ചെന്നൈ ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മരിച്ചതു ഗ്രാനൈറ്റ് വ്യവസായി ആർ.വീരമണിയുടെ പീഡനത്തെ തുടർന്നാണെന്ന് ആരോപിച്ചു പൊലീസിൽ പരാതി. പഠന സഹായം വാഗ്ദാനം ചെയ്തു വീരമണി വീട്ടിലേക്കു വിളിപ്പിച്ച പെൺകുട്ടിയെ 2016ൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയിരുന്നു. പരാതി നൽകിയെങ്കിലും പണവും സ്വാധീനവും ഉപയോഗിച്ചു വീരമണി കേസ് ഒതുക്കിയെന്നാണ് ആരോപണം. ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടർന്ന് ഐസ്ഹൗസ് സ്റ്റേഷനു പ്രക്ഷോഭകാരികൾ തീയിട്ടതിനാൽ കേസുമായി ബന്ധപ്പെട്ട രേഖകൾ നശിച്ചതായി കാണിച്ചു പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.
പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിൽ വീരമണി അറസ്റ്റിലായതോടെയാണു വീണ്ടും പരാതി നൽകാൻ ധൈര്യം ലഭിച്ചതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഇതിനിടെ കേസിൽ അറസ്റ്റിലായി റിമാൻഡിലുള്ള വീരമണിയുടെ സഹായികളായ ശാന്തി, ഭർത്താവ് മഹേന്ദ്ര സിംഹൻ എന്നിവർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനും പ്രതികൾ വിദേശത്തേക്കു കടക്കാനും സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയെ പൊലീസ് എതിർത്തു.







