ന്യൂഡൽഹി ∙ 2025 ജൂണിൽ 260 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചുള്ള അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. അപകടത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രം കൂടുതൽ സമയം തേടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനു മുന്നിലാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യാന്തര പ്രോട്ടോക്കോളുകൾ പാലിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്നും, മനഃപൂർവം വൈകിപ്പിക്കേണ്ട യാതൊരു സാഹചര്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ കോടതി തീരുമാനിച്ചു.
വിമാനത്തിന്റെ ക്യാപ്റ്റനായിരുന്ന സുമീത് സബർവാളിന്റെ പിതാവ് പുഷ്കർ രാജ് സബർവാൾ നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. അന്തിമ അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടി. 2026 ഒക്ടോബർ ആദ്യവാരത്തോടെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നേരത്തെ കോടതിയെ അറിയിച്ചിരുന്നെങ്കിലും ആ സമയപരിധി കഴിഞ്ഞിട്ടും റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.
2025 ജൂൺ 12ന് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിങ് 787 ഡ്രീംലൈനർ വിമാനം ടേക്ക് ഓഫിനു തൊട്ടുപിന്നാലെ തകർന്നു വീഴുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും, വിമാനം വീണ സ്ഥലത്തുണ്ടായിരുന്ന 19 പേരും ഉൾപ്പെടെ 260 പേരാണ് ദുരന്തത്തിൽ മരിച്ചത്.
എൻജിനുകളിലേക്കുള്ള ഇന്ധന വിതരണം വിച്ഛേദിച്ചത് തന്റെ മകനാണെന്ന തരത്തിൽ എഎഐബി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോൾ സൂചന നൽകിയെന്ന് ആരോപിച്ചാണ് ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് അന്വേഷണത്തെ ചോദ്യം ചെയ്തത്. കോക്ക്പിറ്റ് വോയ്സ് റെക്കോർഡറിന്റെ പകർപ്പ് തയാറാക്കിയതായും, അന്വേഷണത്തിന്റെ ഭാഗമായി സൈക്കോളജിക്കൽ ഓട്ടോപ്സി നടത്തിയതായും എഎഐബി നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. കരട് റിപ്പോർട്ട് തയാറാക്കി പങ്കാളികളായ മറ്റ് രാജ്യങ്ങളുടെ അഭിപ്രായങ്ങൾ കൂടി തേടിയ ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിക്കുക. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വ്യക്തത അന്തിമ റിപ്പോർട്ടിലൂടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.







