കൊച്ചി: മഹാരാജാസ് കോളേജില്‍ നാടകീയ രംഗങ്ങള്‍. ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞു. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ പതിനാറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞ് ചോദ്യം ചെയ്തത്. മഹാരാജാസ് യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നഫീസത്തുൽ മിസ്രിയ വേദിയിലെത്തി മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ മറുപടി നല്‍കാന്‍ മന്ത്രി തയ്യാറായില്ല. പിന്നാലെ മന്ത്രി വേദിവിടുകയായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു ബിരുദദാന ചടങ്ങ് ആരംഭിച്ചത്. മന്ത്രി ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ, കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സദസ്സില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ മന്ത്രിയോട് ചോദ്യങ്ങള്‍ ഉയര്‍ത്തി. ഇതിന് പിന്നാലെ മിസ്രിയ വേദിയിലേക്ക് എത്തുകയും മന്ത്രിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയുമായിരുന്നു. രണ്ട് ചോദ്യങ്ങളോട് പോലും എന്തിനാണിത്ര പേടിയെന്ന് മിസ്രിയ ചോദിച്ചു. മറുപടി പറയാമെന്ന് പറഞ്ഞല്ലോയെന്നും എന്തിനാണ് പരിപാടി തടസ്സപ്പെടുത്തണമെന്നുമായിരുന്നു മന്ത്രി തിരിച്ച് ചോദിച്ചത്. ഇതിനിടെ ‘വിദ്യാര്‍ത്ഥികളെ എന്തിന് സസ്‌പെന്‍ഡ് ചെയ്തു’, ‘കാലടിയിലെ വിദ്യാര്‍ത്ഥികളെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല’, എന്നിങ്ങനെ എഴുതിയ ബാനറുകള്‍ ഉയര്‍ത്തി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മന്ത്രിയെ വളയുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ ചോദ്യം ചോദിച്ച വിദ്യാര്‍ത്ഥിനിയെ നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതിഷേധം ശക്തമാക്കി. പ്രതിഷേധം കനത്തതോടെ പ്രസംഗം അവസാനിപ്പിച്ച് മന്ത്രി റോജി എം ജോണ്‍ വേദി വിടുകയായിരുന്നു. വേദിയില്‍ നിന്ന് പുറത്തേക്ക് പോയ മന്ത്രിയെ പിന്തുടര്‍ന്നും വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പ്രതിഷേധം തുടരുകയും ചെയ്തു.പരിപാടി അലങ്കോലപ്പെടുത്താനല്ല വന്നതെന്ന് മിസ്രിയ പറഞ്ഞു. താനെന്ന ഒറ്റൊരാള്‍ക്ക് പരിപാടി മുടക്കാന്‍ എന്താണ് ചെയ്യാന്‍ സാധിക്കുകയെന്ന് മിസ്രിയ ചോദിച്ചു. തങ്ങള്‍ വെറും രണ്ട് നിമിഷം മാത്രമാണ് ചോദിച്ചത്. താന്‍ വളരെ സമാധാനപരമായാണ് മുന്നോട്ടുവന്നത്. സമാധാനപരമായി ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ അതിന് മറുപടി നല്‍കിയിരുന്നെങ്കില്‍ തങ്ങള്‍ അപ്പോള്‍ തന്നെ പോകുമായിരുന്നു. പരിപാടി തടയാന്‍ ഉദ്ദേശിച്ചിട്ടില്ല. ചോദ്യങ്ങള്‍ക്ക് മറുപടി മാത്രമാണ് തങ്ങള്‍ തേടിയത്. സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ എന്ത് തെറ്റ് ചെയ്തിട്ടാണ് അവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് മിസ്രിയ ചോദിച്ചു. മന്ത്രി പറഞ്ഞ ഒരു നുണപ്രചാരണത്തിന്റെ പേരിലാണ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാര്‍ത്ഥികള്‍ അപരിഷ്‌കൃത സമരങ്ങളാണ് നടത്തിയതെന്നാണ് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികള്‍ നടത്തിയ നാടകത്തെ വളച്ചൊടിച്ചു. സംഘപരിവാറിന്റെ അജണ്ടകളോട് കൂട്ടുനില്‍ക്കുന്ന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നതെന്നും മിസ്രിയ വിമര്‍ശിച്ചു.
ഇക്കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കാലടി സംസ്‌കൃത സര്‍വകലാശാലയിൽ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് പതിനാറ് വിദ്യാര്‍ത്ഥികളെ സസ്പെൻഡ് ചെയ്തത്. അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സസ്‌പെന്‍ഡ് ചെയ്യാനായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവർക്കെതിരെയായിരുന്നു നടപടി. വിസിയുടെ നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും എത്ര ദിവസമാണ് സസ്‌പെന്‍ഷന്‍ എന്നത് പോലും മെന്‍ഷന്‍ ചെയ്യാതെയാണ് സിൻഡിക്കേറ്റ്, സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തിരിക്കുന്നതെന്നും എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് അര്‍ച്ചന ആരോപിച്ചിരുന്നു.
ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികൾ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.






