കൊച്ചി: രാജ്യത്തെ ഏതൊരു പൗരനും മരണാനന്തരം അന്തസ്സോടെയുള്ള സംസ്കാരത്തിന് അർഹതയുണ്ടെന്നും സ്വത്ത് തർക്കങ്ങളുടെയോ കുടുംബ കലഹങ്ങളുടെയോ പേരിൽ അത് തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ലെന്നും കേരള ഹൈക്കോടതി. യുഎഇയിൽ 2025-ൽ മരണപ്പെടുകയും കുടുംബതർക്കങ്ങൾ കാരണം കഴിഞ്ഞ ഒന്നര വർഷമായി മൃതദേഹം ലാബിൽ സൂക്ഷിക്കേണ്ടി വരികയും ചെയ്ത 71-കാരന് ആദരവോടെയുള്ള സംസ്കാരം ഉറപ്പാക്കാൻ ഉത്തരവിട്ടുകൊണ്ടാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ സുപ്രധാന നിരീക്ഷണം.
കുടുംബാംഗങ്ങൾ തമ്മിലുള്ള തർക്കത്തിനപ്പുറം മൃതദേഹത്തിന് അന്തസ്സോടെയും നിയമപരമായും അന്ത്യവിശ്രമം ഒരുക്കുകയെന്നത് കോടതിയുടെ ഉത്തരവാദിത്തമായി കാണണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ മരണം അനിവാര്യമായി എത്തിച്ചേരുന്ന പൗരന് അന്തസ്സുള്ള സംസ്കാരം നൽകേണ്ടത് ബന്ധുക്കളുടെയും സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമയാണ്. ബന്ധുക്കൾ പരാജയപ്പെട്ടാൽ സമൂഹം ഇടപെടണം, സമൂഹം പരാജയപ്പെട്ടാൽ ഭരണകൂടം ഇടപെടണം. ഏതൊരു വ്യക്തിയുടെയും ഭൗതികശരീരം അന്തസ്സോടെ സംസ്കരിക്കപ്പെടണം. അതിൽ ‘പണക്കാരന്റെ മൃതദേഹമെന്നോ’ ‘പാവപ്പെട്ടവന്റെ മൃതദേഹമെന്നോ’ വ്യത്യാസമില്ലെന്ന് കോടതി നിരീക്ഷിച്ചു.
പരമാനന്ദ് കത്താറ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ചരിത്രപ്രസിദ്ധമായ വിധി പരാമർശിച്ച ഹൈക്കോടതി, മരണപ്പെട്ട വ്യക്തികളും അന്തസ്സും ആദരവും അർഹിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഹർജിക്കാരനോ എതിർകക്ഷികളോ സ്വത്തിന് വേണ്ടിയാണ് തർക്കിക്കുന്നതെങ്കിൽ, അത് യോഗ്യമായ സിവിൽ കോടതികളിൽ തീർപ്പാക്കേണ്ടതാണ്. അത്തരം സ്വത്ത് തർക്കങ്ങൾ മാന്യമായ സംസ്കാരത്തിന് യാതൊരു കാരണവശാലും തടസ്സമാകാൻ പാടില്ലെന്ന് ഹൈക്കോടതി ഓർമ്മിപ്പിച്ചു.






