വിനോദയാത്രയ്ക്കിടെ മദ്യപിച്ച വിഷയത്തിൽ പ്രിൻസിപ്പാളിനും പി.ടി.എ പ്രസിഡന്റിനുമെതിരെ നടപടിയെടുക്കണം — കെ.എസ്.യു
മീനങ്ങാടി ഹയർ സെക്കൻഡറി സ്കൂളിലെ വിനോദയാത്രയ്ക്കിടെ മദ്യപിച്ച പ്രിൻസിപ്പാളിനും പി.ടി.എ പ്രസിഡന്റിനുമെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.എസ്.യു വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിദ്യാർത്ഥികൾക്ക് മാതൃകയാകേണ്ട അധ്യാപക നേതൃത്വത്തിലുള്ളവർ ഇത്തരം സംഭവങ്ങളിൽ ഉൾപ്പെടുന്നത് ഗൗരവകരമാണ്.
പ്രിൻസിപ്പാളിന് ആവശ്യമായ വൈദ്യപരിശോധന നടത്തണമെന്നും യൂറിൻ പരിശോധന ഉൾപ്പെടെയുള്ള പരിശോധനകൾ ഉറപ്പാക്കി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു. സംഭവത്തിൽ അധ്യാപകനെ സംരക്ഷിക്കുന്ന നിലപാടാണ് ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ സ്വീകരിക്കുന്നതെന്നും നിലപാട് തിരുത്തി വിദ്യാർത്ഥികളുടെ പക്ഷത്ത് നിന്ന് പ്രതികരിക്കാൻ അവർ തയ്യാറാകണമെന്നും കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് അഡ്വ. ഗൗതം ഗോകുൽദാസ് പ്രസ്താവനയിൽ പറഞ്ഞു.






