ജീവിതം മാറ്റിമറിക്കുന്ന വൻതുക ലോട്ടറി അടിച്ചാൽ നിങ്ങൾ ആദ്യം എന്ത് ചെയ്യും? സന്തോഷം കൊണ്ട് തുള്ളിച്ചാടും, ജോലി ഉപേക്ഷിക്കും, സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നു നൽകും… ഇങ്ങനെ നൂറായിരം ആശയങ്ങൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയേക്കാം. എന്നാൽ യുഎസിലെ വിർജീനിയ സ്വദേശിയായ യുവതി ചെയ്തത് കേട്ടാൽ ആരും ഒന്ന് അമ്പരന്നുപോകും.
20 ലക്ഷം ഡോളർ (ഏകദേശം 19.15 കോടി രൂപ) ലോട്ടറി അടിച്ച തൊട്ടടുത്ത നിമിഷം, അവർ ശാന്തയായി തിരികെ ഓഫിസിലേക്ക് നടന്നു, ബാക്കി സമയം മുഴുവൻ സാധാരണപോലെ ജോലി ചെയ്തു തീർത്തു. ലോട്ടറി വിജയം ആഘോഷിക്കുന്നതിനേക്കാൾ കൃത്യനിഷ്ഠയ്ക്കും തൊഴിൽപരമായ ഉത്തരവാദിത്തത്തിനും മുൻഗണന നൽകിയ ഈ യുവതിയുടെ കഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലായി മാറുകയാണ്.
∙ ടെൻഷൻ നിറഞ്ഞൊരു ദിവസം, വഴിത്തിരിവായ ഉച്ചഭക്ഷണ സമയം
ഓഫിസിലെ കടുത്ത ജോലിഭാരവും ടെൻഷനും നിറഞ്ഞ ഒരു ദിവസമായിരുന്നു അത്. സ്ട്രെസ്സ് കുറയ്ക്കാനും ഉച്ചഭക്ഷണം കഴിക്കാനുമായി ഇറങ്ങിയപ്പോഴാണ് ഭാഗ്യം പരീക്ഷിക്കാൻ അവർ തീരുമാനിച്ചത്. നോർഫോക്കിലെ ‘ലവ് ഫൂഡ് മാർട്ട്’ എന്ന ചെറിയ കടയിലെത്തി 20 ഡോളറിന്റെ “പ്ലാറ്റിനം 7എസ്” സ്ക്രാച്ച്-ഓഫ് ടിക്കറ്റ് വാങ്ങി.
കടയ്ക്കുള്ളിൽ വച്ചുതന്നെ ടിക്കറ്റ് സ്ക്രാച്ച് ചെയ്തു നോക്കിയ യുവതി അദ്ഭുതപ്പെട്ടു! ആ ഗെയിമിലെ ഏറ്റവും വലിയ സമ്മാനമായ 20 ലക്ഷം ഡോളർ തനിക്കാണ് അടിച്ചിരിക്കുന്നത്. സന്തോഷം കൊണ്ട് ഉറക്കെ നിലവിളിക്കാനോ, അപ്പോൾത്തന്നെ ബോസിനെ വിളിച്ച് രാജിക്കത്ത് നൽകാനോ ഉള്ള സന്ദർഭമായിരുന്നു അത്. എന്നാൽ, ആ നിമിഷം അവരുടെ മനസ്സിൽ ഓടിയെത്തിയത് ഉച്ചഭക്ഷണത്തിനുള്ള ബ്രേക്ക് സമയം അവസാനിക്കാറായി എന്ന ചിന്ത മാത്രമായിരുന്നു.
∙ “ഒന്നും സംഭവിക്കാത്തതുപോലെ തിരികെ ജോലിയിലേക്ക്”
വൻതുക സമ്മാനം അടങ്ങിയ ഭാഗ്യടിക്കറ്റ് സുരക്ഷിതമായി കയ്യിൽ വച്ച് അവർ നേരെ ഓഫിസിലേക്ക് മടങ്ങി. “എനിക്ക് ജോലിസ്ഥലത്തേക്ക് തിരികെ പോകണമായിരുന്നു. അപ്പോൾ ഒന്നും സംഭവിക്കാത്തതുപോലെ പെരുമാറേണ്ടി വന്നു,” സമ്മാനം കൈപ്പറ്റുന്നതിനിടെ വിർജീനിയ ലോട്ടറി അധികൃതരോട് അവർ തമാശയോടെ പറഞ്ഞു.
മനസ്സിൽ കോടികളുടെ അധിപയായെന്ന വലിയ രഹസ്യം കാത്തുവച്ചുകൊണ്ട്, അൽപം മുൻപ് വരെ അനുഭവിച്ചിരുന്ന അതേ ജോലി സമ്മർദത്തിലേക്ക് അവർ യാതൊരു പതർച്ചയുമില്ലാതെ തിരിച്ചെത്തി. കൂടെയുള്ള സഹപ്രവർത്തകർ ആരും തന്നെ ആ വലിയ രഹസ്യം അറിഞ്ഞതുമില്ല.
∙ പണവും പേരും
സമ്മാനം കൈപ്പറ്റാൻ ലോട്ടറി ഓഫിസിലെത്തിയപ്പോൾ അവർക്ക് മുന്നിൽ രണ്ട് വഴികളുണ്ടായിരുന്നു. സമ്മാനത്തുക മുഴുവനായി 30 വർഷത്തെ ഗഡുക്കളായി വാങ്ങുക, അല്ലെങ്കിൽ ഒരുമിച്ച് തുക കൈപ്പറ്റുക. രണ്ടാമത്തെ വഴിയാണ് അവർ തിരഞ്ഞെടുത്തത്. നികുതി കിഴിക്കുന്നതിന് മുൻപുള്ള 952,000 ഡോളർ (ഏകദേശം 9.11 കോടിയോളം രൂപ) ഒറ്റത്തവണയായി അവർ സ്വന്തമാക്കി. കൂടാതെ, ഭാഗ്യ ടിക്കറ്റ് വിറ്റ കടയ്ക്കും ലോട്ടറി വകുപ്പിൽ നിന്ന് ബോണസ് തുക ലഭിച്ചു.
സമ്മാനത്തുക തിരഞ്ഞെടുക്കുന്നതിൽ മാത്രമല്ല, സ്വന്തം വ്യക്തിത്വം സംരക്ഷിക്കുന്നതിലും അവർ വലിയൊരു ബുദ്ധിപരമായ തീരുമാനം എടുത്തു. പുതിയ നിയമപ്രകാരം ലോട്ടറി ജേതാവിന് തന്റെ പേരും വിവരങ്ങളും രഹസ്യമായി സൂക്ഷിക്കാൻ വിർജീനിയ ലോട്ടറി അനുവാദം നൽകുന്നുണ്ട്. മുൻപ് 1 കോടി ഡോളറിന് മുകളിൽ ലഭിക്കുന്നവർക്ക് മാത്രം ലഭ്യമായിരുന്ന ഈ ആനുകൂല്യം, അടുത്തിടെ വന്ന നിയമഭേദഗതിയിലൂടെ എല്ലാവർക്കും ലഭ്യമാക്കുകയായിരുന്നു. ഈ അവസരം ഉപയോഗിച്ച് പേരും വിവരങ്ങളും പരസ്യപ്പെടുത്തേണ്ടെന്ന് അവർ തീരുമാനിച്ചു.
∙ ഇനിയെന്ത്?
മൾട്ടി മില്യണയർ ആയി മാറിയ ഈ യുവതി പിന്നീട് ജോലിയിൽ തുടർന്നോ അതോ രാജിവച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. എങ്കിലും, ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷവാർത്ത അറിഞ്ഞിട്ടും, ആത്മനിയന്ത്രണം കൈവിടാതെ താൻ ചെയ്തുതീർക്കാനുള്ള ജോലി കൃത്യമായി പൂർത്തിയാക്കാൻ കാണിച്ച ആ മനോഭാവമാണ് ജനങ്ങളെ ആകർഷിക്കുന്നത്. ജീവിതത്തിൽ അപ്രതീക്ഷിതമായി വലിയ വിജയങ്ങളോ ഭാഗ്യമോ വരുമ്പോൾ എങ്ങനെ പ്രതികരിക്കണം എന്നതിന് ഈ യുഎസ് യുവതിയുടെ കഥ വലിയൊരു മാതൃകയാണ്.








