മുംബൈ ∙ സമൂഹമാധ്യമത്തിലൂടെയുണ്ടായ തർക്കത്തെ തുടർന്ന് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ സഹപാഠിയുടെ ക്രൂരമായ ആക്രമണം. ക്ലാസ് മുറിക്ക് പുറത്തുവച്ച് 14 വയസ്സുകാരനായ വിദ്യാർഥി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും കുത്തുകയായിരുന്നു. പുണെ ബലേവാഡിയിലെ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് സംഭവം.
ഒക്ടോബർ 17, 18 തീയതികളിൽ സ്കൂളിൽ നിന്ന് പാഞ്ചഗണി, മഹാബലേശ്വർ എന്നിവിടങ്ങളിലേക്ക് പോയ ടൂറിനിടെ പകർത്തിയ ഇൻസ്റ്റഗ്രാം വിഡിയോകളെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു. യാത്രയ്ക്കിടയിൽ ചില പെൺകുട്ടികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിൽ അപ്‌ലോഡ് ചെയ്തിരുന്നു. ഇതിനെതിരെ മറ്റ് വിദ്യാർഥികൾ രംഗത്തുവരികയും വിഡിയോ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ ആൺകുട്ടിയുടെ മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതേച്ചൊല്ലി വിദ്യാർഥികൾക്കിടയിൽ തർക്കം നിലനിന്നിരുന്നു. ഇതിൽ പ്രകോപിതനായ പ്രതി, പെൺകുട്ടിയെ ക്ലാസ് മുറിക്ക് പുറത്തുവച്ച് ആക്രമിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ സ്കൂൾ അധികൃതർ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ മുഖത്തും നെഞ്ചിലും ആഴത്തിലുള്ള പരുക്കുകളുണ്ടെങ്കിലും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ, ആക്രമണം നടത്തിയ 14 വയസ്സുകാരനായ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണത്തിന് ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് സീനിയർ പൊലീസ് ഇൻസ്പെക്ടർ അരവിന്ദ് പവാർ സ്ഥിരീകരിച്ചു.








