*മമ്മൂട്ടി പൊതുസ്വത്ത്, പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങില്ല; സൈബർ വേട്ട അവസാനിപ്പിക്കണം: പി ജയരാജൻ*

Spread the love

കണ്ണൂർ: നടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന സൈബർ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. മമ്മൂട്ടി ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ലെന്നും, അദ്ദേഹം ഈ നാടിന്റെയാകെ പൊതുസ്വത്താണെന്നും പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. കലയെയും കലാകാരന്മാരെയും നെഞ്ചോട് ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ കമ്യൂണിസ്റ്റ് സംസ്കാരമെന്നും മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ ചില അസ്വാരസ്യങ്ങൾ അന്നുതന്നെ പരസ്പരം നേരിട്ട് സംസാരിച്ച് പൂർണ്ണമായും പരിഹരിച്ച ഒന്നാണ്. സിപിഎം വയനാട് ജില്ലാ സെക്രട്ടറിയും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതാണ്. ആ അധ്യായം എന്നെന്നേക്കുമായി അവസാനിച്ചിട്ടും, തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി ആ മഹാനടനെ നിരന്തരമായി വേട്ടയാടാനും അധിക്ഷേപിക്കാനും ചില പ്രത്യേക കേന്ദ്രങ്ങൾ ശ്രമിക്കുന്നത് വ്യക്തമായ നിക്ഷിപ്ത താല്പര്യങ്ങളോടെയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ദിവസം മമ്മൂട്ടിയെ സന്ദർശിച്ച എസ്എഫ്ഐ, ഡിവൈഎഫ്ഐ നേതാക്കളെ രൂക്ഷമായി വിമർശിച്ചാണ് ഒരു വിഭാഗം സൈബർ അണികൾ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തിയത്. സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിന്റെ ചിത്രം വ്യാപകമായി പങ്കുവെച്ചുകൊണ്ടായിരുന്നു അണികളുടെ പരസ്യ പ്രതിഷേധം. എന്നാൽ സൈബർ ആക്രമണം അവസാനിപ്പിക്കണമെന്ന പി. ജയരാജന്റെ ശക്തമായ തിരുത്തലിന് താഴെയും സൈബർ കേന്ദ്രങ്ങളിൽനിന്ന് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ‘സഖാവേ… അങ്ങയോടുള്ള ബഹുമാനം കളയരുത്’ എന്നടക്കം പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിരവധി പാർട്ടി അനുകൂലികൾ പ്രതികരണങ്ങളുമായി രംഗത്തെത്തുന്നുണ്ട്.
പി ജയരാജിൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം:

മലയാളത്തിന്റെ അഭിമാനമായ മഹാനടൻ മമ്മൂട്ടിയെയും അദ്ദേഹത്തെ സന്ദർശിച്ച ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കളെയും ലക്ഷ്യമിട്ട് സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾ അത്യന്തം അപലപനീയമാണ്.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുൻപുണ്ടായ ഒരു വിഷയം അന്നുതന്നെ പരസ്പരം സംസാരിച്ച് പൂർണ്ണമായും പരിഹരിക്കപ്പെട്ട ഒന്നാണ്. സിപിഐ(എം) വയനാട് ജില്ലാ സെക്രട്ടറി സഖാവ് റഫീഖും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദവും ആത്മബന്ധവും പൊതുസമൂഹത്തിന് മുന്നിലുള്ളതുമാണ്. തീർന്നുപോയ ഒരു തെറ്റിദ്ധാരണയെ വീണ്ടും കുത്തിപ്പൊക്കി, ആ മഹാനടനെ നിരന്തരം വേട്ടയാടാനും അധിക്ഷേപിക്കാനും ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്.

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങിനിൽക്കുന്ന വ്യക്തിയല്ല; ഈ നാടിന്റെയാകെ പൊതുസ്വത്താണ്. അദ്ദേഹത്തെ കാണുന്നതും സൗഹൃദം പങ്കുവെക്കുന്നതും ഏതെങ്കിലും രാഷ്ട്രീയ ചേരിതിരിവിന്റെ അടിസ്ഥാനത്തിൽ അളക്കേണ്ട ഒന്നല്ല. പുരോഗമന വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെ നേതാക്കൾ, അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ച് സന്ദർശിച്ചതിനെപ്പോലും വിവാദമാക്കുന്നത് സങ്കുചിത രാഷ്ട്രീയ ബോധമാണ്. ദേശീയ തലത്തിൽ ജനാധിപത്യത്തിനുവേണ്ടിയും കാവിവത്കരണത്തിനെതിരെയും പൊരുതി അംഗീകാരം നേടിയ ഡി. വൈ. എഫ്. ഐ – എസ്.എഫ്.ഐ നേതാക്കളെ കാണാൻ ആഗ്രഹിച്ചതുതന്നെ ഈ സംഘടനകൾക്കുള്ള വലിയ അംഗീകാരമാണ്.

ഇടതുപക്ഷത്തിന്റെ ലേബലിൽ നിന്നുകൊണ്ട് ഇത്തരം വ്യക്തിഹത്യകൾക്ക് നേതൃത്വം കൊടുക്കുന്നത് ആരായാലും അത് ഇടതുപക്ഷ രാഷ്ട്രീയമല്ല. രാഷ്ട്രീയ ശത്രുക്കൾക്ക് അവസരമൊരുക്കാനും തെറ്റിദ്ധാരണകൾ സൃഷ്ടിക്കാനും ചിലർ നടത്തുന്ന അജണ്ട തിരിച്ചറിയപ്പെടേണ്ടതുണ്ട്.

കലയെയും കലാകാരന്മാരെയും ചേർത്തുപിടിക്കുന്നതാണ് കമ്യൂണിസ്റ്റ് സംസ്കാരം. തെറ്റായ പ്രചാരണങ്ങളിൽ പെട്ടുപോയിട്ടുള്ളവർ അതിൽനിന്ന് പിന്തിരിയണം. മലയാളത്തിന്റെ മഹാനടനെതിരെയുള്ള അനാവശ്യമായ സൈബർ ആക്രമണങ്ങൾ അവസാനിപ്പിക്കണം

  • Related Posts

    നെടുമ്പാശ്ശേരി അപകടം: കാർ സഞ്ചരിച്ചത് 162 കി.മീ വേഗത്തിൽ; വാഹനക്കമ്പനിയുടെ പരിശോധനയിൽ സ്ഥിരീകരണം

    Spread the love

    Spread the loveകൊച്ചി∙ നെടുമ്പാശ്ശേരിയിൽ ആഡംബര കാറിടിച്ച് മൂന്നുപേർ മരിച്ച അപകടത്തിനു തൊട്ടുമുൻപ് കാർ അമിതവേഗതയിലായിരുന്നെന്നു സ്ഥിരീകരണം. അപകടത്തിന് അഞ്ച് സെക്കൻഡ് മുൻപ് 162 കിലോമീറ്റർ വേഗതയിലാണ് കാർ ഓടിയിരുന്നതെന്ന് വാഹനക്കമ്പനി നടത്തിയ സാങ്കേതിക പരിശോധനയിലും വ്യക്തമായി. അന്വേഷണ സംഘം സിസിടിവി…

    ഡോക്ടർക്ക് മർദനം; നടി അതുല്യ ചന്ദ്ര അറസ്റ്റിൽ

    Spread the love

    Spread the loveകൊച്ചി: ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ യുവനടി അതുല്യ ചന്ദ്ര അറസ്റ്റിൽ. നടി ഉൾപ്പെടെ മൂന്നുപേരെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. അപ്പാർട്ട്‌മെന്റിലേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നാണ് കേസ്. നടി ഉൾപ്പെടെ 12 പേർ കേസിൽ…

    Leave a Reply

    Your email address will not be published. Required fields are marked *