‘കൗമാരക്കാരെ മുറികളിൽ അടച്ചിട്ടു, ലൈംഗികമായി അതിക്രമിച്ചു’: ഡച്ച് കെയർ സെന്ററുകളിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; മാപ്പുപറഞ്ഞ് ഭരണകൂടം

Spread the love

ദി ഹേഗ്∙ നെതർലൻഡ്സ് സർക്കാരിന്റെ കീഴിലുള്ള യൂത്ത് കെയർ സെന്ററുകളിലും ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലും വർഷങ്ങളായി കുട്ടികൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായ സംഭവത്തിൽ ഇരകളായവരോടും അവരുടെ കുടുംബങ്ങളോടും പരസ്യമായി മാപ്പുപറഞ്ഞ് ഡച്ച് സർക്കാർ. ആരോഗ്യം, നീതി ന്യായ മന്ത്രാലയങ്ങൾ ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾക്ക് വേണ്ടി ഡച്ച് ആരോഗ്യ-കായിക കാര്യ സെക്രട്ടറി മിർജാം സ്റ്റെർക്ക് ആണ് മാപ്പപേക്ഷ നടത്തിയത്.

 

ഗുരുതരമായ മാനസിക പ്രയാസങ്ങളും പെരുമാറ്റ വൈകല്യങ്ങളും നേരിടുന്ന 12-നും 18-നും ഇടയിൽ പ്രായമുള്ള കൗമാരക്കാരെ സംരക്ഷിക്കാനും ചികിത്സിക്കാനുമായി സ്ഥാപിച്ച ഈ കേന്ദ്രങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷവും പരിചരണവും ഉറപ്പാക്കുന്നതിൽ സർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന് മിർജാം സ്റ്റെർക്ക് തുറന്നുസമ്മതിച്ചു. പരിചരണത്തിന് പകരം ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങളാണ് ഇവിടെ കുട്ടികൾക്ക് നേരിടേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി.

 

കഴിഞ്ഞ പതിറ്റാണ്ടുകളിൽ പതിനായിരക്കണക്കിന് കുട്ടികളാണ് ഇത്തരം സ്ഥാപനങ്ങളിൽ ക്രൂരമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടത്. കുട്ടികളെ ദീർഘനേരം ഒറ്റപ്പെട്ട മുറികളിൽ അടച്ചിടുകയും ശാരീരികമായി ബന്ധിക്കുകയും ചെയ്യുന്ന ക്രൂരതകൾ നടന്നതായി അനുഭവസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തീവ്ര പരിചരണ വിഭാഗമായ ‘സികോസ്’ അടക്കമുള്ള നാല് കേന്ദ്രങ്ങളുടെ പ്രവർത്തനം അധികൃതർ മുൻപ് നിർത്തിവച്ചിരുന്നു.

 

ഒരിക്കൽ ഇത്തരം കേന്ദ്രത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഗവേഷകൻ ജെയ്‌സൺ ഭഗ്‌വാൻദാസ് 2024-ൽ സമർപ്പിച്ച റിപ്പോർട്ടിലൂടെയാണ് ക്രൂരതയുടെ ആഴം പുറംലോകമറിയുന്നത്. 51 ഇരകളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ഈ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഉണ്ടായ മാനസികാഘാതത്തിൽ 38 പേർ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും 5 പേർ ജീവനൊടുക്കുകയും ചെയ്തിരുന്നു.

 

കൗമാരക്കാരെ അടച്ചിട്ട അന്തരീക്ഷത്തിൽ പാർപ്പിച്ചു ചികിത്സിക്കുന്ന ഇത്തരം യൂത്ത് കെയർ സംവിധാനം ഭാവിയിൽ പൂർണമായും നിർത്തലാക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിനൊപ്പം ഇരകളായവരുടെ പുനരധിവാസത്തിനും മാനസിക പിന്തുണയ്ക്കുമായി 1.2 കോടി യൂറോയുടെ സാമ്പത്തിക പാക്കേജും ഡച്ച് സർക്കാർ പ്രഖ്യാപിച്ചു.

  • Related Posts

    വലിയ തട്ടിപ്പുകാരൻ, എഫ്ബിഐയുടെ ‘മോസ്റ്റ് വാണ്ടഡ്’; ആരാണ് മൻജിത് സിങ് ബേഡി?

    Spread the love

    Spread the loveവാഷിങ്ടൻ∙ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജനായ മൻജിത് സിങ് ബേഡിയെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ‘ഏറ്റവും കൂടുതൽ തിരയപ്പെടുന്ന തട്ടിപ്പുകാരുടെ’ പട്ടികയിൽ ഉൾപ്പെടുത്തി. 2024 മാർച്ചിനും 2025 ജൂണിനുമിടയിൽ 6,00,000 ഡോളർ തട്ടിയെടുത്തതായാണ് അധികൃതരുടെ…

    വിദ്യാർഥിയുമായി ലൈംഗികബന്ധം; ഫോണിൽ ‘നമ്പർ 8’; അധ്യാപികയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

    Spread the love

    Spread the loveലണ്ടൻ∙ 16 വയസ്സുള്ള വിദ്യാർഥിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്ന കേസിൽ ഹാംപ്‌ഷെയറിലെ ബിറ്റേൺ പാർക്ക് സ്കൂളിലെ അധ്യാപികയായ ബ്രോൺവെൻ ജെയിംസിന്റെ (30) വിചാരണ ആരംഭിച്ചു. ഗുരുതര കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ, കുറ്റങ്ങൾ ബ്രോൺവെൻ നിഷേധിച്ചു.   വിദ്യാർഥികൾക്ക്…

    Leave a Reply

    Your email address will not be published. Required fields are marked *