ഭോപ്പാൽ ∙ മധ്യപ്രദേശിലെ ശിവപുരിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് കുട്ടികൾ പനി ബാധിച്ച് മരിച്ചു. വീടിനടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയതിനു ശേഷമാണ് കുട്ടികൾക്ക് അസുഖം പിടിപെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഓഗസ്റ്റ് 16 നാണ് തൻവീർ അഹമ്മദിന്റെ കുടുംബത്തിലുള്ള 3 കുട്ടികൾ ഉൾപ്പെടെ 16 കുടുംബാംഗങ്ങൾ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയത്. ഇതിനുശേഷമുള്ള 10 ദിവസത്തിനകമാണ് മരണങ്ങൾ സംഭവിച്ചത്.
കുട്ടികൾ വെള്ളച്ചാട്ടത്തിൽ കുളിച്ചു വന്നതിനുശേഷം കുടുംബത്തിലെ നിരവധി പേർക്ക് അസുഖം പിടിപെട്ടിരുന്നു. പനി, വയറുവേദന, ഛർദി, വയറിളക്കം എന്നിവയായിരുന്നു ലക്ഷണങ്ങൾ. ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും കുട്ടികളുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾ പോയ ദിവസം വെള്ളച്ചാട്ടം കാണാൻ പോയ 62 ഓളം പേരിൽ നിന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
അതേസമയം, സാംപിളുകൾ ശേഖരിച്ചപ്പോൾ വെള്ളച്ചാട്ടത്തിൽ കുളിച്ച മൂന്ന് പെൺകുട്ടികൾക്കും അസുഖം പിടിപെട്ടതായി കണ്ടെത്തി. തുടർന്ന് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയറിലേക്കു കൊണ്ടുപോയി. രോഗം പിടിപെട്ടതിന്റെ യഥാർഥ കാരണം ഇനിയും വ്യക്തമല്ല.






