വിദ്യാർത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിനായി സ്കൂളുകളിൽ പ്രത്യേക റിസോഴ്സ് പേഴ്സൺമാരെ നിയമിക്കാൻ കർണാടക സർക്കാർ. ‘സമഗ്ര ശിക്ഷണ കർണാടക’ പദ്ധതിക്ക് കീഴിൽ സ്കൂൾ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പാണ് ഈ പുതിയ സംരംഭം നടപ്പിലാക്കുന്നത്.
വിദ്യാർത്ഥികളിലെ പരീക്ഷാ ഭയം, മാനസിക സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ലഘൂകരിക്കുന്നതിനും ആവശ്യമായ മാനസിക പിന്തുണ നൽകുന്നതിനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. “ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും” എന്ന് ചൂണ്ടിക്കാട്ടിയ അധികാരികൾ, സ്കൂളുകളിൽ തുറന്ന സംഭാഷണത്തിനും പരസ്പര വിശ്വാസത്തിനും അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിലൂടെ കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കാനാകുമെന്ന് വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി, സംസ്ഥാനത്തെ സ്കൂൾ ശൃംഖലകളിലുടനീളം പരിശീലനം ലഭിച്ച കൗൺസിലർമാരെ (റിസോഴ്സ് പേഴ്സൺമാരെ) വിന്യസിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് എക്സിലൂടെ അറിയിച്ചു. സമയബന്ധിതമായ മനഃശാസ്ത്ര കൗൺസിലിംഗും വൈകാരിക മാർഗ്ഗനിർദ്ദേശവും നൽകുന്നതിലൂടെ കർണാടകയിലുടനീളം കൂടുതൽ സഹാനുഭൂതിയുള്ള ഒരു വിദ്യാഭ്യാസ അന്തരീക്ഷം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.







