കൽപ്പറ്റ: വിവാഹ വാഗ്ദാനം നൽകി പുൽപ്പള്ളി സ്വദേശിനിയായ വിധവയായ വയോധികയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വർണം കൈവശപ്പെടുത്തുകയും ചെയ്തെന്ന കേസിൽ കൽപ്പറ്റ പിഡബ്ല്യുഡി ഓഫീസിലെ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. മുണ്ടേരി ഗവൺമെന്റ് ഹൗസിംഗ് കോളനി സ്വദേശിയായ സുബ്രഹ്മണ്യൻ (56) ആണ് പുൽപ്പള്ളി പൊലീസിന്റെ പിടിയിലായത്. ഏകദേശം അഞ്ച് വർഷം മുമ്പ് വയോധികയുടെ ബന്ധു മുഖേന പരിചയപ്പെട്ട ഇയാൾ, താൻ അഭിഭാഷകനാണെന്നും ഭാര്യയുമായി അകന്ന് കഴിയുകയാണെന്നും പറഞ്ഞ് സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും സ്വർണം ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. സഹായത്തിന് ആരുമില്ലാത്ത സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് നിയമപരമായ ആവശ്യങ്ങൾക്ക് സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്വർണവും പണവും കൈവശപ്പെടുത്തുകയും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്യുകയുമാണ് പ്രതിയുടെ രീതിയെന്ന് പരാതിയിൽ പറയുന്നു. അപമാനഭയവും ഭീഷണിയും കാരണം പലരും മുൻപ് പരാതി നൽകാൻ തയ്യാറായിരുന്നില്ല. സ്വന്തം അംഗവൈകല്യം ചൂണ്ടിക്കാട്ടി ആളുകളുടെ സഹാനുഭൂതി നേടി ബന്ധങ്ങൾ സ്ഥാപിക്കുകയും ഭാര്യ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളാണെന്ന കാര്യം ചില സാഹചര്യങ്ങളിൽ ദുരുപയോഗം ചെയ്യുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്. സുബ്രഹ്മണ്യനെതിരെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലും മുൻപ് കേസുകൾ നിലവിലുണ്ട്. വാടകവീട് ഒഴിഞ്ഞുകൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിലും അടിപിടിയിലും ഇയാൾക്കെതിരെ കേസുകളുണ്ട്. കൂടാതെ, സർക്കാർ പണം തിരിമറി നടത്തിയെന്ന പരാതിയിൽ നേരത്തെ നടപടിക്ക് വിധേയനായി സസ്പെൻഷനിലായിരുന്നതായും പൊലീസ് അറിയിച്ചു.








