മലപ്പുറം ∙ ജില്ലയിൽ കഴിഞ്ഞ 3 വർഷമായി മൂന്നിലൊന്ന് കുട്ടികൾക്കും അഞ്ചാം പനിക്കെതിരായ പ്രതിരോധ കുത്തിവയ്പ് പൂർണമായും എടുക്കുന്നില്ലെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 9–ാം മാസത്തിലും 15–ാം മാസത്തിലുമാണ് (ഒന്നേകാൽ വയസ്സ്) എംആർ വാക്സീൻ നൽകേണ്ടത്. കഴിഞ്ഞ വർഷവും (2025–26) 2023–24ലും 37% കുട്ടികൾക്കും 2 ഡോസുകൾ നൽകിയിട്ടില്ല. 2024–25ലാകട്ടെ 39% കുട്ടികൾക്കാണ് വാക്സീൻ പൂർണമായും നൽകാത്തതെന്നും കണക്ക് വ്യക്തമാക്കുന്നു.
നിർദിഷ്ട പ്രായമുള്ള കുട്ടികളിൽ 95% പേർക്കും വാക്സീൻ നൽകണമെന്നാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യം. എന്നാൽ കഴിഞ്ഞ 5 വർഷവും ഇത് സാധിച്ചിട്ടില്ല. 2021–22 കാലത്ത് 91% കുട്ടികൾക്ക് ആദ്യ ഡോസ് നൽകിയതാണ് ഉയർന്ന നേട്ടം. എന്നാൽ ആ വർഷം 79% കുട്ടികൾക്കു മാത്രമേ രണ്ടാം ഡോസ് നൽകാനായുള്ളൂ. 2022–23ൽ 89% ആദ്യ ഡോസും 81% രണ്ടാം ഡോസും എടുത്തു. 2023–24ൽ 88% ആദ്യ ഡോസ് എടുത്തപ്പോൾ രണ്ടാം ഡോസ് വെറും 63% കുട്ടികൾക്കാണ് നൽകിയത്. 2024–25ൽ ആദ്യ ഡോസ് 81% , രണ്ടാം ഡോസ് 61%, 2025–26ൽ ആദ്യ ഡോസ് 80%, രണ്ടാം ഡോസ് 63% എന്നിങ്ങനെയാണ് വാക്സീൻ എടുത്തവരുടെ കണക്ക്.
വേങ്ങര, താനൂർ, മലപ്പുറം, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശങ്ങളിൽ 40%ൽ ഏറെ കുട്ടികൾക്കാണ് 2 വാക്സീനും നൽകാത്തത്. വേങ്ങര ബ്ലോക്കിൽ വെറും 52% പേർക്കാണ് 2 വാക്സീനും നൽകിയത്. ജില്ലയിൽ വളവന്നൂർ, കുറ്റിപ്പുറം, വേങ്ങര, പൂക്കോട്ടൂർ മേഖലകളിലാണ് അഞ്ചാംപനി കൂടുതലായി ഇപ്പോൾ പടരുന്നത്. വാക്സീൻ പൂർണമായും എടുക്കാത്തവരിലാണ് രോഗം ഗുരുതരമാകുന്നതെന്ന് ആരോഗ്യവകുപ്പ് പറയുന്നു.







