ദുബായിലെ സ്വകാര്യ സ്‌കൂളുകളിൽ അവധിദിനങ്ങളിൽ മാറ്റം; വരുന്നത് 9 ദിവസത്തെ തുടർച്ചയായ അവധി

Spread the love

അബുദാബി∙ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ (എംഒഇ) അക്കാദമിക് കലണ്ടറുമായി യോജിച്ചുപോകുന്നതിനായി ദുബായിലെ ചില സ്വകാര്യ സ്കൂളുകൾ ഒക്ടോബർ പകുതിയിലെ അവധിദിനങ്ങളിൽ മാറ്റം വരുത്തി. മുമ്പ് നിശ്ചയിച്ചിരുന്ന തീയതികളിൽനിന്ന് ഒരു ആഴ്ച മുന്നോട്ടേക്ക് മാറ്റിയാണ് പുതിയ ക്രമീകരണം.

 

അക്കാദമിക് കലണ്ടർ ഏകീകരിച്ച സ്കൂളുകളിൽ ഒക്ടോബർ 12 മുതൽ 16 വരെയായിരിക്കും മധ്യകാല അവധി. മുന്നിലെയും പിന്നിലെയും വാരാന്ത്യ അവധികൾ കൂടി ചേരുന്നതോടെ ഒക്ടോബർ 10 മുതൽ 18 വരെ വിദ്യാർഥികൾക്ക് ആകെ 9 ദിവസം അവധി ലഭിക്കും. 19 മുതൽ 23 വരെ അവധി നിശ്ചയിച്ചിരുന്ന സ്കൂളുകളിലെ രക്ഷിതാക്കളെ സംബന്ധിച്ച് ഈ മാറ്റം പ്രധാനമാണ്.

 

ദുബായ് ബ്രിട്ടീഷ് സ്കൂൾ, സഫാ ബ്രിട്ടീഷ് സ്കൂൾ, അറബ് യൂണിറ്റി സ്കൂൾ തുടങ്ങി ഒട്ടേറെ സ്കൂളുകൾ തീയതി മാറ്റിയതായി രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെയും ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെയും (കെഎച്ച്ഡിഎ) നിർദേശപ്രകാരമാണ് മാറ്റം. വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ച പുതിയ മൂന്നുവർഷത്തെ അക്കാദമിക് കലണ്ടറിലാണ് 2026–27 അക്കാദമിക് വർഷത്തിലെ ആദ്യ സെമസ്റ്റർ മധ്യകാല അവധിയായി ഒക്ടോബർ 12 മുതൽ 16 വരെയുള്ള തീയതികൾ നിശ്ചയിച്ചിട്ടുള്ളത്.

 

കെഎച്ച്ഡിഎ ഇതേ കലണ്ടർ നടപ്പിലാക്കിയതോടെയാണ് സ്കൂളുകൾ മുൻപ് പ്രസിദ്ധീകരിച്ച തീയതികൾ പുതുക്കിയത്. അതിനാൽ യാത്രകളോ മറ്റ് പരിപാടികളോ ആസൂത്രണം ചെയ്യുന്നതിന് മുൻപ് രക്ഷിതാക്കൾ മുൻ കലണ്ടറുകളെ ആശ്രയിക്കാതെ സ്കൂളിൽനിന്ന് അനുമതി ലഭിച്ച പുതിയ കലണ്ടർ പരിശോധിക്കേണ്ടതാണ്.

 

എല്ലാ സ്വകാര്യ സ്കൂളുകൾക്കും ഈ തീയതികൾ ബാധകമല്ല. മറ്റ് പാഠ്യപദ്ധതികൾ പിന്തുടരുന്നതോ മറ്റ് എമിറേറ്റുകളിലെ നിയമങ്ങൾക്ക് കീഴിൽ പ്രവർത്തിക്കുന്നതോ ആയ സ്കൂളുകളുടെ അവധിദിനങ്ങളിൽ വ്യത്യാസമുണ്ടാകാം. മന്ത്രാലയ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകൾ ദേശീയ കലണ്ടർ നിർബന്ധമായും പാലിക്കണം. അതേസമയം, മറ്റ് സ്വകാര്യ സ്കൂളുകൾക്ക് അനുമതിയോടെ ഒക്ടോബറിലെയും ഫെബ്രുവരിയിലെയും അവധികൾ വിഭജിച്ച് നൽകാം.

 

വിദേശ അക്കാദമിക് കലണ്ടർ പിന്തുടരുന്ന വിദ്യാലയങ്ങൾക്ക് അതത് സ്കൂൾ അധികൃതരുടെ അന്തിമ തീരുമാനമായിരിക്കും ബാധകം. യുഎഇ മന്ത്രാലയ കലണ്ടർ പിന്തുടരുന്ന സ്കൂളുകളിൽ പുതിയ അക്കാദമിക് വർഷം ഓഗസ്റ്റ് 31നാണ് ആരംഭിച്ചത്. 13 ആഴ്ചകളും 67 പ്രവൃത്തിദിനങ്ങളും അടങ്ങുന്നതാണ് ഒന്നാം ടേം. നവംബർ, ഡിസംബർ മാസങ്ങളിലെ പഠനത്തിനും പരീക്ഷകൾക്കും ശേഷം ശൈത്യകാല അവധി ആരംഭിക്കും. വരും മാസങ്ങളിൽ സെപ്റ്റംബറിൽ പൊതുഅവധി ദിനങ്ങളൊന്നുമില്ല. അടുത്ത ദേശീയ പൊതുഅവധി ഡിസംബർ 2, 3 തീയതികളിലെ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചാണ്.

 

മന്ത്രാലയ കലണ്ടർ പ്രകാരം ശൈത്യകാല അവധി ഡിസംബർ 14 മുതൽ 2027 ജനുവരി 3 വരെയായിരിക്കും. ജനുവരി 4-ന് സ്കൂളുകൾ വീണ്ടും തുറക്കും. ഇതോടെ ഡിസംബർ 11 നായിരിക്കും വിദ്യാർഥികളുടെ അവസാന പ്രവൃത്തിദിനം. രാജ്യാന്തര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ തീയതികളിൽ മാറ്റമുണ്ടാകാനിടയുള്ളതിനാൽ രക്ഷിതാക്കൾ സ്കൂളുമായി നേരിട്ട് ബന്ധപ്പെടണം. 2026–27 അക്കാദമിക് വർഷം 2027 ജൂലൈ 2 പൂർത്തിയാകും.

  • Related Posts

    മലയാളി യുവ ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

    Spread the love

    Spread the loveഷാർജ ∙ മലയാളി യുവ ദന്ത ഡോക്ടർ ഷാർജയിൽ കുഴഞ്ഞുവീണ് മരിച്ചു. അലനല്ലൂർ തയ്യിൽ യാസിറിന്റെ ഭാര്യ മലപ്പുറം വണ്ടൂർ പൂക്കുളം സ്വദേശി ഡോ. അഫീന റഹീം (32) ആണ് മരിച്ചത്. ഇല്ലിക്കതൊടിക അബ്ദുറഹീമിന്റെ മകളാണ്. മൃതദേഹം ചൊവ്വാഴ്ച…

    ഈ സോപ്പുപയോഗിച്ച് കൈകഴുകിയാൽ വരും ഗുരുതര രോഗങ്ങൾ; അമേരിക്കയിൽ വിവിധ ബ്രാൻഡഡ് ഉൽപന്നങ്ങൾ തിരിച്ചുവിളിച്ചു, മുന്നറിയിപ്പ്

    Spread the love

    Spread the loveവാഷിങ്ടൻ∙ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായേക്കാവുന്ന ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് അമേരിക്കയിൽ വിവിധ ബ്രാൻഡുകളുടെ ഹാൻഡ് സോപ്പുകൾ തിരിച്ചുവിളിച്ചു. യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.   സൂക്ഷ്മാണുക്കളായ സ്യൂഡോമോണാസ്, സെറാേഷ്യ എന്നീ…

    Leave a Reply

    Your email address will not be published. Required fields are marked *