അബുദാബി ∙ ഫുജൈറ വാഹനാപകടത്തിൽ മരിച്ച ഗുജറാത്ത് സ്വദേശി ആത്തിഫ് മുഹമ്മദ് ഇംറാൻ മൻസൂറിന്റെ (13) മൃതദേഹം ഫുജൈറയിൽ കബറടക്കി. പരുക്കേറ്റ് ആശുപത്രിയിലുള്ള മാതാപിതാക്കളും 15 വയസ്സുകാരിയായ സഹോദരിയും ആത്തിഫിന്റെ മരണവിവരം അറിഞ്ഞിട്ടില്ല. ഇവരുടെ ആരോഗ്യനില കണക്കിലെടുത്തു തൽക്കാലം വിവരം അറിയിക്കേണ്ടെന്നു ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടു നടന്ന കബറടക്ക ചടങ്ങിൽ വിവിധ രാജ്യക്കാരായ ഒട്ടേറെ പേർ എത്തിയിരുന്നു.
നവംബർ 12നു ഫുജൈറ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലാണു കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. 14 പേർ മരിക്കുകയും 30 പേർക്കു പരുക്കേൽക്കുകയും ചെയ്ത അപകടത്തിൽ മരിച്ച നാലാമത്തെ ഇന്ത്യക്കാരനാണ് ആത്തിഫ്.
നവംബർ ആറിനാണ് ആത്തിഫും കുടുംബവും വിനോദസഞ്ചാരത്തിനായി യുഎഇയിലെത്തിയത്. ആത്തിഫിന്റെ മരണവിവരമറിഞ്ഞ് ഇന്ത്യയിൽ നിന്നെത്തിയ രണ്ട് അമ്മാവന്മാരാണു സംസ്കാരച്ചടങ്ങുകൾക്കു നേതൃത്വം നൽകിയത്.







