ഗൂഡല്ലൂർ ∙ കോടതി ഉത്തരവും വനംവകുപ്പിന്റെ നിയമങ്ങളും മസിനഗുഡിയിലേക്കുള്ള സഞ്ചാരികളുടെ യാത്ര മുടക്കുന്നു . മൈസൂരു–ഗൂഡല്ലൂർ ദേശീയപാതയിൽ തെപ്പക്കാടിൽ മസിനഗുഡിയിലേക്കുള്ള റോഡിൽ വിനോദസഞ്ചാരികൾക്ക് മസിനഗുഡി –കല്ലട്ടി റോഡിലൂടെ പ്രവേശനം ഇല്ലെന്നുള്ള ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ബോർഡ് കാണാതെ പോകുന്ന സഞ്ചാരികൾ മാവനഹള്ളയ്ക്ക് സമീപമുള്ള ചെക്ക് പോസ്റ്റിലെത്തുമ്പോൾ ജീവനക്കാർ തിരിച്ചു വിടും. തെപ്പക്കാട് നിന്നും 10 കിലോമീറ്റർ ദൂരം സഞ്ചരിച്ചെത്തുമ്പോഴാണ് ജീവനക്കാർ മടക്കി വിടുന്നത്. രണ്ടുഭാഗത്തു കൂടി 20 കിലോമീറ്റർ അധികം സഞ്ചാരികവ്‍ യാത്ര ചെയ്യണം.
ഇത് നാട് കാണാനെത്തുന്ന സഞ്ചാരികളെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. ഊട്ടിക്ക് കല്ലട്ടി വഴി പോകാനെത്തുന്ന സഞ്ചാരികളെ തെപ്പക്കാട് നിന്നു മടക്കി അയച്ചാൽ സഞ്ചാരികളുടെ ദുരിതം തീരും. കല്ലട്ടി വഴിയുള്ള ഗതാഗതം കോടതി പൂർണമായും നിരോധിച്ചതോടെ മസിനഗുഡിയിൽ നാട്ടുകാർ സമരം നടത്തി. വിനോദസഞ്ചാരം പൂർണമായും നിലച്ചാൽ ജീവിതം ദുരിതമാകുമെന്ന് പരാതി നൽകിയതോടെ ജില്ലാ ഭരണകൂടം പ്രതിസന്ധി കോടതിയെ അറിയിച്ചു. തുടർന്ന് കോടതി ഒരു ദിവസം 200 വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്ക് കല്ലട്ടി വഴി അനുമതി നൽകിയിട്ടുണ്ട്. 200 വാഹനങ്ങൾ രാവിലെ 11 മണിയോടെ ഇതു വഴി കടന്നു പോയതായി വനം വകുപ്പ് അറിയിക്കുന്നുണ്ട്. തുടർന്ന് വരുന്ന സഞ്ചാരികളുടെ വാഹനങ്ങളെയാണ് മടക്കി അയക്കുന്നത്.
മസിനഗുഡി കഴിഞ്ഞ് മാവനഹള്ളയിലെത്തുമ്പോഴാണ് വനം വകുപ്പ് വാഹനങ്ങൾ തടയുന്നത്. കോടതി ഉത്തരവ് നടപ്പിലാക്കുകയാണ് വനം വകുപ്പ് ചെയ്യുന്നതെന്നാണ് വനം വകുപ്പ് വാദം. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ സഞ്ചാരികൾക്ക് പ്രതിസന്ധി ഉണ്ടാകാതെ പരിഹരിക്കേണ്ട ഉത്തരവാദം ഈ വകുപ്പിനാണ്.തൊറപ്പള്ളി മുതൽ മാവനഹള്ളവരെയുള്ള റോഡിൽ സഞ്ചാരികളെ ഭീതിപ്പെടുത്തുന്ന രീതിയിലാണ് നിർദേശങ്ങളടങ്ങിയ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. തെപ്പക്കാടിൽ ഹൈക്കോടതി ഉത്തരവടങ്ങിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്. തൊറപ്പള്ളി ചെക്ക് പോസ്റ്റ് കഴിഞ്ഞ് വനത്തിൽ കയറിയാൽ വന്യമൃഗങ്ങളെ കാണാനും കാടിന്റെ സൗന്ദര്യം ആസ്വദിക്കാനും സഞ്ചാരികൾക്ക് കഴിയില്ല. കാരണം വഴിയരികിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലെ നിർദേശങ്ങൾ രൂക്ഷമാണ്.








