കൃഷ്ണകുമാറിന്റെ മകളും സോഷ്യൽ മീഡിയ താരവുമായ ദിയ കൃഷ്ണയുടെ പുതിയ വ്ലോഗ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. തന്റെ സ്വഭാവരീതികളെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ഭർത്താവ് അശ്വിനുമായുള്ള ബന്ധത്തെക്കുറിച്ചും ദിയ പങ്കുവച്ച തുറന്നുപറച്ചിലുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വിവാഹശേഷമുള്ള കുടുംബജീവിതത്തിലെ വ്യക്തിപരമായ കാര്യങ്ങളും അഭിമുഖീകരിച്ച വിമർശനങ്ങൾക്ക് താരം നൽകിയ മറുപടികളും വ്ലോഗിൽ വ്യക്തമാക്കുന്നുണ്ട്. അശ്വിന്റെ അമ്മയെ വിവാഹത്തിന് മുൻപ് ‘മീനമ്മ’ എന്ന് വിളിച്ചിരുന്ന ദിയ എന്തുകൊണ്ട് ആന്റി എന്ന് വിളിക്കുന്നു എന്ന ചോദ്യത്തിനും ദിയ കൃഷ്ണ വ്യക്തമായ മറുപടി നൽകി. തന്റെ അമ്മ സിന്ധു കൃഷ്ണയെ മാത്രമാണ് ‘അമ്മ’ എന്ന് വിളിക്കുന്നതെന്നും, അശ്വിൻ തന്റെ അമ്മയെ ‘സിന്ധു’ എന്നാണ് വിളിക്കുന്നതെന്നും ദിയ പറഞ്ഞു. അശ്വിന്റെ അമ്മയ്ക്ക് തന്റെ അമ്മയേക്കാൾ 10 വർഷത്തിലധികം പ്രായക്കൂടുതൽ ഉള്ളതിനാൽ പേര് വിളിക്കാൻ കഴിയില്ലെന്നും, വ്ലോഗിലെ മാർക്കറ്റിങിനും രസത്തിനും വേണ്ടിയാണ് ‘മീനമ്മ’ എന്ന് വിളിക്കുന്നതെന്നും ദിയ വ്ലോഗിലൂടെ വ്യക്തമാക്കി.
വിവാഹശേഷം ഭർത്താവിന്റെ വീട്ടുകാരുടെ ഇടപെടലുകൾ എങ്ങനെ നിയന്ത്രിക്കുന്നു എന്ന ചോദ്യത്തിന് ദിയ നൽകിയ മറുപടി ഇങ്ങനെയായിരുന്നു:
‘‘നോക്കൂ, വളരെ ലളിതമാണ്; വിവാഹശേഷവും ഒരു കുട്ടി ജനിച്ചശേഷവും നമ്മൾ എല്ലായ്പ്പോഴും കൃത്യമായ ചില അതിരുകൾ സൂക്ഷിക്കുക. ആരുടേയും ഇടപെടൽ വേണ്ടെങ്കിൽ അത് തുടക്കത്തിലേ പറയുക. തുടക്കത്തിൽ നിങ്ങൾ എത്ര മിണ്ടാതിരിക്കുമോ പിന്നെ ആരായാലും നമ്മുടെ തലയിൽ കയറും. ഞാൻ തുടക്കത്തിലേ എനിക്ക് വേണ്ട രീതികൾ, അശ്വിനും ഞാനും എന്റെ വീട്ടുകാരോടും അശ്വിന്റെ വീട്ടുകാരോടും പറഞ്ഞിട്ടുണ്ടായിരുന്നു. അതിരുകൾ എപ്പോഴും കർശനമായി പാലിക്കുക. വളരെ സാധാരണമായ പെരുമാറ്റരീതിയും ഉത്തരവാദിത്തബോധവും അവിടെ വേണം. പിന്നെ, പുരുഷന്മാരുടെമേലുള്ള അമിത അടുപ്പമോ ഇടപെടലുകളോ എനിക്ക് താൽപ്പര്യമില്ല. സത്യത്തിൽ എന്റെ ഭർത്താവിന്റെ കുടുംബത്തോട് എനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളോ എതിർപ്പുകളോ ഒന്നുമില്ല.’’
മകന്റെ കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടുന്നത് ഇഷ്ടമല്ല എന്നു പറഞ്ഞതിനെ വിമർശിച്ചവരോട് ദിയ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. ഓമിയുടെ കാര്യങ്ങൾ താനാണ് നോക്കുന്നത് എന്ന് പറഞ്ഞപ്പോൾ വന്ന കമന്റുകൾക്കാണ് താരം മറുപടി നൽകിയത്.
‘‘എന്റെ കഴിഞ്ഞ വിഡിയോയിൽ ഞാൻ ഓമിയുടെ കാര്യങ്ങളെല്ലാം ഞാനാണ് നോക്കുന്നത് എന്ന് പറഞ്ഞപ്പോൾ വേറൊരാൾ വന്നു കമന്റിട്ടു, ‘നിങ്ങൾ ഓമിയുടെ മേൽ അമിത വാത്സല്യം കാണിക്കുന്നുണ്ടല്ലോ അതുപോലെ അശ്വിനും ഒരമ്മ ഉണ്ടല്ലോ ആ അമ്മ ഓവറായി വാത്സല്യം കാണിച്ചാൽ നിങ്ങൾ സമ്മതിക്കുമോ’ എന്ന്. അവരോടു പറയാനുള്ളത് ഓമിക്ക് 1 വയസ്സാണ്, അശ്വിന് 30 വയസ്സുണ്ട്. ഓമി ഇന്നും മുലപ്പാൽ കുടിക്കുന്ന കുട്ടിയാണ്, അശ്വിൻ അങ്ങനെ അല്ല. അശ്വിനെയും ഓമിയെയും താരതമ്യം ചെയ്യാതിരിക്കുക, ഓമിയുടെ അച്ഛനാണ് അശ്വിൻ. അത് വന്നു കമന്റ് ചെയ്ത ആന്റിയുടെ മകന്റെയും മരുമകളുടെയും അവസ്ഥ ദുരന്തം ആയിരിക്കും.
ഭാഗ്യത്തിന് എന്റെ ജീവിതത്തിൽ അങ്ങനെ പ്രശ്നങ്ങളൊന്നും ഇല്ല. എനിക്ക് എന്റെ ഭർത്താവിന്റെ മാതാപിതാക്കളുമായി ഒരു പ്രശ്നവും ഇല്ല. അശ്വിനും ഒരു പ്രശ്നങ്ങളും ഉണ്ടാക്കുന്ന ആളല്ല. ഓമിക്ക് 18 വയസ്സ് കഴിയുമ്പോൾ അവനു ഇഷ്ടമുള്ളതുപോലെ ജീവിക്കാം. പക്ഷേ അതുവരെ അവന്റെ കാര്യത്തിൽ പൈസ ചെലവാക്കുന്നത് ഞാൻ ആണെങ്കിൽ ഞാൻ പറയുന്നതുപോലെ അവൻ ജീവിക്കണം. ഞാൻ പറയുന്നതും അശ്വിൻ പറയുന്നതും അവൻ കേട്ടേ പറ്റൂ. കുടുംബത്തിൽ ആവശ്യമില്ലാതെ പ്രശ്നം ഉണ്ടാകേണ്ടെങ്കിൽ നിങ്ങൾ ആദ്യം മുതൽ പറയണം.’’
തങ്ങളുടെ വിവാഹത്തെക്കുറിച്ചും ദിയ വ്ലോഗിൽ സംസാരിച്ചു. കുറച്ചുകാലം കൂടി ഡേറ്റ് ചെയ്ത ശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനമെങ്കിലും, അശ്വിന്റെ കുടുംബം കുറച്ചുകൂടി കൺസേർവേറ്റിവ് ആയതിനാൽ പെട്ടെന്ന് വിവാഹം കഴിക്കാൻ പ്രഷർ ചെയ്യുകയായിരുന്നു എന്ന് ദിയ പറയുന്നു. അങ്ങനെ എടുത്തുചാടി നടത്തിയ വിവാഹമായതുകൊണ്ട് ആഘോഷങ്ങൾക്കും പ്ലാനിങ്ങിനും അധികം സമയം കിട്ടിയിരുന്നില്ലെന്നും താരം വ്യക്തമാക്കി.
‘‘ഞാനും അശ്വിനും കുറേനാൾ കൂടി ഡേറ്റ് ചെയ്ത് നടക്കും എന്നാണ് ഞങ്ങൾ കരുതിയത്. അശ്വിന്റെ കുടുംബത്തിൽ ഞങ്ങളുടെ റിലേഷൻ അറിഞ്ഞ ശേഷം ഇപ്പോൾ തന്നെ കെട്ടണമെന്ന് അവർ സമ്മർദം ചെലുത്തി. അഞ്ചാറ് വർഷം കൂടി ഡേറ്റ് ചെയ്ത് നടന്നാലും എന്റെ കുടുംബത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അശ്വിന്റെ കുടുംബം കുറേക്കൂടി കൺസർവേറ്റീവ് ആണ്. അങ്ങനെ സമ്മർദം വന്നപ്പോഴാണ് കെട്ടണം എന്ന തീരുമാനത്തിലേക്ക് ഞാനും എത്തിയത്. എന്റെ വീട്ടിൽ പറയുമ്പോൾ അവർ സമ്മതിക്കുമോ എന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. പക്ഷെ പെട്ടെന്നൊരുദിവസം അവർ പറഞ്ഞു നിനക്ക് വേണമെങ്കിൽ കെട്ടിക്കോ എന്ന്.
ഞാനും അശ്വിനും ആ സമയത്ത് ഒരുപാട് യാത്ര ചെയ്യുമായിരുന്നു. കല്യാണം കഴിച്ചാൽ എന്ത് വ്യത്യാസം വരാനാണ് ഒരുമിച്ച് താമസിച്ച് യാത്ര ചെയ്യാം എന്ന് ഞങ്ങളും കരുതി. എടുത്ത് ചാടിയുള്ള കല്യാണമായിരുന്നു. കല്യാണത്തിന്റെ ആഘോഷങ്ങൾക്ക് പ്ലാൻ ചെയ്യാൻ അധികം സമയം കിട്ടിയില്ല. അമ്മുവിൻറെ കല്യാണം അവൾ 1 വർഷം പ്ലാൻ ചെയ്താണ് ചെയ്തത്. എനിക്കങ്ങനെ പ്ലാൻ ചെയ്യാനൊന്നും ക്ഷമയില്ല.”
എന്തുകൊണ്ട് അശ്വിന്റെ അമ്മയെ മീനാമ്മ എന്ന് വിളിച്ചിരുന്നത് മാറ്റി ആന്റി എന്നാക്കി എന്ന ചോദ്യത്തിന് ദിയയുടെ ഉത്തരം ഇങ്ങനെ:
“അശ്വിന്റെ അമ്മയെ ഞാൻ മുൻപ് മീനമ്മ എന്ന് വിളിച്ചിരുന്നു, ഇപ്പോൾ എന്താണ് ആന്റി എന്ന് വിളിക്കുന്നത് എന്ന് ഒരാൾ ചോദിച്ചിട്ടുണ്ട്. സത്യം പറയട്ടെ ഞാൻ ഒരിക്കലും പുള്ളിക്കാരിയെ ഫോർമൽ ആയി മീനമ്മ എന്നല്ല വിളിച്ചിരുന്നത്. എന്റെ കുക്കിങ് വിഡിയോയിൽ അവർ വരുമ്പോൾ അവർക്ക് മീനമ്മാസ് കിച്ചൺ എന്ന ബിസിനസ് ഉള്ളത് കൊണ്ട് വീഡിയോകളിൽ മീനമ്മ എന്ന് വിളിക്കുന്നതായിരുന്നു. ഞാൻ അമ്മ എന്ന് ചേർത്ത് പുള്ളിക്കാരിയെ ഒരിക്കലും വിളിച്ചിട്ടില്ല. വ്ലോഗിനകത്ത് മീനമ്മാസ് കിച്ചണിന്റെ മാർക്കറ്റിങ്ങിനു വേണ്ടി മീനമ്മ എന്ന് വിളിക്കുന്നതാണ്. പുള്ളിക്കാരിയെ പരിചയപ്പെട്ട നാൾ മുതൽ ആന്റി എന്നാണ് വിളിക്കുന്നത്. ഇന്നും ഞാൻ അങ്ങനെയാണ്, മരിക്കുന്നത് വരെ ഞാൻ ആന്റിയെന്നേ വിളിക്കൂ. എന്റെ അമ്മ സിന്ധു കൃഷ്ണയാണ് പുള്ളിക്കാരിയെ മാത്രമാണ് ഞാൻ അമ്മ എന്ന് വിളിക്കുന്നത്. അശ്വിൻ എന്റെ അമ്മയെ വിളിക്കുന്നത് സിന്ധു എന്നാണ്. അമ്മയ്ക്കത് ഇഷ്ടമാണ്. അമ്മയ്ക്കപ്പോൾ ചെറുപ്പക്കാരിയായി തോന്നും അശ്വിൻ, സിന്ധു എന്ന് വിളിക്കുമ്പോൾ ഒരു ഫ്രണ്ടിനെ പോലെയാണ് തോന്നുക. അശ്വിന്റെ അമ്മയെ എനിക്ക് പേരൊന്നും വിളിക്കാൻ പറ്റില്ല. കാരണം പുള്ളിക്കാരി എന്റെ അമ്മയേക്കാൾ 10 വയസ്സ് മൂത്തതാണ്. ഏകദേശം എന്റെ അപ്പുപ്പനാമ്മുമ്മമാരുടെ പ്രായമുണ്ട്. അവരെ എനിക്ക് ചെന്ന് പേര് വിളിക്കാൻ പറ്റില്ലല്ലോ. മീനമ്മ എന്ന പേര് നല്ല രാസമാണല്ലോ, അതാണ് വ്ലോഗിൽ അങ്ങനെ വിളിക്കുന്നത്, ശരിക്കും ഞാൻ ആന്റി എന്നെ വിളിച്ചിട്ടുള്ളൂ. അവർക്കും അത് സന്തോഷം തന്നെയാണ്. ആന്റിക്ക് ഞാൻ അങ്ങനെ വിളിച്ചാൽ മതി.”








