കർണാടക വോട്ടർപട്ടികയിൽ സ്വയം ‘മരണം’ സാക്ഷ്യപ്പെടുത്തി 37 പേർ, പരസ്പരം ‘കൊന്ന്’ 334 ജോഡികൾ, ഞെട്ടി തിരഞ്ഞെടുപ്പ് കമ്മിഷൻ

Spread the love

ബെംഗളൂരു: വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ അപേക്ഷ നൽകിയത് ജീവിച്ചിരിക്കുന്ന അതേ വോട്ടർമാർ, കാരണമായി ചൂണ്ടിക്കാട്ടിയത് സ്വന്തം ‘മരണവും’!. കർണാടകയിലെ വോട്ടർപട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയിൽ (SIR) കണ്ടെത്തിയ ഈ വിചിത്രമായ ക്രമക്കേട് തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്.

 

സംസ്ഥാനത്ത് 37 വോട്ടർമാർ തങ്ങൾ ‘മരിച്ചുപോയി’ എന്ന് കാണിച്ച് പേര് വെട്ടാൻ സ്വന്തം പേരിൽത്തന്നെ അപേക്ഷ നൽകിയപ്പോൾ, 334 ജോഡി വോട്ടർമാർ (ആകെ 668 പേർ) പരസ്പരം മരിച്ചവരാണെന്ന് കാണിച്ച് എതിർപ്പുകൾ ഫയൽ ചെയ്തു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖകൾ വിശകലനം ചെയ്ത് ‘മാൻഡേറ്റ് അനലിറ്റിക്സ് ആൻഡ് കൺസൾട്ടിങ്’ നടത്തിയ പഠനം ഉദ്ധരിച്ച് ‘ദി ഹിന്ദു’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

 

ഒരാൾ മരിക്കുകയോ താമസം മാറുകയോ ചെയ്താൽ വോട്ടർപട്ടികയിൽ നിന്ന് പേര് ഒഴിവാക്കാൻ സമർപ്പിക്കേണ്ടത് ‘ഫോം-7’ ആണ്. എന്നാൽ, കർണാടകയിൽ ലഭിച്ച 37 അപേക്ഷകളിൽ അപേക്ഷകന്റെ പേരും ഒഴിവാക്കേണ്ട ആളുടെ പേരും ഇനീഷ്യൽ അടക്കം ഒന്നാണ്. ഇവർ സ്വന്തം മരണകാരണം കാണിച്ചാണ് ഫോം സമർപ്പിച്ചിരിക്കുന്നത്. ജൂൺ 30-ന് ആരംഭിച്ച എസ്.ഐ.ആർ പ്രക്രിയയ്ക്ക് മുൻപാണ് ഇത്തരം ഭൂരിഭാഗം അപേക്ഷകളും സമർപ്പിക്കപ്പെട്ടത്. സെപ്റ്റംബർ 17-നും 26-നും ഇടയിൽ മഗാഡി, സണ്ടൂർ, ബ്യാട്ടരായണപുര മണ്ഡലങ്ങളിൽ നിന്ന് ലഭിച്ച ഇത്തരം മൂന്ന് അപേക്ഷകൾ കരട് വോട്ടർപട്ടികയിലും ഉൾപ്പെട്ടിട്ടുണ്ട്.

 

സോഫ്റ്റ് വെയറിലെ തകരാറുകളോ ഡാറ്റാബേസ് പിഴവുകളോ ആകാം ഇതിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിശദീകരണം. പലയിടത്തും ബി.എൽ.ഒമാർ ഇത്തരമൊരു അപേക്ഷയെക്കുറിച്ച് അറിഞ്ഞിട്ടുപോലുമില്ല.

 

ഒരേ പോളിങ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 668 വോട്ടർമാർ പരസ്പരം മരിച്ചതായി രേഖപ്പെടുത്തി ഫോം-7 നൽകിയതാണ് മറ്റൊരു വിചിത്ര സംഭവം. ഒരാൾ മറ്റൊരാൾ മരിച്ചുവെന്ന് കാണിച്ച് അപേക്ഷ നൽകുമ്പോൾ, രണ്ടാമത്തെയാൾ തിരിച്ചും എതിർപ്പ് ഫയൽ ചെയ്യുകയായിരുന്നു.

 

25-ലധികം ജില്ലകളിലായി ഇത്തരം 334 ജോഡി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജൂൺ 16-ന് പട്ടിക മരവിപ്പിക്കുന്നതിന് തൊട്ടുമുമ്പ്, ജൂൺ മാസത്തിൽ മാത്രം ഇത്തരം 333 കേസുകൾ ഫയൽ ചെയ്യപ്പെട്ടു.

 

സംസ്ഥാനത്ത് ഒരുകോടിയിലധികം വോട്ടർമാരെയാണ് ‘സ്ഥലത്തില്ലാത്തവർ, താമസം മാറിയവർ, മരിച്ചവർ, ഇരട്ട വോട്ടുള്ളവർ’ എന്നീ വിഭാഗങ്ങളിലായി ഉൾപ്പെടുത്തിയത്. കൂട്ടത്തോടെ ഫോം-7 ദുരുപയോഗം ചെയ്ത് ചില പ്രത്യേക സമുദായങ്ങളുടെ പേരുകൾ വെട്ടിമാറ്റാൻ ശ്രമം നടക്കുന്നുവെന്ന ആരോപണങ്ങളും പരാതികളും രാഷ്ട്രീയ പ്രതിഷേധങ്ങളും നേരത്തെതന്നെ ഉയർന്നിരുന്നു.

 

വോട്ടർപട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ മരണ സർട്ടിഫിക്കറ്റോ നേരിട്ടുള്ള പരിശോധനയോ നിർബന്ധമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ടെങ്കിലും, ഡാറ്റാ എൻട്രിയിലെ ഗുരുതരമായ പിഴവുകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. എസ്.ഐ.ആർ പ്രകാരമുള്ള അന്തിമ വോട്ടർപട്ടിക ഒക്ടോബർ 27-ന് പ്രസിദ്ധീകരിക്കും.

  • Related Posts

    എസ്ബിഐയ്ക്കു നേരെ ഡാർക്ക് വെബ് അറ്റാക്ക്; 3000 ലേറെ ഇട‌പാ‌ടുകാരുട‌െ വിവരങ്ങൾ ചോർന്നു

    Spread the love

    Spread the loveന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിലെ 3,897 ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി വിവരം. വിശദമായ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി എസ്ബിഐ വ്യക്തമാക്കി. മൊബൈൽ…

    ‘ഗർഭിണിയാക്കിയ ശേഷം ഗേൾഫ്രണ്ടിനെ ഉപേക്ഷിക്കുന്നത് തെറ്റ്, പകരം..’; യുവാക്കൾക്ക് ഉപദേശവുമായി യുപി ഗവർണർ

    Spread the love

    Spread the loveലഖ്‌നൗ: ബന്ധങ്ങളെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിതുറന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. യുവതിയുമായുള്ള ബന്ധത്തിൽ കുട്ടികളുണ്ടായ ശേഷം അവരെ ഉപേക്ഷിച്ചു പോകുന്നത് തെറ്റാണെന്നും അങ്ങനെ ചെയ്യരുതെന്നും അവർ യുവാക്കളോട് ആവശ്യപ്പെട്ടു. വ്യാഴാഴ്ച ലഖ്നൗവിലെ മഹർഷി യൂണിവേഴ്സിറ്റി ഓഫ്…

    Leave a Reply

    Your email address will not be published. Required fields are marked *