രാജ്യത്ത് സ്വർണപ്പണയ വായ്പാ നടപടിക്രമങ്ങൾ അടിമുടി മാറിയേക്കും. സാധാരണക്കാരുടെ കൈവശമുള്ള സ്വർണശേഖരം ശരിയായ രീതിയിൽ വിനിയോഗിച്ചാൽ രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ കൂടുതൽ ശക്തമാക്കാമെന്ന് മുത്തൂറ്റ് എംക്രെഡ് സിഇഒ പി.ഇ.മത്തായി. കൊച്ചിയിൽ നടന്ന മലയാള മനോരമ സമ്പാദ്യം ബിസിനസ് സമ്മിറ്റിൽ ‘സാമ്പത്തിക മേഖലയിൽ സ്വർണ വായ്പകളുടെ പ്രസക്തി’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വർണവിലയിൽ ഭാവിയിൽ വൻ ഇടിവിനു സാധ്യതയില്ല. ഇന്ത്യൻ കുടുംബങ്ങളുടെ കൈവശം ഏകദേശം 5 ട്രില്യൻ യുഎസ് ഡോളർ മൂല്യം വരുന്ന 34,700 ടൺ സ്വർണമുണ്ടെന്നാണു കണക്ക്. ഇതിൽ 80 ശതമാനവും സാധാരണക്കാരുടെ കൈവശമാണ്. ആളുകൾക്ക് കൈവശമുള്ള സ്വർണം ആഭരണമായി ഉപയോഗിക്കുന്നതിനൊപ്പം റജിസ്ട്രേഷൻ നമ്പറുകൾ നൽകി ബാങ്കുകളിൽ നിന്നു വായ്പ എടുക്കാൻ കഴിയുന്ന സംവിധാനം ഭാവിയിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണം വിൽക്കുന്നതിനേക്കാൾ ലാഭം ഈടുവയ്ക്കുന്നതാണ്. ഇന്ത്യയിലെ സ്വർണ വായ്പയുടെ 65% അസംഘടിത മേഖലയിലാണ്. 35–40% മാത്രമാണ് ബാങ്കുകളുടെയും എൻബിഎഫ്സികളുടെയും പക്കലുള്ളത്. സാങ്കേതിക വിദ്യയുടെയും എഐയുടെയും സഹായത്തോടെ വേഗത്തിൽ വായ്പ ലഭ്യമാക്കാനും തട്ടിപ്പുകൾ തിരിച്ചറിയാനും സാധിക്കുന്നുണ്ട്.






