കൊച്ചി ∙ ഓൺലൈൻ ഓഹരി കച്ചവടത്തിന്റെ പേരിൽ നടന്ന തട്ടിപ്പിൽ ദുബായ് മലയാളിക്ക് നഷ്ടപ്പെട്ടത് 2.11 കോടി രൂപ. ദുബായിൽ ജോലി ചെയ്യുന്ന എറണാകുളം കുന്നത്തുനാട് സ്വദേശിക്കാണ് പണം നഷ്ടമായത്. സംഭവത്തിൽ എറണാകുളം റൂറൽ സൈബർ ക്രൈം പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കുന്നത്തുനാട് സ്വദേശിയുടെ സുഹൃത്തായ മാവേലിക്കര സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഇന്റർനെറ്റിൽ കണ്ട ഒരു അംഗീകൃത ഓഹരി ട്രേഡിങ് കമ്പനിയുടെ വെബ്‌സൈറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തുടർന്ന്, പ്രവാസിയെ ഒരു ടെലിഗ്രാം ഗ്രൂപ്പിൽ ചേർത്തു. ട്രേഡിങ് കമ്പനിയുടെ മാതൃകമ്പനിയാണ് എന്നു പറഞ്ഞ് അതേ പേരിലുള്ള വ്യാജ വെബ്സൈറ്റിന്റെ ലിങ്ക് നൽകി. ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് കമ്പനിയുടെ ആപ്പിൽ ലോഗിൻ ചെയ്യിപ്പിച്ചു.
പണമിടപാടുകൾക്കായി തട്ടിപ്പുകാർ തന്നെ ഒരു ഫോൺ നമ്പറും ടെലിഗ്രാം ചാനലും പ്രവാസിക്ക് നൽകി. തുടർന്ന് തട്ടിപ്പുകാർ നിർദേശിച്ച വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 2025 ഒക്ടോബർ 9 മുതൽ നവംബർ 26 വരെയുള്ള കാലയളവിൽ പണം അയയ്ക്കുകയായിരുന്നു. 2.11 കോടിയിലധികം രൂപ പ്രവാസി കൈമാറി. എന്നാൽ, മുതലോ വാഗ്ദാനം ചെയ്ത ലാഭമോ തിരികെ നൽകിയില്ല.
അംഗീകൃത ട്രേഡിങ് കമ്പനിയുടെ മാതൃകയിൽ വ്യാജ വെബ്സൈറ്റും ആപ്പുമുണ്ടാക്കിയാണ് തട്ടിപ്പുകാർ പണം തട്ടിച്ചത് എന്നാണ് റൂറൽ സൈബർ പൊലീസിന്റെ പ്രാഥമിക നിഗമനം. മുൻപും ഇത്തരത്തിലുള്ള തട്ടിപ്പിലൂടെ കോടിക്കണക്കിന് രൂപയുടെ നഷ്ടം മലയാളികൾക്ക് സംഭവിച്ചിട്ടുണ്ട്. കൊച്ചി സ്വദേശിയായ വ്യവസായിക്ക് 24.7 കോടി രൂപയാണ് ഇതേ മാതൃകയിലുള്ള തട്ടിപ്പിലൂടെ കഴിഞ്ഞ വർഷം നഷ്ടമായത്. ഈ കേസിൽ ഹൈദരാബാദ് സ്വദേശിയടക്കം ഏതാനും പേർ പിടിയിലായിരുന്നു. കുന്നത്തുനാട് സ്വദേശിക്ക് പണം നഷ്ടമായ കേസിൽ ബിഎൻഎസ് 318 (4), ഐടി നിയമത്തിലെ 66 (ഡി) എന്നിവ ചുമത്തി.





