തിരുവനന്തപുരം: നിയമന വിവാദങ്ങൾക്ക് പിന്നാലെ നെയ്യാറ്റിൻകര, പാറശ്ശാല സർക്കാർ ആശുപത്രികളിലെ സൂപ്രണ്ടുമാരെ മാറ്റി. തമിഴ്നാട് വിളവങ്കോട് എംഎൽഎ ടി.ടി. പ്രവീണിന്റെ സഹോദരി ഡോ. പ്യാരിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രി സൂപ്രണ്ടായി നിയമിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്.
ഡോ. വിനീത് വി.എൻ ആണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പുതിയ സൂപ്രണ്ട്. ഡോ. ലിപ്സി പോളിനെ പാറശ്ശാല താലൂക്ക് ആശുപത്രി സൂപ്രണ്ടായും നിയമിച്ചിട്ടുണ്ട്. ഭരണസൗകര്യാർത്ഥമാണ് ഈ സ്ഥലംമാറ്റങ്ങളെന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഡോ. പ്യാരിയെ, മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് സ്വന്തം നാട്ടിൽ തന്നെ നിയമിച്ചത് അനധികൃതമാണെന്ന ആക്ഷേപം നേരത്തെ തന്നെ ശക്തമായി ഉയർന്നിരുന്നു.






