കല്ലമ്പലം∙ പെട്രോൾ പമ്പിൽ നിന്നു കവിഞ്ഞൊഴുകിയ ഇന്ധനം തൊട്ടടുത്ത പുരയിടത്തിലെ കിണറ്റിലെത്തി; ഇതു നീക്കം ചെയ്യാനെത്തിയ 2 തൊഴിലാളികൾ ഉൾപ്പെടെ 3 പേർക്ക് തീ പടർന്ന് ഗുരുതര പൊള്ളലേറ്റു. കിണറ്റിലേക്ക് മെഴുകുതിരി കെട്ടിയിറക്കിയതിനെ തുടർന്നാണ് തീ ആളിക്കത്തിയത്. കല്ലമ്പലം ജംക്‌ഷനിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിനു സമീപത്തെ പുരയിടത്തിൽ 2ന് ഉച്ചയ്ക്കു പന്ത്രണ്ടരയോടെയായിരുന്നു അപകടം.
കല്ലമ്പലം ജെജെ ഓഡിറ്റോറിയത്തിനു സമീപം താമസിക്കുന്ന രാകേഷ്, ആലുംമൂട് കുതിരത്തടം പൊയ്കവിള വീട്ടിൽ വിനീത്, കല്ലമ്പലം സ്വദേശി സുനു എന്നിവർക്കാണ് പൊള്ളലേറ്റത്. ഗുരുതരപൊള്ളലേറ്റ രാകേഷിനെയും വിനീതിനെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ പ്രവേശിപ്പിച്ചു. സുനുവിനെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊഴിലാളികളായ സുനുവിനും വിനീതിനുമൊപ്പം എത്തിയതായിരുന്നു സുഹൃത്തായ രാകേഷ്.
ഓണത്തിനു മുൻപ് പമ്പിൽ ഇന്ധനം നിറച്ചതിലുണ്ടായ ഗുരുതരപിഴവാണ് അപകടകാരണമായത്. നിറഞ്ഞിരുന്ന ഡീസൽ ടാങ്കിൽ പെട്രോൾ ഒഴിച്ചതിനെ തുടർന്ന് ഭൂഗർഭ ടാങ്ക് കവിഞ്ഞൊഴുകിയ ഇന്ധനം കിണറ്റിലെത്തി. കെട്ടിട ഉടമ പരാതിപ്പെട്ടതിനെ തുടർന്ന് പമ്പ് ഉടമ തൊഴിലാളികളെ എത്തിച്ച് കിണർ വൃത്തിയാക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. വെള്ളം പമ്പ് ചെയ്തു കളഞ്ഞതിനു ശേഷം ഓക്സിജൻ നില അറിയാൻ മെഴുകുതിരി കത്തിച്ച് ഇറക്കുകയായിരുന്നു. ബാഷ്പീകരിക്കപ്പെട്ട് വാതകരൂപത്തിൽ നിറഞ്ഞു നിന്ന പെട്രോൾ ഇതോടെ ആളിക്കത്തി. കിണറിനു പുറത്തു നിന്ന മൂന്നുപേരുടെയും വയറിലും മുഖത്തും പൊള്ളലേറ്റു. പമ്പിൽ ഇന്ധനമെത്തിച്ച ഇന്ത്യൻ ഓയിൽ കോർപറേഷൻ ടാങ്കറിന്റെ ഡ്രൈവർ ഡീസൽ ടാങ്കിലേക്ക് പെട്രോൾ നിറച്ചതാണ് അപകടമുണ്ടാക്കിയതെന്നും ഇതിലൂടെ 12 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായും പമ്പ് ഉടമ പറഞ്ഞു.






