തിരൂർ ∙ പൂത്തിരിയുടെ മാത്രം നാളുകളല്ല ദീപാവലി. മധുരത്തിന്റേയുമാണ്. വിലക്കയറ്റം അങ്ങേയറ്റമെത്തുമ്പോഴും ദീപാവലിക്കാലത്തെ മധുരവിപണി സജീവമാണ്. സാധാരണ ലഡു മുതൽ ബർഫിയും പേഡയും വരെ വാങ്ങാൻ വിപണിയിൽ തിരക്കാണ്. ലഡു തന്നെ പലതരമാണ്. 280 രൂപ വിലയുള്ള സാധാരണ ലഡു, 340 രൂപ വിലയുള്ള സ്പെഷൽ ലഡു, 440 രൂപ വിലയുള്ള നെയ്യ് ലഡു എന്നിങ്ങനെ മഞ്ഞയും ചുവപ്പും നിറത്തിൽ ലഡു തയാർ. മൈസൂർപാക്കാണ് ദീപാവലി സ്പെഷൽ.
സാധാരണ മൈസൂർപാക്കിന് 340 രൂപയാണെങ്കിൽ ഗീ മൈസൂർപാക്കിനും മിൽക് മൈസൂർ പാക്കിനും വില 640 രൂപയാണ്. മധുരത്തിലും രുചിയിലും കാര്യമായ മാറ്റമുണ്ട്. ഗുലാബ് ജാമുൻ, രസഗുള, മിൽക് കേക്ക്, ജിലേബി, കാജു കത്‍ലി, ബാദുഷ, അതിരസം…. ദീപാവലി മധുരം അങ്ങനെ പോകുന്നു. 450 ഗ്രാം തൂക്കം വരുന്ന സ്വീറ്റ് ബോക്സിന് 290 രൂപയും അതിലേറെയും വിലയിട്ട് വിൽക്കുന്നവരുണ്ട്.
ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്ന് മധുര വിഭവങ്ങൾ എത്തിക്കുന്നവരുമുണ്ട്. ഇവയ്ക്ക് വിലയും കൂടുതലാണ്. മധുരസാധനങ്ങൾ വാങ്ങാൻ തിരക്കേറിയതായി തിരൂരിലെ ബേക്കറി ഉടമ പി.ഷാജി പറഞ്ഞു.






