യാത്രക്കാർ മാറിക്കയറിയത് 4 ബസ്, മംഗളൂരു യാത്ര 5 മണിക്കൂർ വൈകി

Spread the love

പത്തനംതിട്ട∙ പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് മംഗലാപുരത്തേക്കു ശനിയാഴ്ച വൈകിട്ട് സർവീസ് നടത്തിയ ബസിന്റെ ടയർ സോളിങ് ഇളകിയതിനെ തുടർന്ന് യാത്രക്കാർ വഴിയിൽ മണിക്കൂറുകൾ കുടുങ്ങി. നാല് ബസ് മാറി കയറി അഞ്ച് മണിക്കൂർ വൈകിയാണ് യാത്രക്കാർക്കു മംഗലാപുരത്ത് എത്താനായത്. കെഎസ്ആർടി അധികൃതരുടെ നിരുത്തരവാദിത്തപരമായ നടപടി കാരണം യാത്രക്കാർക്കു സമയത്ത് എത്താൻ കഴിയാഞ്ഞത് മൂലം മംഗലാപുരത്ത് പഠിക്കുന്ന കോളജ് വിദ്യാർഥികൾ അടക്കം ബുദ്ധിമുട്ടിലായി.

 

എല്ലാ ദിവസവും വൈകിട്ട് 5 മണിക്കു പുറപ്പെടുന്ന സ്വിഫ്റ്റ് ബസ് പിറ്റേ ദിവസം രാവിലെ ആറരയോടെ മംഗലാപുരത്ത് എത്തുകയാണ് പതിവ്.40 സീറ്റുള്ള സ്വിഫ്റ്റ് ബസാണ് ഈ റൂട്ടിൽ സർവീസ് നടത്തി വരുന്നത്. ശനിയാഴ്ച വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന ബസ് ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് മറ്റൊരു റൂട്ടിലാണ് സർവീസിനു പോയത്. പകരമായി കോട്ടയം ഡിപ്പോയിൽ നിന്നും ഏറെ പഴക്കമുള്ള പച്ചനിറത്തിലുള്ള ഡീലക്സ് ബസാണ് എത്തിയത്. ഈ ബസ് എത്താൻ വൈകിയത് കാരണം സർവീസ് ആരംഭിച്ചത് അര മണിക്കൂർ വൈകിയായിരുന്നു.

 

സ്വിഫ്റ്റ് ബസ് കണ്ടാണ് സീറ്റുകൾ ബുക്ക് ചെയ്തതെന്നു യാത്രക്കാർ പറയുന്നു. എന്നാൽ പകരമായി എത്തിയ ബസിന്റെ സീറ്റുകൾ എല്ലാം കാലപ്പഴക്കത്തിൽ ദീർഘദൂരയാത്രക്കു അനുയോജ്യമല്ലാത്തവയായിരുന്നു. യാത്ര ആരംഭിച്ചപ്പോൾ തന്നെ യാത്രക്കാർ ഈ വിവരം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എല്ലാ സീറ്റുകളും ബുക്ക് ചെയ്തവയായിരുന്നു. പ്രതിഷേധവും ബുദ്ധിമുട്ടും സഹിച്ചായിരുന്നു ശനിയാഴ്ചത്തെ മംഗലാപുരത്തേക്കുള്ള യാത്ര.

 

ബസ് കോഴിക്കോടിനു സമീപം രാത്രി ഒന്നരയോടെ എത്തിയപ്പോൾ വലതു വശത്തെ അകത്തെ ടയറിന്റെ സോളിങ് ഇളകി മാറി. ബസ് വേഗത്തിൽ ഓടിക്കാൻ കഴിയാത്ത സാഹചര്യമായി. ഇളകിയ സോൾ സമീപത്തെ യന്ത്ര ഭാഗത്ത് അടിക്കുന്ന ശബ്ദം കാരണം ബസിനുള്ളിൽ ഇരിക്കാൻ കഴിയാത്ത അവസ്ഥ. തുടർന്ന് വെന്നിയൂർ ഭാഗത്ത് ഹൈവേയോടു ചേർന്ന് ബസ് ഒതുക്കി. ബസ് പാർക്ക് ചെയ്തിരിക്കുന്നതു കണ്ട് മലപ്പുറം കോട്ടയ്ക്കൽ എൻഫോഴ്സ്മെന്റിൽനിന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ അനുരാഗ്, കെ.അനീസ് എന്നിവർ എത്തി. നിലവിലുള്ള അവസ്ഥയിൽ ടയർ മാറ്റാതെ തുടർന്ന് യാത്ര ചെയ്യാൻ കഴിയില്ലെന്നു ഉദ്യോഗസ്ഥർ പറഞ്ഞതിനെ തുടർന്ന് സർവീസ് തുടരാൻ മറ്റൊരു ബസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ പാവങ്ങാട്ടുനിന്ന് മെക്കാനിക്കൽ വിഭാഗം എത്തിയെങ്കിലും പകരം ടയർ ഇല്ലാതിരുന്നതിനാൽ മടങ്ങി.

തുടർന്ന് മലപ്പുറം പാവങ്ങാട്ടുനിന്ന് നാല് മണിയോടെ ബസ് എത്തി. ഇതിൽ കയറി യാത്രക്കാരെ പുലർച്ചെ അഞ്ച് മണിക്കു പാവങ്ങാട്ട് ഡിപ്പോയിൽ എത്തിച്ചു. സ്പയർ ബസ് ആയതിനാൽ കൂടുതൽ ദൂരത്തിൽ പോകാൻ കഴിയാത്തതിനാൽ ഇതിലെ യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റി 9.30നു കാസർകോഡ് ബസ് സ്റ്റാൻഡിൽ കൊണ്ടുവന്നു. ഈ ബസിനു മംഗലാപുരത്തേക്കു പോകുന്നതിനുള്ള പെർമിറ്റ് ഇല്ലാത്ത കാരണത്താൽ ഇതിൽ വന്ന യാത്രക്കാരെ വീണ്ടും ഇറക്കി 10 മണിക്കു പെർമിറ്റുള്ള മറ്റൊരു ബസിലേക്കു മാറ്റി കയറ്റി 11 മണിയോടെയാണ് മംഗലാപുരത്ത് എത്തിച്ചത്.

 

പത്തനംതിട്ട ഡിപ്പോയിൽനിന്ന് മംഗലാപുരം വരെ ഏകദേശം 580 കിലോമീറ്ററോളമാണ് ദൂരം. പത്തനംതിട്ട ഡിപ്പോയിലെ കെ മനോജ്കുമാർ, പി.എം മനു എന്നിവരായിരുന്നു ബസിലെ ജീവനക്കാർ. ഒറ്റ രാത്രി ടാറ്റ, ഐഷർ, ലൈലാൻഡ് എന്നീ മൂന്ന് കമ്പനികളുടെ ബസുകൾ മാറിമാറി ഓടിച്ചാണ് ഇവർ മംഗലാപുരത്ത് എത്തുന്നത്. ഓരോ തവണയും വാഹനങ്ങൾ മാറുമ്പോൾ ബോർഡുകളുമായിട്ടായിരുന്നു ജീവനക്കാരുടെ യാത്ര. യാത്രാ ദുരിതത്തെ പറ്റി യാത്രക്കാർ വിവിധ ഡിപ്പോകളിൽ പരാതി പറഞ്ഞിട്ടും കാര്യമായ ഇടപെടൽ ഉണ്ടായില്ല.

  • Related Posts

    ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിലെ സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു

    Spread the love

    Spread the loveകൽപ്പറ്റ: അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോർട്ടർ ചാനൽ എംഡി ആന്‍റോ അഗസ്റ്റിന്‍റെ വാഴവറ്റയിലെ വീട്ടിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതായി എക്സൈസ് കണ്ടെത്തി. വീട്ടിലെ 22 ക്യാമറകളിലെയും ദൃശ്യങ്ങളില്ലെന്ന് എക്സൈസ് പറയുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ എടുത്തു മാറ്റിയ…

    ഇനി പാട്ടും കേട്ട് യാത്ര, ‘സ്വന്തം റേഡിയോ’യുമായി കെഎസ്ആർടിസി!

    Spread the love

    Spread the loveതിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രയിൽ ഹെഡ്ഫോൺ എടുക്കാൻ മറന്നുപോയോ? സാരമില്ല. പ്രതിദിനം യാത്ര ചെയ്യുന്ന 21 ലക്ഷത്തോളം വരുന്ന യാത്രക്കാർക്കായി ബസുകളിൽ സ്വന്തം ഡിജിറ്റൽ റേഡിയോ ശൃംഖല ഒരുക്കി യാത്രാനുഭവം മികച്ചതാക്കാൻ കെഎസ്ആർടിസി ഒരുങ്ങുന്നു. പ്രിയദർശനി സർവീസ് ആരംഭിച്ചതോടെ…

    Leave a Reply

    Your email address will not be published. Required fields are marked *