കോഴിക്കോട് ∙ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപറ്റ ജില്ല സെഷൻസ് കോടതി തള്ളി. ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ മുങ്ങനാനിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 67 ലീറ്റർ മദ്യം പിടികൂടിയ സംഭവത്തിലാണ് ലില്ലി ജോസ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
കേസിൽ ലില്ലി ജോസ് പ്രതിയല്ലാത്തതിനാലാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്. ലില്ലി ജോസിനെ ഭാവിയിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അവർക്ക് നോട്ടിസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് നടപടികളിലേക്ക് കടക്കാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ തള്ളുമെന്ന സാഹചര്യത്തിൽ ലില്ലി ജോസിന്റെ അഭിഭാഷകൻ മുന്നോട്ടുവച്ച ഈ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
വീട് തന്റെ പേരിലല്ലെന്നും ലില്ലി ജോസ് എന്നയാളുടെ പേരിലാണെന്നും വിചാരണ കോടതിയിലും ഹൈക്കോടതിയിലും ആന്റോ അഗസ്റ്റിൻ വാദിച്ചിരുന്നു. ജപ്തിയിലായ വീട് ലില്ലി ജോസ് വാങ്ങുകയായിരുന്നു എന്നായിരുന്നു ആന്റോയുടെ വാദം. കേസ് അന്വേഷണത്തിന്റെ ഭാഗമായി ലില്ലി ജോസിന്റെ മൊഴി എടുക്കാൻ എക്സൈസ് സംഘം പലതവണ ഇവരുടെ വീട്ടിൽ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് മുൻകൂർ ജാമ്യം തേടി ലില്ലി ജോസ് കൽപറ്റ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്.








