ടേക്ക് ഓഫിന് തൊട്ടുമുമ്പ് യന്ത്രത്തകരാർ കണ്ടെത്തിയതിനെത്തുടർന്ന് പൈലറ്റ് റൺവേയിൽ തന്നെ സഡൻ ബ്രേക്കിട്ട് ഇൻഡിഗോ വിമാനം നിർത്തുകയും തുടർന്ന് സർവീസ് റദ്ദാക്കുകയും ചെയ്തു. തിങ്കളാഴ്ച വൈകിട്ട് 6.10-ന് മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനമാണ് അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. 229 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. സാങ്കേതിക പ്രശ്നങ്ങൾ കാരണം വിമാനം പറക്കാൻ യോഗ്യമല്ലെന്ന് മനസ്സിലാക്കിയ പൈലറ്റ് ഉടൻ തന്നെ സഡൻ ബ്രേക്കിട്ട് വിമാനം നിർത്തുകയായിരുന്നു. പൈലറ്റിന്റെ കൃത്യസമയത്തുള്ള ഇടപെടലിലൂടെ വൻ ആകാശദുരന്തമാണ് ഒഴിവായത്.
സംഭവത്തിന് പിന്നാലെ യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്തിറക്കുകയും, വിമാനം റൺവേയിൽ നിന്ന് പാർക്കിങ് ബേയിലേക്ക് മാറ്റി എൻജിനിയറിങ് വിഭാഗം വിശദമായ പരിശോധന നടത്തുകയും ചെയ്തു. എൻജിൻ പ്രവർത്തനത്തിലുണ്ടായ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. യാത്ര മുടങ്ങിയവർക്കായി വിമാനത്താവള അധികൃതർ ഉടൻ തന്നെ താമസമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കി നൽകി. കൂടാതെ, അടിയന്തരമായി യാത്ര ചെയ്യേണ്ട 34 പേരെ രാത്രി 12.10-ന് മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിലേക്ക് എത്തിച്ചതായും അധികൃതർ വ്യക്തമാക്കി.







