‘അടുപ്പ് പുകയ്ക്കാനുള്ള ചുള്ളിവിറക് നൽകില്ല’; പാതയോരത്ത് കിടന്നു നശിക്കുന്നത് ലക്ഷങ്ങൾ വിലയുള്ള മരങ്ങൾ

Spread the love

പുൽപള്ളി ∙ ലക്ഷങ്ങൾ വിലകിട്ടുന്ന വൻമരങ്ങൾ വനപ്രദേശത്ത് വെയിലും മഴയുമേറ്റ് നശിക്കുന്നു. ചെതലയം റേഞ്ചിൽ ഇരുളം ഭാഗത്താണ് വനത്തിൽ പലേടത്തും മരങ്ങൾ നശിക്കുന്നത്. കാശുമുടക്കി വനംവകുപ്പ് മുറിച്ച് റോഡരികിൽ സൂക്ഷിച്ച തേക്കുൾപ്പെടെയുള്ള മരങ്ങളാണ് മണ്ണോടുചേരുന്നത്. കുപ്പാടി മരം ഡിപ്പോയിൽ കോടികളുടെ മരങ്ങൾ ലേലത്തിനായി കരുതിയിട്ടുണ്ട്. ഈ മരങ്ങൾകൂടി ഡിപ്പോയിലെത്തിച്ചാൽ നല്ല വിലയ്ക്ക് വിൽക്കാനാവും. പുൽപള്ളി– ബത്തേരി പാതയോരത്ത് മാതമംഗലം, തേക്ക് പ്ലാന്റേഷൻ, പാമ്പ്ര, പുകലമാളം എന്നിവിടങ്ങളിൽ മരങ്ങൾ കിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി.

 

വനത്തിൽനിന്നു മുറിച്ച നല്ലയിനം തേക്കുമരങ്ങളിൽ അടയാളങ്ങൾ പതിച്ചിട്ടുണ്ട്. ഏറെക്കാലമായി വനത്തിൽ കിടക്കുന്ന മരങ്ങളിൽ ചിലത് നശിച്ചു. ഈ മരങ്ങൾ ഡിപ്പോയിലെത്തിക്കാനുള്ള പണം ലഭിക്കാത്തതാണ് കാരണമായി പറയുന്നത്. വകുപ്പിലെ മേലുദ്യോഗസ്ഥരടക്കം പലപ്പോഴും സഞ്ചരിക്കുന്ന റോഡുവക്കിലാണ് പൊതുമുതൽ ജീർണിച്ചു നശിക്കുന്നത്. വനയോരങ്ങളിലെ താമസക്കാർക്ക് അടുപ്പ് പുകയ്ക്കാനുള്ള ചുള്ളിവിറക് നൽകാൻ തയാറാത്തവരാണ് അനേക ലക്ഷങ്ങളുടെ മരം നശിക്കുന്നത് കണ്ടില്ലെന്ന് നടിക്കുന്നത്.

 

വയനാടൻ കാടുകളിൽ ഓരോവർഷവും വളർച്ചമുരടിച്ചും ഉണങ്ങിയും നശിക്കുന്നത് കോടികളുടെ മരങ്ങൾ. അവയെല്ലാം ശേഖരിച്ച് വിൽക്കാനായാൽ വനംവകുപ്പിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകുമെങ്കിലും അതിനൊന്നും ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല. കാശില്ലെന്ന കാരണത്താൽ വർഷങ്ങളായി പലവിധ നഷ്ടപരിഹാരങ്ങൾ നൽകാനും പ്രതിരോധ സംവിധാനങ്ങൾ മെച്ചപ്പെടുത്താനും വകുപ്പിനു സാധിക്കുന്നില്ല. പണമില്ലെങ്കിലും വിവിധ സ്ഥലങ്ങളിൽ പണിതുകൂട്ടുന്ന കെട്ടിടങ്ങൾക്കു കണക്കില്ല.

 

നല്ല കെട്ടിടങ്ങളുണ്ടെങ്കിലും പുതുതായി ഓഫിസുകൾ, ഫോറസ്റ്റ് സ്റ്റേഷനുകൾ, ക്വാർട്ടേഴ്സുകൾ, പിന്നെ പലവിധ ആവശ്യങ്ങൾക്കെന്നു പറഞ്ഞും അടുത്തിടെ നിർമിച്ച കെട്ടിടങ്ങൾക്കു കണക്കില്ല. ഓരോ ഡിവിഷനുകളിലും ഒട്ടേറെ കെട്ടിടങ്ങൾ വെറുതേകിടന്നു നശിക്കുന്നുമുണ്ട്.

 

മനുഷ്യ– വന്യമൃഗസംഘർഷം വർധിച്ച വയനാട്ടിലേക്ക് ഈ ആവശ്യത്തിന് അനുവദിക്കുന്ന കേന്ദ്ര–സംസ്ഥാന ഫണ്ടുകളിൽ വകമാറ്റൽ നടത്തി ഉദ്യോഗസ്ഥരുടെ താൽപര്യപ്രകാരം കെട്ടിടനിർമാണത്തിന് ഉപയോഗിക്കുന്നെന്ന പരാതിയും വ്യാപകമാണ്.കഴിഞ്ഞ 10 വർഷത്തിനിടെ ജില്ലയിൽ വനംവകുപ്പ് നടത്തിയ പ്രവർത്തനങ്ങളുടെ കണക്ക് പുറത്തുവിടണമെന്ന ആവശ്യം ചില സംഘടനകൾ ഉന്നയിക്കുന്നുണ്ട്.

 

വനാതിർത്തിയിലെ കിടപ്പാടം വിൽക്കാനും ഏതെങ്കിലും നിർമാണ പ്രവർത്തനങ്ങൾക്കും നിരാക്ഷേപപത്രം നിർബന്ധമാണെങ്കിലും വനത്തിനുള്ളിൽ ഇതൊന്നുമില്ലാതെ ബഹുനില കെട്ടിടങ്ങളടക്കം അനേകം നിർമാണങ്ങൾ അടുത്തിടെയുണ്ടായി. ജില്ലയിലെത്തുന്ന വനംമന്ത്രിക്ക് 3 വനം ഡിവിഷനുകളിലും നടത്തിയ അനാവശ്യ നിർമാണങ്ങളും ഇതര പ്രവർത്തനങ്ങളും വിശദ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനും വനയോരങ്ങളിലെ ജനകീയസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.

  • Related Posts

    വയനാട് തുരങ്കപാത അടിയന്തരമായി യാഥാർത്ഥ്യമാക്കണം; എക്യൂമെനിക്കൽ ഫോറം സർക്കാരിനോട് ആവശ്യപ്പെട്ടു

    Spread the love

    Spread the love  സുൽത്താൻ ബത്തേരി: വയനാട്ടുകാരുടെ ദീർഘകാലത്തെ യാത്രാക്ലേശങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ആവിഷ്കരിച്ച തുരങ്കപാത പ്രകൃതിദുരന്തങ്ങളെ അതിജീവിക്കുന്ന തരത്തിലുള്ള ആധുനിക എഞ്ചിനീയറിങ് സംവിധാനങ്ങളോടെ എത്രയും വേഗം യാഥാർത്ഥ്യമാക്കണമെന്ന് എക്യൂമെനിക്കൽ ഫോറം വയനാട് സർക്കാരിനോട് ആവശ്യപ്പെട്ടു.   കാർഷിക പ്രാധാന്യമുള്ളതും…

    പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ

    Spread the love

    Spread the loveവയനാട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ പൂക്കോട് തടാകം പായൽ നിറഞ്ഞ് നാശത്തിന്റെ വക്കിൽ. തടാകത്തിന്റെ തൊണ്ണൂറ് ശതമാനത്തോളം ഭാഗവും നിലവിൽ പായൽ മൂടിയ അവസ്ഥയിലാണ്. ഇത് കാരണം വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ ബോട്ടിങ് ഇപ്പോൾ…

    Leave a Reply

    Your email address will not be published. Required fields are marked *