയ്ക്ക് പിന്നിൽ ആഴ്ചകളോളം നീളുന്ന കലാകാരന്മാരുടെ കഠിന പരിശീലനത്തിന്റെയും, ലക്ഷക്കണക്കിന് രൂപ സ്വരൂപിച്ച് രംഗത്തിറങ്ങുന്ന സംഘാടകരുടെയും വലിയൊരു കഥയുണ്ട്.
രാജകൊട്ടാരത്തിൽ നിന്ന് സ്വരാജ് റൗണ്ടിലേക്ക്
കൊച്ചി രാജാവായിരുന്ന രാമവർമ്മ ശക്തൻ തമ്പുരാന്റെ ഭരണകാലത്താണ്, അതായത് 200 വർഷങ്ങൾക്ക് മുൻപാണ് പുലിക്കളിയുടെ തുടക്കമെന്ന് ചരിത്രം പറയുന്നു. അന്നത്തെ ആഘോഷങ്ങളുടെ ഭാഗമായി അദ്ദേഹം ഈ കലാരൂപത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നാണ് വിശ്വാസം. പിന്നീട് തൃശൂർ ഇതിന് തനതായൊരു രൂപഭാവം നൽകുകയും, ഓണാഘോഷങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി പുലിക്കളിയെ മാറ്റിയെടുക്കുകയും ചെയ്തു. ഒരു നാടൻ വിനോദമായി തുടങ്ങിയ പുലിക്കളി ഇന്ന് ലോകം മുഴുവൻ ഉറ്റുനോക്കുന്ന ഒരു ബൃഹദ് ജനകീയ വിസ്മയമായി മാറിയിരിക്കുന്നു. ശരീരത്തിൽ ചായം പൂശിയും, മുഖംമൂടികൾ ധരിച്ചും, താളാത്മകമായി ചുവടുവെച്ചുമാണ് കലാകാരന്മാർ പുലികളുടെ ഭാവങ്ങൾ അനുകരിക്കുന്നത്. തിരയിളക്കം സൃഷ്ടിക്കുന്ന വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ദേശങ്ങളുടെ പുലിക്കൂട്ടങ്ങൾ സ്വരാജ് റൗണ്ടിലേക്ക് കേന്ദ്രീകരിക്കുന്നത്. തലമുറകളായി തൃശൂരുകാരുടെ ആത്മാഭിമാനവും സ്വത്വവുമാണ് പുലിക്കളി.
ഒരു പുലി പിറവിയെടുക്കുന്നതിന് പിന്നിലെ അധ്വാനം
ഒരു സാധാരണ മനുഷ്യനെ പുലിയാക്കി മാറ്റുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ചായം പൂശുന്നതിന് മുൻപായി ശരീരത്തിലെ രോമങ്ങൾ മുഴുവൻ നീക്കം ചെയ്യണം. ആദ്യം ഒരു ബേസ് കോട്ട് അടിച്ച ശേഷം അതിന് മുകളിലാണ് വരകളും പുള്ളികളും വരച്ചുചേർക്കുന്നത്. ഈ ചായംപൂശൽ പൂർത്തിയാക്കാൻ തന്നെ അഞ്ച് മുതൽ ഏഴ് മണിക്കൂർ വരെ സമയം വേണ്ടിവരും. സീതാറാം ദേശത്തിലെ കെ. കേശവദാസ് വ്യക്തമാക്കുന്നത് പോലെ, ഒരു പുലിക്കളി കലാകാരന്റെ തയ്യാറെടുപ്പുകൾ പുലർച്ചെ നാല് മണിക്ക് ആരംഭിച്ചാൽ അർദ്ധരാത്രിയോടെ മാത്രമേ ശരീരത്തിലെ ചായം കഴുകി കളയാൻ സാധിക്കൂ. മണിക്കൂറുകളോളം നൃത്തം ചെയ്യുന്നതിനിടയിൽ ചിലർ 2.5 കിലോഗ്രാം മുതൽ 5 കിലോഗ്രാം വരെ ഭാരമുള്ള ‘അരമണികൾ’ അണിയാറുണ്ട്. പുലിക്കളിയുടെ പ്രശസ്തമായ കുടവയറുകൾ ഈ പാരമ്പര്യത്തിന്റെ മറ്റൊരു പ്രധാന ഭാഗമാണ്. ചായം വരയ്ക്കാൻ വലിയ പ്രതലം ലഭിക്കുന്നതിനായി പല കലാകാരന്മാരും പരിപാടിക്ക് മുൻപായി ശരീരഭാരം കൂട്ടാറുണ്ട്. എന്നിരുന്നാലും, സമകാലിക പുലിക്കളി ഒരു പ്രത്യേക ശരീരഘടനയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ലക്ഷങ്ങൾ ഒഴുകുന്ന പുലിക്കളി; വലിയ സാമ്പത്തികച്ചെലവ്
പുലിക്കളി സംഘടിപ്പിക്കുന്നതിന് വരുന്ന അമിതച്ചെലവ് ഇന്ന് ദേശങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. 2025-ൽ തൃശൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നൽകിയ കണക്ക് പ്രകാരം, ശരീരത്തിൽ ചായം പൂശൽ, വേഷവിധാനങ്ങൾ, വാദ്യമേളങ്ങൾ, ശബ്ദസംവിധാനം, വാഹനങ്ങൾ, സുരക്ഷ എന്നിവയുൾപ്പെടെ ഒരു സംഘത്തിന് ഏകദേശം 15 ലക്ഷം രൂപയോളം ചെലവ് വരുന്നുണ്ട്. ചില പ്രമുഖ സംഘങ്ങൾ ഇതിലും വലിയ തുകയാണ് ചിലവഴിക്കുന്നത്. ചക്കമുക്ക് ദേശം 2024-ൽ തങ്ങളുടെ പ്രകടനത്തിനായി മാത്രം 50 ലക്ഷം രൂപയോളം ചെലവഴിച്ചതായാണ് കണക്കുകൾ. ഇതിന് വിപരീതമായി വ്യക്തിഗത കലാകാരന്മാർക്ക് ലഭിക്കുന്ന പ്രതിഫലം വളരെ തുച്ഛമാണ്. 2025-ൽ ഒരു പുലിക്കളി കലാകാരന് ഒരു ദിവസത്തെ പ്രകടനത്തിന് ഏകദേശം 10,000 രൂപയാണ് ലഭിച്ചിരുന്നതെന്ന് കണാട്ടുകര ദേശത്തിലെ ഒരു അംഗം വ്യക്തമാക്കുന്നു. ഓണക്കാലം കഴിഞ്ഞാൽ സാധാരണ ദിവസങ്ങളിൽ 5,000 മുതൽ 10,000 രൂപ വരെയാണ് ഇവർക്ക് ലഭിക്കുന്ന വരുമാനം
വർധിച്ചുവരുന്ന സർക്കാർ പിന്തുണ
സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനും ഈ പരമ്പരാഗത കലാരൂപത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ വർഷം സംസ്ഥാന സർക്കാർ പുലിക്കളി സംഘങ്ങൾക്കുള്ള ധനസഹായം ഒരു ലക്ഷം രൂപയായി വർധിപ്പിച്ചു. 2025-ൽ രജിസ്റ്റർ ചെയ്ത എട്ട് സംഘങ്ങൾക്ക് 50,000 രൂപ വീതമായിരുന്നു അനുവദിച്ചിരുന്നത്. ഉയരുന്ന ചിലവുകൾ പരിഗണിച്ചാണ് ഈ സഹായധനം വർദ്ധിപ്പിച്ചത്. ആകെ വരുന്ന ഭീമമായ ചിലവിന്റെ ചെറിയൊരു ഭാഗം മാത്രമേ സർക്കാർ സഹായത്തിലൂടെ ലഭിക്കുന്നുള്ളൂവെങ്കിലും, ഇത് വലിയൊരു ആശ്വാസമാണെന്ന് സംഘാടകർ പറയുന്നു. സ്വകാര്യ സ്പോൺസർഷിപ്പുകളും പുലിക്കളിയുടെ ജീവതാളം നിലനിർത്തുന്ന മറ്റൊരു പ്രധാന ഉറവിടമായി മാറിക്കഴിഞ്ഞു..
വെറുമൊരു പ്രകടനത്തിനപ്പുറം…
കലാകാരന്മാരെ സംബന്ധിച്ചിടത്തോളം പണം മാത്രമായിരുന്നില്ല അവരുടെ ലക്ഷ്യം. കടുത്ത ചൂടും, ശരീരമാസകലമുള്ള പെയിന്റും, ചെവിപൊട്ടുന്ന ശബ്ദവും, തുടർച്ചയായുള്ള ചലനങ്ങളും മണിക്കൂറുകളോളം സഹിക്കാനുള്ള കായികക്ഷമത പുലിക്കളി ആവശ്യപ്പെടുന്നുണ്ട്. “സൈനികർ തങ്ങളുടെ വിനോദത്തിനായി തുടങ്ങിയ കലാരൂപമാണ് പുലിക്കളി. ഇതിന് പ്രത്യേക ജാതി-മത-സാമുദായിക അടിത്തറകളൊന്നുമില്ല,” എന്ന് അയ്യന്തോൾ ദേശം പുലിക്കളി സംഘം സെക്രട്ടറി കൃഷ്ണപ്രസാദ് പറയുന്നു. തൃശൂരിന്റെ ഏകദേശം 10 കിലോമീറ്റർ ചുറ്റളവിൽ കേന്ദ്രീകരിച്ചിരിക്കുന്ന ഒരു കലാരൂപമാണെങ്കിലും, ഇന്നത്തെ പുലിക്കളി കലാകാരന്മാർ കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ പ്രകടനം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പുലിക്കളി ഓണക്കാലത്തിനപ്പുറത്തേക്ക് വളർന്നു. ഉദ്ഘാടനങ്ങൾ, കോർപ്പറേറ്റ് പരിപാടികൾ, ഉത്സവങ്ങൾ, മറ്റ് പൊതുപരിപാടികൾ എന്നിവയിലെല്ലാം പുലിക്കളി കലാകാരന്മാർക്ക് ഇന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.








