കാമുകനെ കൊന്നു, ശരീരഭാഗം കഷ്ണങ്ങളാക്കി സ്യൂട്ട്ക്കേസിൽ, ആന്തരികാവയവങ്ങൾ ക്ലോസറ്റിലിട്ടു; ‘ലേഡി സുകുമാരക്കുറുപ്പ്’ എവിടെ?

Spread the love

1996 ജൂലൈ…ഊട്ടിയിൽ നിന്ന് കൊടൈക്കനാലിലേക്ക് ചീറിപ്പാഞ്ഞു വരുന്ന ഒരു ഒമ്നി. വാഹനത്തിനുള്ളിൽ യാത്രക്കാരിയായി ഒരു സ്ത്രീ മാത്രമാണുള്ളത്. അവരുടെ മുഖത്ത് ചെറിയ അസ്വസ്ഥത പ്രകടമാണ്. വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ എന്തോ ചീഞ്ഞളിഞ്ഞ ദുർഗന്ധം കാറിലാകെ പടർന്നു. പുറത്തുനിന്നുള്ള ഗന്ധമായിരിക്കുമെന്ന് കരുതി ആദ്യം ഡ്രൈവർ അത് അവഗണിച്ചെങ്കിലും പിന്നീട് ദുർഗന്ധം രൂക്ഷമായി. അതോടെ യാത്രക്കാരി കാറിൽ കയറ്റിയ ആ സ്യൂട്ട്കേസുകളെപറ്റിയായി ഡ്രൈവറുടെ ചിന്ത. ‘‘നിങ്ങള്‍ കയറ്റിയ സ്യൂട്ട്ക്കേസിലെന്താണ്. വല്ലാത്തൊരു ദുർഗന്ധമുണ്ടല്ലോ’’. പലതവണ ആ ചോദ്യം കേട്ടെങ്കിലും യാത്രക്കാരി അത് അവഗണിച്ചു. എന്നാൽ വീണ്ടും ഡ്രൈവർ ദുർഗന്ധത്തെ പറ്റി ചോദിച്ചപ്പോൾ അവൾ ആ സത്യം വെളിപ്പെടുത്തി. സ്യൂട്ടിക്കേസിനുള്ളിൽ ഒരു മൃതദേഹമാണ്. ആരാണ് കൊല്ലപ്പെട്ടത്? എന്തിനായിരുന്നു കൊലപാതകം? ആ സ്യൂട്ട്ക്കേസിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണം ചുരുളഴിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. കാമുകനെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി പെട്ടിയിലടച്ച ഡോ.ഓമനയുടെ ഞെട്ടിക്കുന്ന കഥ. ഇന്നും പൊലീസിന് കണ്ടത്താനാകാത്ത കാണാമറയത്തിരിക്കുന്ന ‘ലേഡി സുകുമാരക്കുറുപ്പിന്റെ’ കഥ.

 

∙ വീട് പണിയാനെത്തി, അടുത്തു, നാട്ടിലറിഞ്ഞതോടെ മലേഷ്യയിലേക്ക്

 

1970 കളിലാണ് ഓമന കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എംബിബിഎസിനു ശേഷം ഒരു ഡോക്ടറെ തന്നെയാണ് ഓമന വിവാഹം കഴിച്ചത്. പിന്നാലെ ‘ഓമന ഐ ക്ലിനിക്’ എന്ന പേരിൽ ഒരു ആശുപത്രിയും തുടങ്ങി. വളരെ സന്തോഷകരമായിരുന്നു ആദ്യമൊക്കെ അവരുടെ ജീവിതം. അതിൽ മാറ്റം വന്നു തുടങ്ങിയത് മുരളീധരന്‍‍ ഓമനയുടെ ജീവിതത്തിലേക്ക് എത്തിയതിന് പിന്നാലെയായിരുന്നു. വീടുനിർമാണവുമായി ബന്ധപ്പെട്ടാണ് ആർകിടെക്ടായ മുരളീധരനെ ഓമന ആദ്യമായി കാണുന്നത്. വീടുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ആദ്യഘട്ടത്തിലൊക്കെ അവരുടെ സംസാരങ്ങളിൽ നിറഞ്ഞിരുന്നത്. എന്നാൽ പതിയെ പതിയെ അവർ തമ്മിൽ‌ അടുത്തു.

 

മുരളീധരനുമായുള്ള ഓമനയുടെ ബന്ധം മറ്റാർക്കും അറിയില്ലായിരുന്നു. എന്നാൽ അവർ സ്വകാര്യമാക്കി വച്ച ആ ബന്ധം കുറച്ചുകാലത്തിന് ശേഷം നാട്ടുകാരും വീട്ടുകാരുമൊക്കെ അറിഞ്ഞു. അതോടെ ഓമനയുടെ ഭർത്താവ് അവളെ ഉപേക്ഷിച്ച് പോയി. തൊട്ടുപിന്നാലെയാണ് ഓമന മലേഷ്യയിലേക്ക് പോകാം എന്നു ചിന്തിച്ചത്. അങ്ങനെ പയ്യന്നൂരിൽ നിന്ന് ഓമന മലേഷ്യയിലെത്തി. അവിടെ എത്തിയ ഉടൻ ഓമന തന്റെ പേരുമാറ്റി. അമീന ബിന്ദേ അറബ്ദുല്ല എന്ന പേരിൽ ഓമന മലേഷ്യയിൽ സന്തോഷത്തോടെ ജീവിച്ചു. മലേഷ്യയിലായിരുന്നപ്പോഴും നാട്ടിലുള്ള മുരളീധരനുമായി അവർ നിരന്തരം ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന്റെ കാര്യം പറഞ്ഞ് പലപ്പോഴായി ഓമനയെ മുരളീധരൻ ശല്യപ്പെടുത്തി. തനിക്ക് ആഭരണവും പണവും നൽകണമെന്നും മുരളീധരൻ നിരന്തരം ആവശ്യപ്പെട്ടു. ഫോണിലൂടെയുള്ള മുരളീധരന്റെ ശല്യം രൂക്ഷമായപ്പോഴാണ് മലേഷ്യയിലേക്ക് വരാൻ ഓമന അയാളോട് പറഞ്ഞത്. ‘മറ്റൊരു പേര് സ്വീകരിച്ച് നിങ്ങൾ ഇങ്ങോട്ടേയ്ക്ക് വരണം’– ആ വാക്കുകൾ കേട്ടതിന് പിന്നാലെ സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഓമനയ്ക്കൊപ്പം താമസിക്കാൻ അയാൾ തയാറായി.

 

ഭാര്യാഭർത്താക്കന്മാരെ പോലെയാണ് ഓമനയും മുരളീധരനും മലേഷ്യയിൽ കഴിഞ്ഞത്. എന്നാൽ ഒരുമിച്ച് താമസിക്കുമ്പോഴും പലപ്പോഴും പണവും ആഭരണവും ആവശ്യപ്പെട്ട് മുരളീധരൻ ഓമനയെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന ആവശ്യവും മുരളീധരൻ പലപ്പോഴായി ഉന്നയിച്ചു. ഈ ആവശ്യങ്ങളോട് ഓമന വീണ്ടും മുഖം തിരിച്ചതോടെ പ്രകോപിതനായ മുരളീധരൻ നാട്ടിലേക്ക് തിരിച്ചു പോയി. അവിടെ എത്തി വീണ്ടും ഓമനയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. ആൾമാറാട്ടം നടത്തിയാണ് ഓമന മലേഷ്യയിൽ ജീവിക്കുന്നതെന്ന് പൊലീസിനെ അറിയിക്കുമെന്ന് പറഞ്ഞായിരുന്നു മുരളീധരന്റെ ഭീഷണി. കൂടാതെ ഓമന മനോരോഗിയാണെന്ന് മുരളി മലേഷ്യയിലെ ആശുപത്രി അധികൃതരെ അറിയിക്കുകയും ചെയ്തു. ഇതോടെ കേരളത്തിലേക്ക് തിരികെപോരാനും മുരളീധരനെ കാണാനും ഓമന തീരുമാനിച്ചു.

 

∙ ഭീഷണി, പിന്നാലെ കൊലപാതക ‘പ്ലാൻ’

 

തിരുവനന്തപുരത്തുള്ള സഹോദരന്റെ വീട്ടിലേക്കാണ് ഓമന എത്തിയത്. ലഗേജും മറ്റു സാധനങ്ങളുമെല്ലാം അവിടെ വച്ച ശേഷം സർജിക്കൽ സാധനങ്ങൾ‍ വിൽക്കുന്ന കടയിലെത്തി സിറിഞ്ചും സൂചികളും വാങ്ങി. തന്നെ ഭീഷണിപ്പെടുത്തി പണവും സ്വർണവും കൈക്കലാക്കിയ മുരളീധരനെ ഇല്ലാതാക്കണമെന്ന് അന്ന് ഓമന തീരുമാനിച്ചു. പിന്നാലെ കൊലപാതകം നടത്താനുള്ള ഓരോ തന്ത്രങ്ങളും മെനഞ്ഞു തുടങ്ങി.

 

മുരളീധരനോടൊപ്പം കോയമ്പത്തൂരിലേക്ക് പേകാമെന്നാണ് ഓമന ആദ്യം കരുതിയത്. അതിനായി തന്റെ ബന്ധുവിനെ കൊണ്ട് ട്രെയിനിന് ഒരു ടിക്കറ്റ് ബുക്ക് ചെയ്യിപ്പിച്ചു. എന്നാൽ, പിന്നീട് ഓമന അത് കാൻസൽ ചെയ്തു. ശേഷം താജു, ന്യൂ‍ഡൽഹി എന്ന പേരിൽ മറ്റൊരു ടിക്കറ്റെടുത്തു. ആ ടിക്കറ്റിൽ യാത്ര ചെയ്തു. കോയമ്പത്തൂരിൽ നിന്ന് ഊട്ടിയിലെത്തിയ ഓമന ഊട്ടി റെയിൽവേ റിട്ടയറിങ് റൂമിലെത്തി ഹേമ എന്ന പേരിൽ നാലാം നമ്പർ മുറിയെടുത്തു. ആ മുറിയിൽ താമസിച്ചു കൊണ്ടാണ് കൊലപാതകത്തിനായുള്ള എല്ലാ പദ്ധതിയും ഓമന തയാറാക്കിയത്.

 

ഊട്ടിയിലെത്തിയ ഓമന ടൗണിൽ നിന്ന് ഏതാണ്ട് 7 കിലോമീറ്റർ‍ അകലെയുള്ള ഫേൺ ഹിൽസ് ഐജിജിഐ റിസോർട്ടിൽ മൂന്നു ദിവസത്തേക്കു മുറി ബുക്ക് ചെയ്തു. പിന്നാലെ ടൗണിലെത്തി മൂന്നു സ്യൂട്ട്കേസുകളും ട്രാവൽ ബാഗുകളും പോളിത്തീൻ കവറുകളും വാങ്ങി. എല്ലാം റെഡിയാക്കിയ ശേഷം ഊട്ടിയിൽനിന്ന് ഓമന ടാക്സിയിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. എടക്കരയിൽ എത്തിയ ശേഷം അവിടെയുള്ള ഒരു എസ്ടിഡി ബൂത്തിൽ നിന്നു മുരളീധരനെ വിളിച്ചു.

 

‘മുരളീധരൻ ഫീ ആണെങ്കിൽ നമുക്കൊന്ന് കാണണം. ഒരു യാത്ര ചെയ്താലോ’, ഇതായിരുന്നു ഓമനയുടെ ചോദ്യം. പണവും സ്വർണവും നൽകാമെന്നും ഓമന മുരളീധരനോട് പറഞ്ഞു. ഇതോടെ ജോലി ആവശ്യത്തിനായി തിരുവനന്തപുരത്തേയ്ക്ക് പോയ മുരളീധരൻ ‌ആരെയും അറിയിക്കാതെ ഓമനയുടെ അടുത്തെത്തി. കോയമ്പത്തൂരിൽ ബിസിനസ് ആവശ്യത്തിനായി പോകുകയാണെന്നാണ് മുരളീധരൻ കുടുംബത്തോടു പറഞ്ഞത്. കോഴിക്കോട്ടെ ലോഡ്ജിൽ വച്ച് ഇരുവരും കണ്ടുമുട്ടി. പിന്നാലെ ഇരുവരും ഊട്ടിയിലേക്ക് പുറപ്പെട്ടു. നേരത്തെ തയാറാക്കിയ പദ്ധതി പ്രകാരം ഓമന മുരളീധരനുമായി എത്തിയത് ഊട്ടിയിലെ ഐജിജി റിസോർട്ടിലാണ്. അവിടെ അന്ന് രാത്രി താമസിച്ചു. പിറ്റേ ദിവസം ഊട്ടി റെയിൽവേ സ്റ്റേഷനിലെ വിശ്രമ മുറിയിൽ മുരളീധരനൊപ്പം എത്തി. അവിടെ വച്ചാണ് ഓമന മുരളീധരനെ കൊലപ്പെടുത്തിയത്.

 

∙ കൊലപാതകം ക്രൂരമായി

 

ആദ്യം വിഷം നിറച്ച സിറിഞ്ച് അയാളറിയാതെ കുത്തിവച്ചു. തൊട്ടുപിന്നാലെ തന്നെ മുരളീധരൻ ബോധരഹിതനായി. തൊട്ടുപിന്നാലെ രക്തം കട്ടപിടിക്കാനുള്ള മരുന്നു ഓമന കുത്തിവച്ചു. അതിനുശേഷം മുരളീധരന്റെ മരണം ഉറപ്പുവരുത്തിയ ശേഷം മുറിയിലെ കട്ടിൽ അരികിലേക്ക് മാറ്റിവച്ച് നിലത്ത് പായവിരിച്ച് ഓമന മുരളീധരനെ ആ പായയില്‍ കിടത്തി. ശേഷം അയാളുടെ ശരീരം വെട്ടിമുറിച്ചു. രക്തം കട്ടപിടിക്കാനുള്ള മരുന്ന് കുത്തിവച്ചതുകൊണ്ട് തന്നെ രക്തം പുറത്തുവരാതെ ശരീരഭാഗങ്ങൾ മുറിച്ചെടുക്കാൻ ഓമനയ്ക്കായി.

 

പിന്നീട് അയാളുടെ ശരീരഭാഗങ്ങൾ ചെറിയ കഷണങ്ങളാക്കി വലിയ സ്യൂട്ട്കേസിൽ കുത്തിനിറച്ചു. മാംസവും എല്ലുകളും പ്രത്യേകമാക്കി 25 പ്ലാസ്‌റ്റിക് കവറുകളിലായി അവർ മാറ്റി. ആന്തരികാവയവങ്ങൾ കൊത്തിനുറുക്കി റൂമിലെ ക്ലോസറ്റിലിട്ടു ഫ്ലഷ് ചെയ്‌തു. ശേഷമാണ് ശരീരഭാഗങ്ങൾ അടങ്ങിയ സ്യൂട്ട്‌കേസുമായി ഓമന പുറത്തേയ്ക്കിറങ്ങിയത്. കോയമ്പത്തൂർ റെയിൽവേസ്റ്റേഷനിലേക്കാണ് ഓമന നേരെ പോയത്. അവിടെവച്ച് ഗാന്ധിപുരം മംഗല ഇന്റർനാഷ‍നൽ ലോഡ്ജിലെത്തി മുംതാസ് എന്ന പേരിൽ ഒന്നാം നിലയിൽ മുറി ബുക് ചെയ്തു. ലോഡ്ജിൽ വച്ച് പോളിത്തീൻ കവറുകൾ തുറന്ന് മൃതദേഹം അവിടെ ഉപേക്ഷിക്കാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. തൊട്ടടുത്ത ദിവസം ടാക്സിയിൽ കൊടൈക്കനാലിലേക്കാണ് ഓമന പോയത്. സാറ, ന്യൂ‍ഡൽഹി എന്ന പേരിലാണ് അവിടെ ലോഡ്ജിൽ മുറിയെടുത്തത്. മൃതദേഹ ഭാഗങ്ങൾ ലോഡ്ജ് മുറിക്കുള്ളിൽ വച്ച് കത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ സൗകര്യം കുറഞ്ഞ മുറിയായിരുന്നു ഓമനയ്ക്ക് കിട്ടിയത്. അതോടെ ആ പദ്ധതിയും ഉപേക്ഷിച്ചു. വീണ്ടും ടാക്സി വിളിച്ച് കൊടൈക്കനാലിലെ ‘കോക്കേഴ്സ് വാക്ക്’ എന്ന പേരിലുള്ള സ്യൂയിസൈസ് പോയിന്റിലേക്ക് ഓമന എത്തി. അവിടെ പെട്ടി കളയാമെന്നായിരുന്നു ചിന്തിച്ചത്. എന്നാൽ സഞ്ചാരികളുടെ തിരക്ക് കൂടിയപ്പോൾ ആ പദ്ധതിയും ഉപേക്ഷിച്ചു. നിരവധി സ്ഥലങ്ങളിൽ ആ പെട്ടിയുമായി ഓമന കാറിൽ സഞ്ചരിച്ചു. പക്ഷേ, മൃതദേഹം കളയാൻ കൃത്യമായൊരു സ്ഥലം കിട്ടാത്തത് ഓമനയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു.

 

അതിനിടയിലാണ് ഓമന പോലും ചിന്തിക്കാതിരുന്ന ആ കാര്യം സംഭവിച്ചത്. ഓമന ആദ്യം യാത്ര ചെയ്തത് കോയമ്പത്തൂരിൽ നിന്നു പിടിച്ച മുരുകൻ എന്നയാളുടെ ടാക്സിയിലായിരുന്നു. യാത്രയ്ക്കിടെ ഈ വാഹനം പഞ്ചറായി. പിന്നാലെ എന്തു ചെയ്യുമെന്നറിയാതെ ഓമന പരിഭ്രമിച്ചു. എന്നാല്‍ പഞ്ചറായ വാഹനത്തിന്റെ ഉടമ കന്യാകുമാരിയിലേക്ക് പോകാനായി ഓമനയ്ക്ക് മറ്റൊരു വാഹനം റെഡിയാക്കിക്കൊടുത്തു. കൊടൈക്കനാലിലെ ഡ്രൈവർ രാജയുടെ ടിഎൻ67വൈ 1616 എന്ന പുത്തൻ ഒമ്നി വാനായിരുന്നു എത്തിയത്. പഞ്ചറായ വാഹനത്തിൽ നിന്ന് പെട്ടികളെല്ലാം ഓമന തന്നെയാണ് പുതിയ വണ്ടിയിലേക്ക് മാറ്റിയത്. ഡ്രൈവർ രാജ സഹായിക്കാൻ എത്തിയെങ്കിലും പെട്ടികളിൽ തൊടാൻ പോലും ഓമന അനുവദിച്ചില്ല. ഇത് രാജയിൽ ചെറിയൊരു സംശയമുണ്ടാക്കി. ഇത്രയും ഭാരമുള്ള പെട്ടികൾ ആ സ്ത്രീ ഒറ്റയ്ക്ക് മാറ്റുകയാണ്. ഞാൻ സഹായം വാഗ്ദാനം ചെയ്തിട്ട് അവരെന്താവും അത് നിരസിച്ചത്. രാജയുടെ മനസ്സിൽ ഒരുപാട് ചിന്തകളുണ്ടായിരുന്നു. അതിനിടെയാണ് കാറിൽ നിന്ന് എന്തോ ദുർഗന്ധം വരുന്നതായി രാജ ശ്രദ്ധിച്ചത്. പിന്നാലെ വാഹനം നിർ‌ത്തി പെട്ടിയിൽ എന്താണെന്ന് രാജ ഓമനയോട് ചോദിച്ചു. ആദ്യം പലതും പറഞ്ഞ് നോക്കിയെങ്കിലും അവസാനം പെട്ടിയിലുള്ളത് മൃതദേഹമാണെന്ന് ഓമന സമ്മതിച്ചു.

 

പെട്ടിയിലുള്ളത് മൃതദേഹമാണെന്ന് തുറന്നു സമ്മതിച്ചതിന് പിന്നാലെ തന്നെ സഹായിക്കണമെന്ന് ഓമന ഡ്രൈവറോട് പറഞ്ഞു. പെട്ടികൾ ഉപേക്ഷിക്കാൻ സഹായിച്ചാൽ വൻ തുക നൽകാമെന്നും പറഞ്ഞു. അത് രാജ സമ്മതിച്ചു. പിന്നാലെ ഡീസലടിക്കാനെന്നു പറഞ്ഞു വാഹനം നിർത്തിയ ശേഷം രാജ കൊടൈക്കനാൽ പൊലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു. സംശയം തോന്നിയ ഓമന വാഹനത്തിനകത്ത് നിന്ന് പെട്ടികളെടുത്ത് കടന്നു കളഞ്ഞു. എന്നാൽ ടാക്സി ഡ്രൈവർമാരുടെ സഹായത്തോടെ ഓമനയെ ഡിണ്ടിഗലിൽ നിന്ന് പൊലീസ് പിടികൂടി. സ്റ്റേഷനിലെത്തി പെട്ടി തുറന്നപ്പോഴാണ് പോളിത്തീൻ കവറിൽ പൊതിഞ്ഞ മാംസക്കഷണങ്ങളും എല്ലുകളും പൊലീസ് കണ്ടത്. 1996 ജൂലൈ 13നു കൊലക്കുറ്റം ചുമത്തി ഓമനയെ അറസ്റ്റു ചെയ്തു.

 

എംബിബിഎസ് പഠനത്തിന്റെ ഭാഗമായി സർജിക്കൽ ബ്ലെയ്ഡും മറ്റും ഉപയോഗിച്ച് മൃതദേഹം കീറിമുറിക്കുന്നതിൽ കിട്ടിയ പരിചയമാണ് മുരളീധരന്റെ മൃതദേഹം മുറിച്ചു കഷണങ്ങളാക്കാൻ ഓമനയെ സഹായിച്ചത്. മധുര മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മുരളീധരന്റെ അവശേഷിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റുമോർട്ടം. വിരലടയാളങ്ങളിലൂടെ മരിച്ചത് മുരളിയാണെന്ന് ഉറപ്പാക്കി. രക്തം പുരണ്ട ചുരിദാർ ഓമനയുടെ ട്രാവലർ ബാഗിൽ നിന്നും കണ്ടെടുത്തു. റെയിൽവേ റിട്ടയറിങ് റൂമിലെ ശുചിമുറിയിലും ഡ്രസിങ് മുറിയിലും രക്തപ്പാടുകൾ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തികളും മറ്റും ബാഗിൽനിന്ന് കിട്ടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം, കൊലപ്പെടുത്തണമെന്ന ഉദേശത്തോടെ തട്ടിക്കൊണ്ടു പോകൽ, കുറ്റകൃത്യത്തെ സംബന്ധിച്ചുള്ള തെളിവു നശിപ്പിക്കൽ എന്നിവയാണു പ്രതിക്കെതിരെ ചുമത്തപ്പെട്ടത്.

 

∙ ജാമ്യത്തിലിറങ്ങി മുങ്ങി

 

 

അറസ്റ്റോടെ ഓമനയുടെ കേസ് അവസാനിച്ചില്ല. ആദ്യം മധുരയിലും പിന്നീട് മദ്രാസ് സെൻട്രൽ ജയിലിൽ വനിതകളുടെ സെല്ലിലുമായിരുന്നു ഓമനയെ പാർപ്പിച്ചത്. ജയിലിൽനിന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഓമന മുങ്ങി. വ്യാജ പാസ്പോർട്ടിൽ ഇവർ വിദേശത്തേക്കു കടന്നതായി പൊലീസിനു വിവരം കിട്ടി. തുടർന്ന് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. വർഷങ്ങൾ കഴിഞ്ഞിട്ടും ഓമനയെ പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിദേശത്തും സ്വദേശത്തും ഓമന താമസിക്കുന്നതു സംബന്ധിച്ച് പൊലീസിനു നിരവധി ഊമക്കത്തുകൾ കിട്ടിയിരുന്നു. 2017 ഒക്ടോബറിലാണ് ഓമനക്കേസ് വീണ്ടും സജീവമായത്. മലേഷ്യയിൽ സേലങ്കോറിലെ സുഭംഗ് ജയറ്റിൽ കെട്ടിടത്തിനു മുകളിൽ നിന്നു വീണു മരിച്ച മലയാളി സ്ത്രീ ഓമനയാണെന്ന സംശയത്തെ തുടർന്നു തമിഴ്നാട് ക്രൈംബ്രാഞ്ചും കേരള പൊലീസും അന്വേഷണം നടത്തി. മരിച്ച സ്ത്രീയെ തിരിച്ചറിയാത്തതിനാൽ, മലേഷ്യയിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ, മരിച്ച സ്ത്രീയുടെ ചിത്രം സഹിതം മലയാള പത്രങ്ങളിൽ പരസ്യം നൽകിയിരുന്നു. ഇതു ശ്രദ്ധയിൽപ്പെട്ട അന്നത്തെ തല‍ശ്ശേരി ഡിവൈഎസ്പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണു, കൊല്ലപ്പെട്ടത് ഡോ. ഓമനയാണെന്ന സംശയം ഉണ്ടായത്. ഓമനയുടെ ഭർത്താവിനെയും, സഹോദരനെയും ചിത്രം കാണിച്ചപ്പോൾ, അവരും സംശയം പ്രകടിപ്പിച്ചു. ഓമനയുടെ തിരുവനന്തപുരത്തുണ്ടായിരുന്ന മകളെയും ചിത്രം കാണിച്ചപ്പോൾ, രൂപസാദൃശ്യം അവരും ശരിവച്ചു. എന്നാൽ വിശദമായ അന്വേഷണത്തിൽ മരിച്ചത് ഓമനയല്ലെന്ന് പൊലീസ് കണ്ടെത്തി.

 

1984 ജനുവരി 22 നാണ് ചെങ്ങന്നൂർ ചെറിയനാട് സ്വദേശി സുകുമാരക്കുറുപ്പും സംഘവും ചേർന്ന് ഫിലിം റപ്രസന്റേറ്റീവ് ചാക്കോയെ മാവേലിക്കര കുന്നത്തിനു സമീപം കാറിലിട്ടു ചുട്ടു കൊന്നത്. താനാണ് മരിച്ചത് എന്ന് തെറ്റിദ്ധരിപ്പിച്ച് ഗൾഫിൽ ജോലി ചെയ്തിരുന്ന കമ്പനിയിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു സുകുമാരക്കുറുപ്പിന്റെ ലക്ഷ്യം. കുറുപ്പ് എവിടെയെന്നത് ഇപ്പോഴും അജ്ഞാതമാണ്….അതുപോല ഓമനയേയും പിന്നെ ആരും കണ്ടിട്ടില്ല. 25 വർഷമായിട്ടും അവരെ കണ്ടെത്താൻ ആർക്കും കഴിഞ്ഞിട്ടില്ല.

  • Related Posts

    വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങില്ല; പെട്ടന്ന് തീരുന്നതല്ല ഈ പ്രതിസന്ധി: മന്ത്രി സണ്ണി ജോസഫ്

    Spread the love

    Spread the loveതിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. 10 രൂപയ്ക്ക് മുകളിൽ നൽകി വൈദ്യുതി വാങ്ങാൻ കഴിയില്ല. എൻടിപിസി ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് വില കൂടുതലാണെന്നും സണ്ണി ജോസഫ് ട്വന്റിഫോറിനോട് പറഞ്ഞു. വൈദ്യുതി പ്രതിസന്ധിയുമായി പൊരുത്തപ്പെടാൻ…

    ഇതാണോ മാധ്യമപ്രവര്‍ത്തനം? ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതി, വാറണ്ട് ഉള്ളതുകൊണ്ടാണ് റെയ്ഡ് നടത്തിയത്; മുഖ്യമന്ത്രി

    Spread the love

    Spread the loveതിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനല്‍ മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരെ മുഖ്യമന്ത്രി വി ഡി സതീശന്‍. ആന്റോ അഗസ്റ്റിന്‍ പല കേസിലും പ്രതിയെന്ന് പറഞ്ഞ അദ്ദേഹം ഇതാണോ മാധ്യമപ്രവര്‍ത്തനമെന്നും ചോദിച്ചു. ഇന്ത്യ ടുഡേ റൗണ്ട് ടേബിള്‍ കോണ്‍ക്ലെവിലെ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രിയുടെ…

    Leave a Reply

    Your email address will not be published. Required fields are marked *