തിരുവനന്തപുരം ∙ ജില്ല, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുന്നതിനു നാനൂറോളം ഡോക്ടർമാരെ പുതുതായി നിയമിക്കാനും അത്രയും ഡോക്ടർമാർക്കു സ്ഥാനക്കയറ്റം നൽകാനും ആരോഗ്യവകുപ്പിൽ തിരക്കിട്ട നീക്കം.
ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റ നടപടികൾ നിർത്തിവച്ചു. സംസ്ഥാനത്ത് ആദ്യമായി ഇന്നലെ പുനലൂർ ഗവ.ആശുപത്രിയിൽ ആരംഭിച്ച 24 മണിക്കൂർ സേവനം വിജയകരമാണെന്നു വിലയിരുത്തിയാണു നടപടികൾ.
സ്പെഷലിസ്റ്റ് ഡോക്ടർമാർ ഉൾപ്പെടുന്ന കൺസൽറ്റന്റ് കേഡറിലെ പ്രഥമ തസ്തികയായ ജൂനിയർ കൺസൽറ്റന്റ് വിഭാഗത്തിലെ 107 ഡോക്ടർമാർക്കു കൺസൽറ്റന്റുമാരായി സ്ഥാനക്കയറ്റം നൽകും. ഇതോടെ, നിലവിലെ 157 കൺസൽറ്റന്റുമാർ സീനിയർ കൺസൽറ്റന്റാകും. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റങ്ങളാണിത്.
ഒഴിവുവരുന്ന 107 ജൂനിയർ കൺസൽറ്റന്റ് തസ്തികയിലേക്കു പുതുതായി നിയമനം നടത്താൻ പിഎസ്‌സിയോട് ശുപാർശ ചെയ്യും. ജനറൽ കേഡറിൽ അസിസ്റ്റന്റ് സർജൻ മുതൽ കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ വരെ 476 തസ്തികകളിലെയും നിയമനം പിഎസ്‌സിക്കു വിടും. ഈ കേഡറിലും അതതു തസ്തികകളിൽ സ്ഥാനക്കയറ്റത്തിന് അനുമതി നൽകും. ഡപ്യൂട്ടി ഡിഎംഒ മുതൽ ഡിഎച്ച്എസ് വരെയുള്ള അഡ്മിനിസ്ട്രേറ്റീവ് കേഡറിലെ 23 ഒഴിവുകളും നികത്തും.
ജില്ലാ ആശുപത്രിയിൽ പുതിയ 10 സ്പെഷലിസ്റ്റ് നിയമനങ്ങൾ
ഇതിനുപുറമേ, ജില്ലകളിൽ ഒരു ജില്ലാ ആശുപത്രിയിലോ ജനറൽ ആശുപത്രിയിലോ 10 വീതം പുതിയ സ്പെഷലിസ്റ്റ് തസ്തിക അനുവദിക്കും. കാർഡിയോളജി–3, നെഫ്രോളജി, ന്യൂറോളജി–2 വീതം, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോ സർജറി, യൂറോളജി– ഓരോന്നു വീതം എന്നിങ്ങനെ നിയമനം നടത്താനാണു മന്ത്രി കെ.മുരളീധരന്റെ ശുപാർശ. എല്ലാ ജില്ലകളിലെയും ഒരു താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 10 സ്പെഷലിസ്റ്റ് ഡോക്ടർമാരെ വീതം നിയമിക്കാനും ആലോചിക്കുന്നുണ്ട്. ഈ തസ്തികകളിൽ നാനൂറോളം പേരുടെ നിയമനം ഉടൻ നടത്താനാണു നീക്കം. സ്ഥാനക്കയറ്റ നടപടികൾക്കു കൂടുതൽ സമയമെടുക്കുന്നതിനാൽ പ്രൊവിഷനൽ വ്യവസ്ഥയിലാകും അതു നൽകുക.
ജീവനക്കാർക്കും സ്ഥലംമാറ്റമില്ല
ഭരണപരമായ കാരണങ്ങൾ മൂലമുള്ള സ്ഥലംമാറ്റങ്ങളും സ്ഥാനക്കയറ്റത്തെത്തുടർന്നുള്ള നിയമനങ്ങളും ഒഴികെ മറ്റൊരു സ്ഥലംമാറ്റവും പുതിയ ഉത്തരവ് ഇറങ്ങുന്നതുവരെ ഉണ്ടാകില്ല. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളജ് വരെയുള്ള സ്ഥാപനങ്ങളിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും ഇതു ബാധകമായിരിക്കും.






