തിരുവനന്തപുരം∙ തന്റെ വീടിനു മുന്നിൽ നിന്ന് ‘ജീപ്പ് സ്‌റ്റേഷൻ’ മാറ്റാൻ വൈകിയതിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ജീപ്പ് മാറ്റാതിരുന്നതിന്റെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണെന്നു പിണറായി വിജയൻ പറഞ്ഞു. വീടിന് സുരക്ഷ ഏർപ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും പിണറായി പറയുന്നു.
‘പിണറായിയിലെ എന്റെ വീടിനു മുന്നിൽ ഗതാഗത യോഗ്യമല്ലാത്ത ഒരു ജീപ്പ് പൊലീസ് സ്റ്റേഷനായി പ്രവർത്തിക്കുന്നു എന്നുള്ള പ്രചാരണം എന്നെ വ്യക്തിപരമായി അപമാനിക്കുക എന്ന ലക്ഷ്യത്തോടെയാണ്. വീടിനു മുന്നിൽ പൊലീസ് ഔട്പോസ്റ്റ് ഇടുന്നത് ഔദ്യോഗിക നടപടിക്രമത്തിന്റെ ഭാഗമായി മാത്രമാണ്. സുരക്ഷാ കാരണങ്ങളാൽ ആണല്ലോ സുരക്ഷ ഏർപ്പെടുത്താൻ വകുപ്പുതല നടപടികൾ സ്വീകരിക്കുക. മന്ത്രി മന്ദിരങ്ങൾക്കു മുന്നിൽ ഇപ്പോഴും സദാ കാവൽ നിൽക്കുന്ന ഔട്ട് പോസ്റ്റ് ഡ്യൂട്ടിക്കാരുണ്ട്. ഇതെല്ലാം ഔദ്യോഗികമായ നടപടിക്രമങ്ങളുടെ ഭാഗമാണ്.
എന്നാൽ എന്റെ വീടിനു മുന്നിൽ പൊലീസ് സ്റ്റേഷൻ ഒരുകാലത്തും ആരംഭിച്ചിട്ടില്ല. സാധാരണ നടപടിക്രമം എന്ന നിലയിൽ ഒരു പൊലീസ് വാഹനത്തിൽ പൊലീസുകാർ വന്നു പോയിരുന്നു. പിന്നീട് ആ വാഹനം ഗതാഗത യോഗ്യമല്ലാതെ അവിടെത്തന്നെ കിടന്നു എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. അവിടെ നിന്നും മാറ്റി വാഹനം റിപ്പയർ ചെയ്ത് ഉപയോഗിക്കും എന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. ഇപ്പോൾ അധികാരമൊഴിഞ്ഞ് മൂന്നു മാസം പിന്നിട്ടിട്ടും ആ വാഹനം മാറ്റിയില്ല. ഇതിനു പിന്നിലെ കാരണം വിശദീകരിക്കേണ്ടത് പൊലീസാണ്. എന്റെ വീടിന് സുരക്ഷ ഏർപ്പെടുത്തണം എന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല.’ – പിണറായി പറയുന്നു.
പിണറായി വിജയന്റെ പിണറായി പാണ്ട്യാല മുക്കിലെ ‘പ്രവിക്’ വീടിനുമുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് കഴിഞ്ഞ ദിവസം അർധരാത്രി എആർ ക്യാംപിലെ പൊലീസുകാർ വാഹനവുമായി എത്തി കെട്ടിവലിച്ചാണ് കൊണ്ടുപോയത്. ജീപ്പ് മാറ്റിയെങ്കിലും പൊലീസുകാരെ കാവൽ ഡ്യൂട്ടിയിൽനിന്നു മാറ്റിയിട്ടില്ല. കെഎൽ 01 ബിആർ 9569 എന്ന പൊലീസ് ജീപ്പ് വീടിനുമുന്നിൽ കൊണ്ടുവന്നതിനുശേഷം സ്റ്റാർട്ട് ചെയ്യാത്തതിനാൽ പ്രവർത്തനക്ഷമമായിരുന്നില്ല. പിണറായി വിജയൻ മുഖ്യമന്ത്രിയായപ്പോൾ വീടു കാണാനും വിഡിയോ ചിത്രീകരിക്കാനും ആളുകളെത്താൻ തുടങ്ങിയതോടെയാണ് ജീപ്പിൽ കാവൽ ഒരുക്കിയത്. ഒരു എസ്‌ഐയും 2 പൊലീസുകാരും ഒരുസമയം ഡ്യൂട്ടിയിലുണ്ടായിരുന്നു.






