ജനിച്ച് വീഴുമ്പോൾ തന്നെ അദ്ഭുത കഴിവുകളുള്ളവരാണ് ഇന്നത്തെ കുഞ്ഞുങ്ങൾ. ഒന്നും രണ്ടും വയസ്സുള്ളപ്പോൾ തന്നെ ഈ കഴിവുകളെ അംഗീകരിച്ച് പ്രശസ്തി തേടിയെത്താറുമുണ്ട്. കാനഡയിൽ താമസിക്കുന്ന ഇന്ത്യന്‍ വംശജനായ അർജുന് പ്രജാപതി എന്ന അഞ്ച് വയസ്സുകാരനാണ് ഇതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ഇതിനോടകം 3000–ല്‍ അധികം പുസ്തകങ്ങൾ വായിച്ച ഈ അഞ്ച് വയസ്സുകാരന്റെ ഐക്യു 141 ആണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
∙ ആരാണ് അർജുൻ പ്രജാപതി?
ഗുജറാത്തിലെ വഡോദര സ്വദേശിയാണ് അർജുൻ. കാനഡയിൽ ഡോക്ടറായ വിശാലിന്റെയും അഭിഭാഷകയായ മഹിതയുടെയും മകനാണ് ഈ അദ്ഭുത കുരുന്ന്. ഗുജറാത്തില്‍ നിന്ന് വിവാഹശേഷം കാനഡയിലേക്ക് താമസം മാറ്റുകയായിരുന്നു ഇവർ. ഒന്നര വയസ്സുള്ളപ്പോഴാണ് അർജുന്റെ ഈ കഴിവിനെ പറ്റി മാതാപിതാക്കൾ തിരിച്ചറിയുന്നത്.
ഒന്നര വയസിലെ വായനശീലം കണ്ട മാതാപിതാക്കൾ ഞെട്ടിയെന്നും വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വയം വായിക്കാൻ തുടങ്ങിയ കുരുന്നിനെ എല്ലാവരും അദ്ഭുതത്തോടെ നോക്കി. എന്നാൽ ആറ് മാസങ്ങള്‍ പിന്നിട്ട് 2 വയസ്സിലേക്ക് പ്രവേശിച്ചപ്പോൾ അർജുൻ വായനയുടെ ലോകത്തേക്ക് എത്തി. പുസ്തകങ്ങൾക്കപ്പുറമായുള്ള വായനകൾക്ക് അതോടെ തുടക്കമായി.
∙ അറിയാത്ത വിഷയങ്ങളും മേഖലകളും ഇല്ല
യാത്രകളിൽ മകനെയും ഒപ്പം കൂട്ടിയതോടെ സമൂഹത്തെ വായിച്ച് തുടങ്ങി. സൈന്‍ബോര്‍ഡുകൾ, കടകളിലെ പരസ്യവാചകങ്ങൾ എല്ലാം അർജുൻ വേഗം പഠിച്ചെടുത്തു. വായനയോടുള്ള മകന്റെ താൽപര്യം മാതാപിതാക്കളെ ഞെട്ടിച്ചു. എന്നാൽ അതിന് എല്ലാവിധ പ്രോത്സാഹനവും വാഗ്ദാനം ചെയ്ക് അവർ ഒപ്പം കൂടുകയായിരുന്നു.
ചിത്രങ്ങളടക്കിയ കഥാപുസ്തകങ്ങള്‍ അതുവരെ നല്‍കിയിരുന്ന വിശാലും മഹിതയും ചരിത്രം, ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളടങ്ങിയ പുസ്തകങ്ങൾ മകന് നല്കി. എപ്പോഴും കാറിൽ 10 ബുക്കുകൾ കരുതുമായിരുന്നു. വായിക്കാൻ താൽപര്യം പ്രകടിപ്പിക്കുമ്പോള്‍ അവ നൽകും. നിരന്തരമായ പരിശീലനത്തിലൂടെ ഈ 5 വയസ്സുകാരന് ഇന്ന് അറിയാത്ത വിഷയങ്ങളും മേഖലകളും ഇല്ല എന്നതാണ് സത്യം.
∙ തേടിയെത്തിയത് ഒട്ടേറെ ബഹുമതികൾ
വായനയിലൂടെ അദ്ഭുത ബാലനായി മാറിയ അര്‍ജുനെ തേടിയെത്തിയത് ഒട്ടേറെ ബഹുമതികളും അംഗീകാരങ്ങളുമാണ്. മെൻസാ ഇന്റര്‍നാഷനൽ, ഇന്റേർട്ടൽ എന്നീ സംഘടനകളില്‍ നാലാമത്തെ വയസ്സില്‍ അംഗത്വം നേടി. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും അര്‍ജുനെ അഭിനന്ദിച്ച് സന്ദേശം അയക്കുകയും ചെയ്തിട്ടുണ്ട്. ഹാർവാർഡ് സർവകലാശാല സന്ദര്‍ശിക്കാനുള്ള ക്ഷണവും ലഭിച്ചു. ഒക്ടോബര്‍ 29ന് ഒന്റാറിയോ നിയമസഭയിൽ പ്രത്യേക ആദരവും ഏർപ്പെടുത്തിയിട്ടുണ്ട്.
∙ സകലകലാ വല്ലഭന്!
വലുതാകുമ്പോൾ ആരാകണമെന്ന ചോദ്യത്തിന് ശാസ്ത്രജ്ഞൻ എന്നാണ് അർജുന്റെ ഉത്തരം. മകന്റെ ഇഷ്ടമാണ് വിശാലിനും മഹിതയ്ക്കും. അതിന് എല്ലാ പിന്തുണയും നൽകി ഒപ്പമുണ്ടാകുമെന്നും ഇരുവരും പറയുന്നു. വായനയിലാണ് പ്രധാന ശ്രദ്ധ എങ്കിലും ഈ അഞ്ചു വയസ്സുകാരൻ ഒരു സകലകലാ വല്ലഭനാണ്! ഫുട്ബോൾ, ബാസ്കറ്റ്ബോൾ, ചിത്രരചന, യോഗ എന്നിങ്ങനെ പട്ടിക നീളുകയാണ് ഇഷ്ടങ്ങൾ. സ്പാനിഷ്, ഫ്രഞ്ച് ഭാഷകളും ഇതിനെല്ലാം ഇടയിലും അര്ജുന് പഠിക്കുന്നുണ്ട്.








