ഡോക്ടർ ജോലി ഉപേക്ഷിച്ച് തുടങ്ങിയത് ‘ബൺ’ കട; ആ തീരുമാനത്തിന് പിന്നിൽ ഒറ്റ കാരണം മാത്രമെന്ന് യുവതി…

Spread the love

സ്വന്തമായി എന്തെങ്കിലും തുടങ്ങാനാണ് പുതിയ തലമുറ പൊതുവേ ആഗ്രഹിക്കുന്നത്. തിരക്ക് പിടിച്ച ജോലിയിൽ നിന്നെല്ലാം മാറി സ്വസ്ഥമായി സമാധാനത്തോടെ ജീവിക്കാനാണ് ബിസിനസ് എന്ന പ്ലാൻ. ആഗ്രഹിച്ച് പഠിച്ച് പല ഉന്നത സ്ഥാനങ്ങളിലെത്തിയ പലരും അതെല്ലാം ഉപേക്ഷിച്ച് സ്വന്തം ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പിറകെ പായുകയാണ് ഈ കാലത്ത്. സംരംഭകനായാൽ പണിയെടുക്കേണ്ട എന്ന ചിന്തയല്ല, മറിച്ച് നമ്മുടെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കുമായി ജീവിക്കാൻ സാധിക്കുമെന്നുള്ളതാണ് അവരുടെ പ്രധാന വാദം.

 

20 വർഷത്തിലേറെ മെഡിക്കൽ രംഗത്ത് പ്രവർത്തിച്ച ഡോക്ടർ ഇപ്പോൾ ആ ജോലി ഉപേക്ഷിച്ച് ബൺ കട തുടങ്ങിയ വാർത്തയാണ് ചർച്ചയാകുന്നത്. ചൈനയിലാണ് സംഭവം. 48–കാരിയായ ഡോ.ഡോങ് മിൻ ആണ് കരിയർ വിട്ട് സ്വപ്നത്തിനും ആഗ്രഹങ്ങൾക്കും പിന്നാലെ പോയത്. ഡോക്ടർ എന്നാൽ വളരെയേറെ തിരക്കും സമ്മർദവും കൈകാര്യം ചെയ്യേണ്ട മേഖലയാണ്. ആളുകളുടെ ജീവന്‍ തന്റെ കൈകളിലാണെന്ന ഭാരിച്ച തോന്നലാണ് ഡോങിന്റെ മെഡിക്കൽ കരിയറിനെ ഇഷ്ടമില്ലാത്തതാക്കി തീർത്തത്. ഗൈനക്കോളജി വിഭാഗത്തിലായിരുന്ന ഡോങ് പറയുന്നത് ബൺ കടയിൽ എത്ര മണിക്കൂർ ജോലി ചെയ്താലും മെഡിക്കൽ രംഗത്തെ സമ്മർദത്തോളം വരില്ല എന്നാണ്.

 

സന്തോഷമാണ് പ്രധാനം

 

മെഡിക്കൽ രംഗത്തെ പ്രവർത്തന രീതി അറിയാതെ പോയി ആ മേഖലയിലേക്ക് എത്തിയ ആളല്ല ഡോങ്. എല്ലാം അറിഞ്ഞ് കൊണ്ട് തന്നെ എത്തുകയും എല്ലാത്തിന്റെയും പരിധികൾ പിന്നിടുന്നെന്ന് തോന്നിയതോടെ നോ പറയുകയുമായിരുന്നു. ബൺ കട തുടങ്ങിയപ്പോൾ പലരും പരിഹസിച്ചു. 1999–ൽ വുഹാൻ യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ നിന്നാണ് പഠനം പൂർത്തിയാക്കിയത്. ഷെൻഷെനിലെ ആശുപത്രിയിൽ ആദ്യം ജോലി ആരംഭിച്ചു.

 

അമ്മയും ഡോക്ടറായിരുന്നു. ആ സ്വാധീനവും ഡോങ്ങിന്റെ ജീവിതത്തിലുണ്ടായിരുന്നു. പിന്നീട് അമ്മ നടത്തുന്ന ഹോസ്പിറ്റലിന്റ നടത്തിപ്പിലേക്ക് മാറി. അമ്മ ജോലിയില്‍ നിന്ന് വിരമിച്ചതോടെ ക്ലിനിക്കിന് പൂട്ടു വീണു. തുടര്‍ന്ന് സർക്കാർ സെക്ടറിലായിരുന്നു ജോലി. കമ്യൂണിറ്റി ഹോസ്പിറ്റലിന്റെ ചുമതലയോടൊപ്പം ഭരണപരമായ പല കാര്യങ്ങളിലും ഇടപെടേണ്ടി വന്നു. ഈ മേഖലയിലെ അനീതികളും സമ്മർദങ്ങളും പലരുടെയും വാക്ക് കേട്ട് ചെയ്യേണ്ടി വന്ന കാര്യങ്ങളും ജോലിയെയും കരിയറിനെയും ഒരുപോലെ മടുപ്പിച്ചു.

 

വേണം മാറ്റം

 

നിരന്തരമായി മനസ്സ് മടുത്ത് തുടങ്ങിയതോടെയാണ് ഡോങ് മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നത്. വളരെയേറെ ആഗ്രഹിച്ചെത്തിയ കരിയറിൽ നടക്കുന്ന തെറ്റായ കാര്യങ്ങളും അനീതിയും കണ്ടതോടെ മാറ്റം വേണമെന്ന് ഉറപ്പിച്ചു. ഇതിനായി മനസ്സിനെ പാകപ്പെടുത്തി. പലരും സ്വപ്നം കാണുന്ന മെഡിക്കൽ കരിയർ ഉപേക്ഷിക്കാനുള്ള തീരുമാനം അത്ര എളുപ്പമായിരുന്നു. പണം സമ്പാദിക്കാനും വളരെ വേഗം കോടീശ്വരിയാകാനും കഴിയുന്ന ഈ കരിയർ വേണ്ടെന്ന് തന്നെ തീരുമാനിച്ചു.

 

‘ഒരു ദിവസത്തെ എനര്‍ജിയിൽ കൂടുതലും ഞാൻ ചെലവാക്കിയിരുന്നത് മെഡിക്കൽ ആവശ്യങ്ങൾക്ക് വേണ്ടിയായിരുന്നില്ല, മറിച്ച് അതിന്റെ ഭാഗമായുള്ള ചില തെറ്റായ ചർച്ചകൾക്ക് ആയിരുന്നു’. ഇതെല്ലാം ഡോങ്ങിനെ മാനസികമായി തകർത്തു. ജീവിക്കണമെങ്കിൽ കരിയറിനോട് നോ പറയണമെന്ന സ്ഥിതിയായി. അതോടെ ജോലി വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചു.

 

വീട്ടിൽ നിന്ന് എതിർത്തു

 

ജോലി ഉപേക്ഷിക്കുന്ന കാര്യം വീട്ടിൽ പറഞ്ഞപ്പോൾ നേരിട്ടത് വലിയ എതിർപ്പാണെന്ന് ഡോങ് പറയുന്നു. ഇത്രയും നല്ലൊരു ജോലി വേണ്ടെന്ന് വയ്ക്കാൻ നിനക്ക് വട്ടുണ്ടോ എന്നായി അവരുടെ ചോദ്യം. വലിയ വാഗ്‌വാദങ്ങളും പൊട്ടിത്തെറികളും ഉണ്ടായി. ഒരു കാരണത്താലും അംഗീകരിക്കാൻ ആകില്ലെന്നും തീരുമാനവുമായി മുന്നോട്ട് പോയാൽ നഷ്ടം നിനക്ക് മാത്രമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

 

48–മത്തെ വയസ്സിലാണ് ഡോങ് ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തത്. ഈ കാലത്തോളം എടുത്ത എല്ലാ തീരുമാനങ്ങളും വ്യക്തിപരമായിരുന്നു. ഇതും അങ്ങനെ തന്നെയായിരിക്കും. മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന ചിന്ത ഒരിക്കലും അലട്ടിയിട്ടില്ലെന്നും ഡോങ് പറയുന്നു. രാജിവച്ചതോടെ വീട്ടുകാർ തന്റെ തീരുമാനം ശരിയാണെന്ന നിഗമനത്തിലേക്ക് എത്തിയെന്നും ഡോങ് പറഞ്ഞു.

 

ബൺ‌ ബിസിനസ്

 

2023ലാണ് സംഭവം. ബൺ ബിസിനസിലേക്ക് എത്തിയത് ഒരു സുഹൃത്ത് മുഖേനയാണ്. അദ്ദേഹത്തിന്റെ കുടുംബം ഏറെ നാളായി ഈ ബിസിനസ് ചെറിയ രീതിയില്‍ ചെയ്യുന്നുണ്ടായിരുന്നു. ബൺ കഴിക്കാനും നിർമിക്കാനും ഡോങിന് ഇഷ്ടമായിരുന്നു. കൂടുതൽ വിവരങ്ങൾ പഠിച്ചെടുത്തതോടെ തിരക്ക് പിടിച്ച മെഡിക്കല്‍ പ്രഫഷനേക്കാൾ എന്തുകൊണ്ടും നല്ലത് ബൺ ബിസിനസാണെന്ന് തിരിച്ചറിഞ്ഞു. കയ്യിലുള്ള പണം ഉപയോഗിച്ച് സംരംഭം തുടങ്ങി. ഷെഫായി ഒരാളായിരുന്നു ഉണ്ടായിരുന്നത്.

 

ചെറിയ രീതിയിലായിരുന്നു തുടക്കം. ബിസിനസ് സജീവമായതോടെ ഷെഫ് ജോലി ഉപേക്ഷിച്ച് പോയി. ഈ സമയത്താണ് മുതലാളിയും തൊഴിലാളിയും ഒരാളായാൽ എന്താ എന്ന ചിന്ത കടന്നു വന്നത്. ബൺ ഉണ്ടാക്കാൻ അങ്ങനെ ഡോങ് പഠിച്ചു. മെഡിക്കൽ കരിയര്‍ പൂർണമായി വിട്ട് ബൺ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്ന് സ്വന്തമായി രണ്ട് ഔട്ട്ലെറ്റുകളാണ് ഡോങിന് ഉള്ളത്. മനസമാധാനത്തിനും സന്തോഷത്തിനും ഒരു കുറവുമില്ലെന്നാണ് ഡോങ് കൂട്ടിചേർക്കുന്നത്.

  • Related Posts

    മരുമകളുടെ ശരീരത്തെക്കുറിച്ച് ട്രംപിന്റെ പരാമർശം, സോഷ്യൽ മീഡിയയിൽ വിമർശനം

    Spread the love

    Spread the loveവാഷിങ്ടൺ: മരുമകളും ഫോക്സ് ന്യൂസ് അവതാരകയുമായ ലാറ ട്രംപിന്റെ ശരീരസൗന്ദര്യത്തെയും ശാരീരികക്ഷമതയെയും കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വിമർശനത്തിന് ഇടയാക്കി. ‘ഇത് കേട്ട് എനിക്ക് ഛർദിക്കാൻ തോന്നുന്നു’ എന്നതുൾപ്പെടെയുള്ള പ്രതികരണങ്ങളാണ് ചിലർ…

    ഒമാനിൽ പിങ്ക് ഡോൾഫിൻ: കാഴ്ചക്കാരുടെ മനം കവർന്ന് അപൂർവ ദൃശ്യം

    Spread the love

    Spread the love    മസ്കറ്റ്: ഒമാനിലെ മസ്കറ്റിന് സമീപം ഖന്താബ് ബീച്ചിൽ (Qantab Beach) അപൂർവ പിങ്ക് നിറമുള്ള ഡോൾഫിനുകളെ കണ്ടെത്തി. തീരത്തിനടുത്ത് കൂട്ടമായി നീന്തുന്ന ഡോൾഫിനുകളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പലതവണയാണ് ഇളം പിങ്ക് നിറമുള്ള…

    Leave a Reply

    Your email address will not be published. Required fields are marked *