പാലക്കാട്: പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ചാക്കുകൾക്കിടയിലൂടെയും ഷീറ്റുകളിലൂടെയും വലിഞ്ഞുകയറി 20 അടിയോളം ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയിലെത്തിയ പിഞ്ചുകുഞ്ഞിനെ നാട്ടുകാർ സാഹസികമായി രക്ഷപ്പെടുത്തി. പാലക്കാട് അലനല്ലൂർ എസ്റ്റേറ്റുപടി പ്രദേശത്ത് വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം നടന്നത്. അസം സ്വദേശികളായ ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ കുഞ്ഞാണ് തലനാരിഴയ്ക്ക് വൻ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്.
എസ്റ്റേറ്റുപടിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും തരംതിരിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ പരിസരത്തായിരുന്നു സംഭവം. ജോലി സമയം കഴിഞ്ഞ് തൊഴിലാളികൾ തിരികെ പോകാൻ ഒരുങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കളും സമീപവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന്റെ ഉയർന്ന മേൽക്കൂരയിൽ കുട്ടി നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. കെട്ടിടത്തിന്റെ ചുവരുകളോട് ചേർത്ത് കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് മാലിന്യച്ചാക്കുകളിലൂടെയും ചായ്ച്ചു വെച്ചിരുന്ന ഷീറ്റുകളിലൂടെയുമാണ് കുട്ടി മുകളിലേക്ക് കയറിയത്.
ഏകദേശം 20 അടി ഉയരമുള്ള ഷെഡിന്റെ മേൽക്കൂരയുടെ മധ്യഭാഗത്താണ് കുട്ടി നിന്നത്. മേൽക്കൂരയുടെ മറുവശത്ത് ഏകദേശം 30 അടിയോളം ആഴമുള്ള താഴ്ചയുണ്ടായിരുന്നതിനാൽ കുട്ടി കാൽതെറ്റി താഴേക്ക് വീഴുമോ എന്ന വലിയ ഭീതി നിലനിന്നു. കാഴ്ചകണ്ട് സമീപവാസികൾ ഓടിയെത്തിയെങ്കിലും വലിയ ഉയരമുള്ള മേൽക്കൂരയിൽ നിന്ന് കുട്ടിയെ എങ്ങനെ അപകടമില്ലാതെ താഴെയിറക്കുമെന്ന ആശങ്കയിൽ ആളുകൾ ഒരുനിമിഷം സ്തംഭിച്ചുനിന്നു.
എന്തുചെയ്യണമെന്നറിയാതെ ആളുകൾ നിന്ന നിർണായക ഘട്ടത്തിൽ അവിടെയുണ്ടായിരുന്ന നിർമാണത്തൊഴിലാളി രക്ഷാപ്രവർത്തനത്തിനായി സ്വയം മുന്നോട്ടുവരികയായിരുന്നു. അത്താണിപ്പടി നന്നങ്ങാടിക്കുന്ന് സ്വദേശിയായ ഷിഹാബാണ് സ്വന്തം സുരക്ഷ പോലും പരിഗണിക്കാതെ അതിസാഹസികമായി മേൽക്കൂരയിലേക്ക് കയറിയത്. ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ഇയാൾ കുഞ്ഞിനെ സുരക്ഷിതമായി കൈകളിലെടുത്ത് താഴെയെത്തിച്ചു. മകൾ അത്ഭുതകരമായി അപകടത്തിൽനിന്ന് രക്ഷപ്പെട്ടതോടെ സംഭവസ്ഥലത്തുണ്ടായിരുന്ന മാതാപിതാക്കളും നാട്ടുകാരും വലിയ ആശ്വാസത്തിലായി. ഷിഹാബിന്റെ ധീരമായ ഇടപെടലിനെ പ്രദേശവാസികൾ അഭിനന്ദിച്ചു.






