ശ്രീനഗർ ∙ ജമ്മു കശ്മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടലിൽ ഉന്നത ലഷ്കറെ തയിബ കമാൻഡർ ലത്തീഫ് ഭട്ടിനെ സൈന്യം വധിച്ചു. നവംബർ 11ന് സിആർപിഎഫ് ചെക്ക്‌പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചത് ഭട്ടാണ്. ഭട്ടിന്റെ ഒളിത്താവളം വളഞ്ഞ സുരക്ഷാ സേന, വിഡിയോ കോൾ ചെയ്ത് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ‘ഞങ്ങൾ നിങ്ങൾക്കൊപ്പമുണ്ട്’–ഒരു ഉദ്യോഗസ്ഥൻ ഭട്ടിനോട് വിഡിയോ കോളിൽ പറഞ്ഞു. കീഴടങ്ങാൻ ഭട്ട് തയാറായില്ല. തുടർന്ന്, ഏറ്റുമുട്ടലിൽ സൈന്യം ഭട്ടിനെ വധിച്ചു.
കുൽഗാമിൽ കഴിഞ്ഞദിവസം കൊല്ലപ്പെട്ട ഭീകരൻ ഉമർ നിസാർ ദർ 6 മാസത്തോളം ലഷ്കർ കമാൻഡർ ലത്തീഫ് ഭട്ടിനെ ഒളിവിൽ താമസിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. കഴിഞ്ഞ ബുധനാഴ്ച കുൽഗാമിൽ സിആർപിഎഫ് പോസ്റ്റ് ആക്രമിച്ചത് ഇരുവരും ചേർന്നായിരുന്നു. ലാറു ബൈപ്പാസിനു സമീപം ഇവർ ഒളിച്ചിരുന്ന സ്കൂൾ കെട്ടിടം വളഞ്ഞാണ് സുരക്ഷാസേന ഉമറിനെ വധിച്ചത്. സൂത്രധാരനായ ലത്തീഫ് ഭട്ട് വെടിയേറ്റെങ്കിലും കടന്നുകളയുകയായിരുന്നു. ഡ്രോണുകളുടെ സഹായത്തോടെയാണ് ഭട്ടിനായി തിരച്ചിൽ നടത്തിയത്.
പാക്ക് ഭീകരസംഘടനയായ ലഷ്കറെ തയിബയുടെ ഭാഗമായ ദ് റെസിസ്റ്റന്റ് ഫ്രണ്ടിൽ അടുത്തിടെയാണ് ഉമർ ചേർന്നത്. ഉമറിനെ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. ഈ മാസം 11ന് അഖ്റൻ ഗ്രാമത്തിലെ സിആർപിഎഫ് പോസ്റ്റിനു നേരെ നടന്ന ആക്രമണത്തിൽ 3 സൈനികർക്ക് പരുക്കേറ്റിരുന്നു.







