അബുദാബി ∙ ബിഗ് ടിക്കറ്റിന്റെ നവംബർ മാസത്തെ ആദ്യ ആഴ്ചയിലെ ഇ-ഡ്രോയിൽ മലയാളി ഉൾപ്പെടെ നാലുപേർക്ക് 25,000 ദിർഹം (ഏകദേശം ആറര ലക്ഷത്തോളം രൂപ) വീതം സമ്മാനം. ഇറാഖ്, ഫിലിപ്പീൻസ്, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ഭാഗ്യശാലികളാണ് ആകെ ഒരു ലക്ഷം ദിർഹത്തിന്റെ സമ്മാനം പങ്കിട്ടത്. വർഷങ്ങളായി ടിക്കറ്റെടുക്കുന്ന സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് സ്വന്തം പേരിൽ ആദ്യമായി എടുത്ത ടിക്കറ്റിലാണ് മലയാളി യുവതിയെ തേടി വൻ ഭാഗ്യമെത്തിയത്.
അപ്രതീക്ഷിത ജയം വിശ്വസിക്കാനാകാതെ ആർദ്ര
ഷാർജയിൽ താമസിക്കുന്ന മലയാളിയായ ആർദ്ര കിഴക്കേ ചേത്തിൽ (27) എന്ന ബിൽഡിങ് അഡ്മിനിസ്ട്രേറ്റർക്ക് ബിഗ് ടിക്കറ്റിൽ നിന്നെത്തിയ ആ ഫോൺ കോൾ വലിയൊരു അദ്ഭുതമായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിനിധികൾ വിളിച്ചപ്പോൾ തമാശ പറയുകയാണെന്നാണ് ഈ യുവതി ആദ്യം കരുതിയത്. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് താൻ സമ്മാനാർഹയായ വിവരം വിശ്വസിച്ചത്.
ഒരു വർഷം മുൻപാണ് ആർദ്ര ഭർത്താവിനൊപ്പം ഷാർജയിലെത്തിയത്. ഭർത്താവും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വർഷങ്ങളായി നിരന്തരം ബിഗ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നു. ഇത്തവണ ഭർത്താവും 9 സുഹൃത്തുക്കളും അടങ്ങുന്ന 10 അംഗ സംഘത്തോടൊപ്പം ആർദ്രയും പങ്കാളിയാവുകയും ആദ്യമായി ആർദ്രയുടെ പേരിൽ ടിക്കറ്റ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. റാൻഡം സിസ്റ്റം വഴി തിരഞ്ഞെടുത്ത ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
വർഷങ്ങളായി ടിക്കറ്റെടുക്കുന്ന ഗ്രൂപ്പിന് ആദ്യമായി ലഭിച്ച ഈ വിജയത്തിന്റെ സന്തോഷം ഭർത്താവിനോടും കൂട്ടുകാരോടുമൊപ്പം ആഘോഷിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആർദ്ര. സമ്മാനത്തുക ഗ്രൂപ്പിലെ എല്ലാവരും തുല്യമായി വീതിക്കും. തന്റെ വിഹിതം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അടുത്ത നറുക്കെടുപ്പിനുള്ള ടിക്കറ്റ് ഇതിനകം എടുത്തു കഴിഞ്ഞുവെന്നും ആർദ്ര പറഞ്ഞു.
ചെന്നാ സ്വദേശിക്കും കിട്ടി ലക്ഷങ്ങൾ
തമിഴ് നാട്ടുകാരനായ സൂസൈരാജ് ബസ്കി രാജൻ ആണ് മറ്റൊരു വിജയി. ചെന്നൈ സ്വദേശിയും 30 വർഷമായി ദുബായിൽ ബിസിനസ് നടത്തുകയും ചെയ്യുന്ന 55 കാരനായ സൂസൈരാജ് തനിക്ക് എന്നെങ്കിലും ഭാഗ്യം തുണയ്ക്കുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു. 4 വർഷമായി ഒറ്റയ്ക്ക് ടിക്കറ്റെടുക്കുന്ന അദ്ദേഹത്തിന്റെ ആദ്യ ജയമാണിത്. സമ്മാനത്തുക ചാരിറ്റി പ്രവർത്തനങ്ങൾക്കും പള്ളികൾ വഴി സൗജന്യ ഭക്ഷണ വിതരണത്തിനുമായി ഉപയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ദുബായിൽ മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്യുന്ന ഫില്പ്പീൻസ് സ്വദേശി ജേഡ് പൻസലാൻ പിതാവിന്റെയും അമ്മാവന്റെയും ഒപ്പം എടുത്ത ടിക്കറ്റിലൂടെയാണ് സമ്മാനം നേടിയത്. ക്രിസ്മസ് ആഘോഷങ്ങൾക്കായി കുടുംബത്തിന് സമ്മാനങ്ങൾ വാങ്ങാൻ തുക ഉപയോഗിക്കും.
യുഎഇയിൽ താമസിക്കുന്ന ഇറാഖി സ്വദേശിയായ റാൻദ് ഫത്താഹാണ് നാലാമത്തെ വിജയി. ഈ മാസം 11-ന് എടുത്ത 280060 എന്ന ടിക്കറ്റ് നമ്പറിലൂടെയാണ് 25,000 ദിർഹം നേടിയത്.
www.bigticket.ae വഴി ഓൺലൈനായോ അബുദാബി, അൽ ഐൻ വിമാനത്താവളങ്ങളിലെയും മൊറാഫിഖ് കേന്ദ്രങ്ങളിലെയും കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ ലഭ്യമാണ്.








