അഗളി (പാലക്കാട്) ∙ അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ചു വയസ്സു തോന്നിക്കുന്ന പെൺകുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊല്ലപ്പെട്ടത് ഇതര സംസ്ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണു സൂചന. പ്രതിയും ഇതര സംസ്ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽനിന്നു കടന്നുകളഞ്ഞെന്നുമാണു വിവരം. കോട്ടത്തറ ഭാഗത്തെ കടയിൽനിന്നാണു പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നും ഇവർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് അനൗദ്യോഗികമായി പറയുന്നത്. പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.
യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങൾ ഇടുപ്പിന്റെ ഭാഗത്തുവച്ച് മടക്കി കൈകാലുകൾ ചേർത്ത് പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷമാണ് ചാക്കിൽ കയറ്റി ഉപേക്ഷിച്ചത്.
പുതൂർ ചീരക്കടവിൽ ഇന്നലെ ഉച്ചയോടെയാണു പരിസരവാസികൾ ചാക്കുകെട്ടുകൾ കണ്ടത്. പുഴയിൽ ഒഴുകിയെത്തിയ ചാക്കുകെട്ടുകൾ വെള്ളം കുറഞ്ഞതോടെ പുറത്തുകാണുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ചു പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തി. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ പെൺകുട്ടിയുടെ ശരീരം ലഭിച്ചു. തുടർന്നു നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ പ്ലാസ്റ്റിക് ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്തിയത്.
യുവതിക്ക് 30 വയസ്സും പെൺകുട്ടിക്ക് 5 വയസ്സും തോന്നിക്കുന്നതായി പൊലീസ് പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള രണ്ടു മൃതദേഹങ്ങളിലും അടിവസ്ത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.






