ന്യൂഡൽഹി /കൊല്ലം∙ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ഭർത്താവ് ക്രൂരമായി മർദിച്ച സംഭവത്തിൽ ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. നീണ്ടകര പുത്തൻതുറ സ്വദേശിയായ അഞ്ജുവിനെ ഭർത്താവ് നന്ദു ക്രൂരപീഡനത്തിനിരയാക്കിയെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മിഷന്റെ നടപടി. സംഭവത്തിൽ ചവറ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്.
ജൂലൈ 27നായിരുന്നു അഞ്ജുവും നന്ദുവും തമ്മിലുള്ള വിവാഹം. വിവാഹം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽത്തന്നെ സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞ് ഭർതൃവീട്ടുകാർ മാനസിക പീഡനം തുടങ്ങിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ഒരു മാസത്തിനുശേഷം ഭർത്താവ് വിദേശത്തേക്കു പോകുകയും അവിടെനിന്നു ഫോണിലൂടെ അസഭ്യം പറയുകയും ചെയ്തു. ഇതേത്തുടർന്ന് അഞ്ജു സ്വന്തം വീട്ടിലേക്കു പോയെങ്കിലും ഭർതൃവീട്ടുകാർ തിരികെ വിളിച്ചുകൊണ്ടുവന്നു.
പിന്നീട് ഭർത്താവ് സൗദിയിലെ ജോലിസ്ഥലത്തേക്ക് അഞ്ജുവിനെ കൊണ്ടുപോകുകയും അവിടെവച്ച് കുക്കറും ലാപ്ടോപ് ചാർജറും അടുക്കള ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ ഉപയോഗിച്ചു നിരന്തരം മർദിച്ചുവെന്നുമാണ് പരാതി. ക്രൂര മർദനമേറ്റ യുവതി സെപ്റ്റംബർ 30 ന് തിരിച്ചു നാട്ടിലെത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.








