ദുബായ്∙ ഫ്ലൈ ദുബായ് വിമാനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത് മച്ഛറിനെ സഹപൈലറ്റ് കോടാലി ഉപയോഗിച്ച് ആക്രമിച്ചപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിച്ച പൈലറ്റുമാർക്ക് യുഎഇയുടെ ആദരം. പൈലറ്റുമാരിൽ ഒരാളായ റോവൻ ടൂത്ത് കഴിഞ്ഞ വർഷം അന്തരിച്ച ദക്ഷിണാഫ്രിക്കൻ മുൻ ക്രിക്കറ്റ് താരം ബാരി ടൂത്തിന്റെ മകനാണ്. രണ്ടാമത്തെ പൈലറ്റ് ഫിജിയിൽ നിന്നുള്ള ഹെൻസൺ സ്റ്റീവനും.
സെപ്റ്റംബർ 30ന് ഫ്ലൈ ദുബായ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നു ടൂത്തും ഹെൻസൺ സ്റ്റീവനും. മടക്കയാത്രയിൽ വിമാനം പറത്തേണ്ടിയിരുന്നത് ഇവരായിരുന്നു. എന്നാൽ ആക്രമണത്തെ തുടർന്ന് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത ഇരുവരും സൗദി അറേബ്യയിലെ വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇരുവരെയും യുഎഇ ഭരണകൂടം ആദരിച്ചു. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ക്യാപ്റ്റൻ മച്ഛറിനെയും യുഎഇ ആദരിച്ചിരുന്നു. റോവൻ ടൂത്ത് മുൻപ് ദക്ഷിണാഫ്രിക്കൻ എയർലൈനായ എയർലിങ്കിലാണ് ജോലി ചെയ്തിരുന്നത്. 2023 ലാണ് ഫ്ലൈ ദുബായിൽ ചേർന്നത്. ദക്ഷിണാഫ്രിക്കയിലെ നോർത്തേൺ കേപ്പിലെ കിംബർലി സ്വദേശിയാണ് .
ഫിജിയിൽ നിന്നുള്ള പൈലറ്റായ ഹെൻസൺ സ്റ്റീവൻ ഫ്ലൈ ദുബായിൽ ചേരുന്നതിന് മുൻപ് ഫിജി എയർവേയ്‌സിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. ദുബായിൽനിന്ന് ടെൽ അവീവിലേക്ക് പറക്കുകയായിരുന്ന വിമാനത്തിൽ വച്ചാണ് ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽ ഹമ്മാമി ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ഛറിനെ കോക്ക്പിറ്റിനുള്ളിൽ വച്ച് ആക്രമിച്ചത്. മച്ഛറിന് ഗുരുതരമായി പരുക്കേറ്റു. 30 സെക്കൻഡിനുള്ളിൽ വിമാനം 16,000 അടി താഴേക്ക് പതിച്ചു. സംഭവത്തിനിടെ വിമാനത്തിന് കേടുപാടുണ്ടായി. തുടർന്ന് സ്റ്റീവനും ടൂത്തും കോക്ക്പിറ്റിൽ പ്രവേശിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.








